കർഷകശ്രീ കാർഷികമേള തുടങ്ങി;പുരസ്കാര സമർപ്പണം ഇന്ന്
Mail This Article
പാലക്കാട് ∙ കാർഷിക കേരളത്തിന്റെ അഭിമാനമായ മലയാള മനോരമ ‘കർഷകശ്രീ’ പുരസ്കാരം ഇന്നു വൈകിട്ട് 4നു കമ്പാലത്തറ കന്നിമാരി താഴത്തു വീട്ടിൽ കെ. കൃഷ്ണനുണ്ണിക്കു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിക്കും. ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കർഷകശ്രീ കാർഷികമേളയിൽ സജ്ജീകരിച്ച വേദിയിൽ വൈകിട്ടു നാലിനാണു പുരസ്കാര സമർപ്പണം. കേന്ദ്രമന്ത്രി വി.മുരളീധരൻ അധ്യക്ഷനാകും. മന്ത്രി വി.എസ്.സുനിൽകുമാർ ആശംസകളർപ്പിക്കും. മൂന്നു ലക്ഷം രൂപയും സ്വർണപ്പതക്കവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണു പുരസ്കാരം.
ഇന്നു രാവിലെ 10നു നടക്കുന്ന കർഷകസംഗമത്തിൽ അവാർഡ് ജേതാവ് കെ.കൃഷ്ണനുണ്ണി ഉൾപ്പെടെയുള്ളവർ അനുഭവം പങ്കുവയ്ക്കും. വി.കെ.ശ്രീകണ്ഠൻ എംപി കർഷകസംഗമം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി അധ്യക്ഷയാകും. ഇന്നലെ കാർഷികമേള മന്ത്രി കെ.കൃഷ്ണൻകുട്ടിയും കാർഷിക പ്രദർശനം ജില്ലാ കലക്ടർ ഡി.ബാലമുരളിയും മലയാള മനോരമ ചിത്ര–പത്ര പ്രദർശനം ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രമും ഉദ്ഘാടനം ചെയ്തു. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. 26നു സമാപിക്കും.
English summary: Manorama Karshakasree karshika mela