ADVERTISEMENT

പാലക്കാട് ∙ മലയാള മനോരമ ‘കർഷകശ്രീ’ പുരസ്കാരം ഗവർണർ സമ്മാനിക്കാനൊരുങ്ങുമ്പോൾ കൃഷ്ണനുണ്ണി തന്റെ ആഗ്രഹം പറഞ്ഞു– ‘‘സമ്മാനം ഏറ്റുവാങ്ങാൻ എനിക്കൊപ്പം ഭാര്യയെയും മകളെയും കൂടി അനുവദിക്കണം.’’ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യം സന്തോഷപൂർവം അനുവദിച്ചു. കൃഷിമികവിന്റെ തലപ്പാവ് അങ്ങനെ ചിറ്റൂർ കന്നിമാരി കമ്പാലത്തറ താഴത്തുവീട്ടിൽ കെ. കൃഷ്ണനുണ്ണിക്കു പുറമേ ഭാര്യ പ്രസീദയ്ക്കും മകൾ വന്ദനയ്ക്കും കൂടിയുള്ളതായി.

കുടുംബക്കൃഷിയുടെ മേന്മ എടുത്തുപറഞ്ഞാണു ഗവർണർ മൂന്നു ലക്ഷം രൂപയും സ്വർണ മെഡലും ബഹുമതിപത്രവുമടങ്ങുന്ന പുരസ്കാരം സമ്മാനിച്ചത്. കൃഷിക്കു മറ്റു മേഖലകളെപ്പോലെ പിന്തുണ ലഭിക്കുന്നില്ലെന്നും അതു മാറണമെന്നും ഗവർണർ പറഞ്ഞു. സാങ്കേതികവിദ്യ ഇത്ര മുന്നേറിയിട്ടും ലോകം പോഷകാഹാരക്കുറവു നേരിടുന്നു. ഈ പ്രതിസന്ധി തരണം ചെയ്യാൻ കർഷകർക്കേ കഴിയൂ.

കൃഷിയോടു കൂടുതൽ പ്രതിബദ്ധത വേണം. സർക്കാരുകളുടെ സഹായപദ്ധതികൾ വിനിയോഗിക്കണം. വേഗത്തിൽ വ്യവസായം ആരംഭിക്കാനുള്ള സൗകര്യങ്ങൾ കർഷക സംരംഭകർക്കു ലഭിക്കണം. പലപ്പോഴും അവഗണന നേരിടുന്ന കർഷകരെ അംഗീകരിക്കുന്ന മലയാള മനോരമയുടെ നിലപാട് അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. 

karshakasree-fest
പാലക്കാട്ട് കർഷകശ്രീ പുരസ്കാരസമർപ്പണച്ചടങ്ങിനു ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പത്നി രേഷ്മയും ഇക്കൊല്ലത്തെ ജേതാവ് കെ.കൃഷ്ണനുണ്ണി (ഇടത്തു നിന്ന് നാലാമത്), മുൻവർഷങ്ങളിലെ ജേതാക്കളായ സ്കറിയ പിള്ള (2004), ടി.വി.തോമസ് (2002), കെ.യു.ഗോപി (2006), പി.ഇ.ഷക്കീല(2008), സ്വപ്ന ജെയിംസ് (2018), സി.എം.മുഹമ്മദ് (2008) എന്നിവർക്കൊപ്പം. മന്ത്രി വി.എസ്.സുനിൽകുമാർ സമീപം. ചിത്രം: മനോരമ

താനൊരു കർഷകനാണെന്ന് അഭിമാനപൂർവം പറയുന്ന കാലത്തു മാത്രമേ കേരളം മുന്നോട്ടുപോകൂവെന്നു അധ്യക്ഷനായിരുന്ന മന്ത്രി വി.എസ്. സുനിൽകുമാർ അഭിപ്രായപ്പെട്ടു. കേരള കാർഷിക സർവകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ.പി. ഇന്ദിരാദേവിയാണു കൃഷ്ണനുണ്ണിയെ സദസ്സിനു പരിചയപ്പെടുത്തിയത്. മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു പ്രസംഗിച്ചു. കെ. കൃഷ്ണനുണ്ണി മറുപടി പ്രസംഗം നടത്തി. 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com