മണ്ണുമാന്തി ഇടിച്ച് കൊലപാതകം; ആറ് പേർ കൂടി പിടിയിൽ
Mail This Article
കാട്ടാക്കട (തിരുവനന്തപുരം) ∙ പ്രവാസിയും വിമുക്തഭടനുമായ കീഴാറൂർ കാഞ്ഞിരംവിള ശ്രീമംഗലം വീട്ടിൽ സംഗീതിനെ(36) മണ്ണുമാന്തിയുടെ യന്ത്രക്കൈ കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതികൾ അടക്കം ആറു പേർ അറസ്റ്റിൽ. പൊലീസിന്റെ വീഴ്ച സംബന്ധിച്ച് അന്വേഷണം നെടുമങ്ങാട് ഡിവൈഎസ്പിക്കെന്നും റിപ്പോർട്ട് ലഭിച്ചാൽ നടപടി എടുക്കുമെന്നും റൂറൽ പൊലീസ് മേധാവി ബി.അശോകൻ പറഞ്ഞു.
മണ്ണ് മാന്തി ഉടമ ചാരുപാറ കോട്ടേകോണം വീട്ടിൽ സജു എന്ന് വിളിക്കുന്ന സ്റ്റാൻലി ജോൺ(48), ടിപ്പർ ലോറി ഉടമ കിഴമച്ചൽ പത്മിനി നിവാസിൽ ഉത്തമനെന്നു വിളിക്കുന്ന മണികണ്ഠൻ (34), ഡ്രൈവർ കൊല്ലകോണം കുഴിവിള വീട്ടിൽ ലിനു(30), ക്ലീനർ കൂവളശേരി റോഡരികത്ത് വീട്ടിൽ മിഥുൻ(25), പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയ ചെമ്പൂര് പുളിങ്കുടി പാലോട്ട് കോണം ലക്ഷ്മി ഭവനിൽ ലാൽകുമാർ (ഉണ്ണി–26), ഒറ്റശേഖരമംഗലം വെള്ളാങ്ങൽ ഉഷ ഭവനിൽ തേങ്ങാ അനീഷെന്ന് വിളിക്കുന്ന വിനീഷ്(26) എന്നിവരാണ് അറസ്റ്റിലായത്. ലാൽകുമാറിനെയും വിനീഷിനെയും റിമാൻഡ് ചെയ്തു. മറ്റു നാലു പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
നേരത്തെ പിടിയിലായ മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർ ചാരുപാറ സ്വദേശി വിജിൻ റിമാൻഡിലാണ്. കേസിൽ കൂടുതൽ പ്രതികളുണ്ടാകുമെന്ന് റൂറൽ പൊലീസ് മേധാവി ബി. അശോകനും നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലറും പറഞ്ഞു.
English Summary: Six people under arrest