കേന്ദ്ര സർക്കാർ നടപ്പാക്കുന്നത് പൗരത്വ ‘വിഭജന’ നിയമം: സാദിഖലി ശിഹാബ് തങ്ങൾ
Mail This Article
കോഴിക്കോട്∙ പൗരത്വ ‘ഭേദ ഗതി’ നിയമം എന്ന പേരിൽ പൗരത്വ ‘വിഭജന’ നിയമം നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ രാപകൽ മാർച്ചിന്റെ സമാപന സമ്മേളനം കോഴിക്കോട് കടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ തെരുവുകളിലെ മുല്ലപ്പൂ വിപ്ലവം ഒരു കൊടുങ്കാറ്റായി മാറുകയാണ്. ഈ കാറ്റിൽ അടി തെറ്റിയാൽ ആന മാത്രമല്ല അമിത് ഷായും വീഴും. മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുന്നവർ മനുഷ്യരല്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷനായിരുന്നു.
മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി, കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശൻ എംഎൽഎ, ലീഗ് ദേശീയ ട്രഷറർ പി.വി.അബ്ദുൽ വഹാബ് എംപി, ജനറൽ സെക്രട്ടറി കെ.പി.എ.മജീദ്, യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ.ഫിറോസ്, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരായ കെ.എം.ഷാജി എംഎൽഎ, എൻ.ഷംസുദ്ദീൻ എംഎൽഎ, പി.എം.സാദിഖലി, യൂത്ത് ലീഗ് ദേശീയ ജന. സെക്രട്ടറി സി.കെ.സുബൈർ, എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടി.പി.അഷ്‌റഫലി, തുടങ്ങിയവർ പ്രസംഗിച്ചു.
മലപ്പുറത്തെ പൂക്കോട്ടൂരിൽ നിന്ന് ഞായറാഴ്ച ആരംഭിച്ച കാൽനട യാത്രയുടെ രണ്ടാം ദിവസത്തെ പരിപാടികൾ ഫറോക്ക് ചുങ്കത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ.മജീദ് ഉദ്ഘാടനം ചെയ്തു. 50 കിലോമീറ്റർ സഞ്ചരിച്ചാണ് കോഴിക്കോട് കടപ്പുറത്ത് സമാപിച്ചത്.