മതനിരപേക്ഷ ചിന്തകൾ ഉറപ്പാക്കാൻ ഗുരുസ്മരണ പ്രധാനമെന്നു കടകംപള്ളി
Mail This Article
വർക്കല∙ ലക്ഷക്കണക്കിന് തീർഥാടകരുടെ പങ്കാളിത്തത്തോടെ ശ്രദ്ധേയമായ 87-ാം ശിവഗിരി തീർഥാടനത്തിന് സമാപനം. ശ്രീനാരായണ ഗുരുദേവന്റെ പവിത്ര സാന്നിധ്യം അനുഭവിച്ചറിഞ്ഞ് തീർഥാടകർ ശിവഗിരി വിട്ടു. സമാപന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ മതവെറിയുടെ കുടില നീക്കങ്ങൾക്കെതിരെ നിലകൊള്ളാൻ ശിവഗിരിക്കും തീർഥാടകർക്കും ബാധ്യതയുണ്ടെന്നു മന്ത്രി പറഞ്ഞു. മതനിരപേക്ഷ ചിന്തകൾ ഉറപ്പാക്കാൻ ഗുരുദേവന്റെ ചിന്തകളും സ്മരണകളും എക്കാലവും നിലനിർത്തണമെന്നും കടകംപള്ളി സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന ഗുരുമന്ത്രം ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉടലെടുക്കുകയാണെന്ന ആശങ്ക വർധിച്ചതായി അധ്യക്ഷത വഹിച്ച മന്ത്രി എംഎം മണി പറഞ്ഞു.
ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, വി.ജോയി എംഎൽഎ, ബി.സത്യൻ എംഎൽഎ, ടി.പി.സെൻകുമാർ, അരയക്കണ്ടി സന്തോഷ്, വർക്കല കഹാർ, ടി.വി.രാജേന്ദ്രൻ, കെ.ചന്ദ്രബോസ്, സ്വാമി വിശാലാനന്ദ തുടങ്ങിയവർ പ്രസംഗിച്ചു.
ഗുരുവിനെ പാർശ്വവൽക്കരിക്കാൻ ശ്രമമെന്ന് സാന്ദ്രാനന്ദ
പാഠപുസ്തക സിലബസിലും പരീക്ഷാ ചോദ്യങ്ങളിലും ഗുരുദേവനെതിരെ ചിലർ നൽകുന്ന തെറ്റായ വ്യാഖ്യാനങ്ങളെ എതിർക്കാൻ ആരും തയാറാകാത്തത് ഗുരുവിനെ പാർശ്വവൽക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു കരുതുന്നതായി ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ. ഇതു പുതിയ തലമുറയ്ക്കു മുന്നിൽ തെറ്റായ സന്ദേശമാണ് നൽകുന്നത് – അദ്ദേഹം പറഞ്ഞു.