ADVERTISEMENT

പാറശാല∙ തമിഴ്നാട് എസ്എസ്ഐയെ ചെക്പോസ്റ്റിൽ കയറി വെടിവച്ചും വെട്ടിയും കെ‍ാന്ന കേസിലെ പ്രതികൾ സംഭവദിവസം നെയ്യാറ്റിൻകരയിൽ ചെലവിട്ടത് 7 മണിക്കൂറോളം.

കെ‍ാലയ്ക്കു കൂടുതൽ പേരുടെ സഹായം ലഭിച്ചതിനുള്ള സാധ്യതയാണു നെയ്യാറ്റിൻകരയിലെ മണിക്കൂറുകൾ നീണ്ട ഇവരുടെ സാന്നിധ്യം വ്യക്തമാക്കുന്നത്.

സിസിടിവി ദ്യശ്യങ്ങൾ പിന്തുടർന്നു നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച ഉച്ചയ്ക്കു 2.10 നാണ് നെയ്യാറ്റിൻകര ടിബി ജം‍ക്‌ഷനു സമീപം ഇരുവരും നിൽക്കുന്നത്. അന്നു പണിമുടക്കായതിനാൽ ഭക്ഷണം എവിടെ ലഭിക്കുമെന്നു പ്രദേശവാസിയായ ജാഫറിനോട് ഇവർ തിരക്കിയിരുന്നു.

8 മണിയോടെ ഡിപ്പോ ജം‌ക്‌ഷനിൽ നിന്നു ക്ഷേത്ര ജംക്‌ഷൻ വരെ പോയ പ്രതികൾ തിരിച്ച് 8.52ന് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംക്‌ഷനിൽ നിന്ന് ഒ‍ാട്ടോയിൽ കയറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഒ‍ാട്ടോയിൽ യാത്ര ചെയ്യുമ്പോൾ ഇവർ പരസ്പരം കാര്യമായി സംസാരിച്ചിരുന്നില്ല.

ഒ‍ാട്ടത്തിനു കൂലിയായി 400 രൂപ ആവശ്യപ്പെട്ട ഡ്രൈവർക്ക് 500 രൂപ നൽകി. കളിയിക്കാവിളയിൽ 9.15ന് ഇറങ്ങിയവർ 9.25ന് കൃത്യം നടത്തി രക്ഷപ്പെടുകയായിരുന്നു.

പ്രതികൾ പിടിയിലായതോടെ സഹായം നൽകിയവരെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ ലഭ്യമായേക്കും. പതിവു തീവ്രവാദ ആക്രമണങ്ങളിൽ നിന്നു വ്യത്യസ്തമായി പ്രഫഷനൽ രീതിയിലല്ല പ്രതികൾ കൃത്യം നടപ്പാക്കിയതെന്നു പെ‍ാലീസ് വിലയിരുത്തുന്നു.

റോഡരികിലെ സിസിടിവികളെ അവഗണിച്ചു മുഖം വ്യക്തമാകുന്ന രീതിയിൽ സംഭവസ്ഥലത്തും സമീപത്തും ഇവർ മണിക്കൂറുകൾ ചെലവിട്ടിരുന്നു.

അക്രമം നടത്തിയ സ്ഥലം ജനവാസ മേഖലയായിട്ടും രക്ഷപ്പെടാൻ വാഹനം ഉപയോഗിക്കാതിരുന്നതും വീഴ്ചയായി പൊലീസ് കരുതുന്നു.

പെ‍ാലീസിനു നേർക്കുണ്ടായ ആക്രമണത്തോടെ തീവ്രസ്വഭാവമുള്ള മതസംഘടനകൾക്കു തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിൽ ശക്തമായ വേരോട്ടമുണ്ടെന്ന സൂചനകളാണു പുറത്തുവരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com