ADVERTISEMENT

േകാട്ടയം ∙ കേരളത്തിലെ ഏറ്റവും മികച്ച കാർഷികപ്രതിഭയ്ക്കുള്ള മലയാള മനോരമയുടെ ‘കർഷകശ്രീ 2020’ പുരസ്കാരം പാലക്കാട് കമ്പാലത്തറ കന്നിമാരി താഴത്ത് വീട്ടിൽ കെ. കൃഷ്ണനുണ്ണിക്ക് (53). മൂന്നു ലക്ഷം രൂപയും സ്വർണപ്പതക്കവും പ്രശസ്തിപത്രവും ഉൾപ്പെടുന്ന അവാർഡ് 2 വർഷത്തിലൊരിക്കലാണു നൽകുന്നത്.

പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ജനുവരി 22 മുതൽ 26 വരെ നടക്കുന്ന കർഷകശ്രീ കാർഷികമേളയിൽ അവാർഡ് സമ്മാനിക്കുമെന്നു മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു അറിയിച്ചു.

വിഖ്യാത കൃഷിശാസ്ത്രജ്ഞൻ ഡോ.എം.എസ്. സ്വാമിനാഥൻ അധ്യക്ഷനും ഇന്റർനാഷനൽ റിസർച് ആൻഡ് ട്രെയിനിങ് സെന്റർ ഫോർ ബിലോ സീ ലെവൽ ഡയറക്ടർ ഡോ. കെ.ജി. പദ്മകുമാർ, കേരള വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. എം.ആർ. ശശീന്ദ്രനാഥ്, കേരള കാർഷിക സർവകലാശാല ഡയറക്ടർ ഓഫ് റിസർച് ഡോ. പി. ഇന്ദിരാദേവി, മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു എന്നിവർ അംഗങ്ങളുമായ വിധിനിർണയ സമിതിയാണു കൃഷ്ണനുണ്ണിയെ തിരഞ്ഞെടുത്തത്.

ഭക്ഷ്യവിളകൾക്കുള്ള ഊന്നൽ, വെള്ളം ഉൾപ്പെടെയുള്ള പ്രകൃതിവിഭവങ്ങൾ വിനിയോഗിക്കുന്നതിലെ കരുതൽ, ജൈവ വൈവിധ്യം, കൃഷിയിലൂടെയുള്ള സുസ്ഥിര വരുമാനം എന്നിവ കൃഷ്ണനുണ്ണിയുടെ മികവുകളായി വിധിനിർണയ സമിതി ചൂണ്ടിക്കാട്ടി. പെരുമാട്ടി പഞ്ചായത്ത് കൃഷി ഓഫിസർ എ. ലിബി ആന്റണിയാണ് അദ്ദേഹത്തെ നാമനിർദേശം ചെയ്തത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 121 നാമനിർദേശങ്ങളാണു ലഭിച്ചത്. ആദ്യ സൂക്ഷ്മപരിശോധനയ്ക്കു ശേഷം തിരഞ്ഞെടുക്കപ്പെട്ട 17 പേരുടെ കൃഷിയിടവും കൃഷിരീതികളും വിദഗ്ധ സംഘം നേരിട്ടു പരിശോധിച്ചു. കൃഷ്ണനുണ്ണിക്കു പുറമേ വയനാട് ചീരാൽ പാലയൂർ ജോയി, കോട്ടയം ളാക്കാട്ടൂർ വാക്കയിൽ ജെ. ജോയിമോൻ, ഇടുക്കി രാജകുമാരി ഇടക്കുന്നേൽ ഷാജി അഗസ്റ്റിൻ, പാലക്കാട് അഗളി പുത്തൻപുരയിൽ പി.എം. മാത്യു എന്നിവരും അന്തിമ പട്ടികയിൽ ഇടം നേടി. 

English summary: Manorama Karshakasree award winner 2019

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com