ADVERTISEMENT

സമൂഹത്തിലും രാഷ്ട്രത്തിലും നന്മയുടെ ശക്തിസ്രോതസ്സായിരുന്ന വലിയ മനുഷ്യനെയാണു പരമേശ്വർജിയുടെ വേർപാടിലൂടെ നമുക്കു നഷ്ടമായത്. ഭാരതത്തിനും ഭാരതീയ സംസ്കാരത്തിനും വേണ്ടി സമർപ്പിക്കപ്പെട്ടതായിരുന്നു ആ ധന്യജീവിതം. അദ്ദേഹത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ രാമായണത്തിലെ ഭരതനെയാണ് ഓർമ വരുന്നത്.

ജീവിതം ത്യാഗമാണെന്ന് അദ്ദേഹം ജീവിച്ചു കാണിച്ചു. സ്ഥാനമാനങ്ങളോ വ്യക്തിപരമായ നേട്ടങ്ങളോ അൽപം പോലും അദ്ദേഹം ആഗ്രഹിച്ചില്ല. ത്യാഗവും ആദർശനിഷ്ഠയും പാണ്ഡിത്യവും ധിഷണയും ഒരുപോലെ ആ വ്യക്തിത്വത്തിൽ ഒത്തുചേർന്നു. ഭാരതത്തോടുള്ള ഭക്തി അദ്ദേഹത്തിന്റെ ജീവരക്തം തന്നെയായിരുന്നു. 

സത്യവും അസത്യവും തെറ്റും ശരിയും വേർതിരിക്കാനാവാത്തവിധം കുഴഞ്ഞു കിടന്നപ്പോഴെല്ലാം അഗാധമായ ഉൾക്കാഴ്ചയോടെ അദ്ദേഹം സമൂഹത്തിനു ശരിയായ ദിശാബോധം പകർന്നു. ആ ജീവിതം വാക്കുകൾക്ക് അതീതം. അദ്ദേഹം നൽകിയ സന്ദേശമനുസരിച്ചു ജീവിക്കുക എന്നുള്ളതാണ് ഇനി നമ്മുടെ കർത്തവ്യം.

കവിയാകുമായിരുന്ന അമൂല്യ വ്യക്തിത്വം: അക്കിത്തം അച്യുതൻ നമ്പൂതിരി

എന്റെ പ്രിയ സുഹൃത്ത് പരമേശ്വർജിയുമായി 50 വർഷത്തോളമായി അടുപ്പമുണ്ട്. മാധവ്ജി, പരമേശ്വർജി, എം.എ. കൃഷ്ണൻ, ഹരിയേട്ടൻ തുടങ്ങിയവരുടെ സുതാര്യ ജീവിതമാണു തപസ്യ, ബാലഗോകുലം, ഭാരതീയ വിചാരകേന്ദ്രം തുടങ്ങിയ സംഘടനകളുമായി എന്നെ അടുപ്പിച്ചത്. പരമേശ്വർജിയുടെ പ്രഭാഷണങ്ങൾ കൗതുകത്തോടെ ഞാൻ കേട്ടിരുന്നിട്ടുണ്ട്.

കമ്യൂണിസത്തിന്റെ ഭാരതവൽക്കരണത്തെപ്പറ്റി, അല്ലെങ്കിൽ നിലവിലുള്ള കമ്യൂണിസത്തിന്റെ ദൗർബല്യത്തെപ്പറ്റി അദ്ദേഹം എന്നെ തുടർച്ചയായി ഓർമിപ്പിച്ചുകൊണ്ടിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ കേരളം രാജ്യത്തിനു നൽകിയ വലിയ വ്യക്തിത്വങ്ങളിലൊന്നു പരമേശ്വർജിയാണെന്ന് എല്ലാവർക്കും അറിയാം. അദ്ദേഹത്തെക്കുറിച്ചു രണ്ടു ലേഖനങ്ങൾ മുൻപു ഞാൻ എഴുതിയിട്ടുണ്ട്. അദ്ദേഹം സാമൂഹികപ്രവർത്തനത്തിലേക്കു പോയില്ലെങ്കിൽ വിവേകാനന്ദനെപ്പോലെ, ബോധേശ്വരനെപ്പോലെ കവിയാകുമായിരുന്നു. 

നഷ്ടമാവുന്നത് അഭയകേന്ദ്രം: ഒ.രാജഗോപാൽ എംഎൽഎ

പരമേശ്വർജി സമ്മാനിച്ചതാണ് എന്റെ പാർലമെന്ററി ജീവിതം. അല്ലെങ്കിൽ ഞാൻ ഈ സ്ഥാനങ്ങളിൽ എത്തുമായിരുന്നോ? പലപ്പോഴും ആലോചിക്കാറുണ്ട് അതേക്കുറിച്ച്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിൽ വന്നപ്പോൾ കേരളത്തിന്റെ കാര്യം ആർഎസ്എസ് ചർച്ച ചെയ്തു. കേരളത്തിൽ 2 മുന്നണികൾ ശക്തമാണ്.

അവിടേക്കു ബിജെപിക്കു കടന്നുകയറാൻ ഏറെ പ്രയാസമുണ്ട്. അതിനാൽ ബിജെപിക്കു മേൽക്കൈയുള്ള സംസ്ഥാനത്തു നിന്നു കേരളത്തിലെ ഒരു നേതാവിനെ രാജ്യസഭയിൽ എത്തിക്കണം. ഈ തീരുമാനം എടുത്ത വേദിയിൽ തന്നെ അതിനുള്ള സ്ഥാനാർഥിയെയും നിശ്ചയിച്ചു– പി. പരമേശ്വരൻ. പക്ഷേ, അദ്ദേഹം അതിനു തയാറായില്ല. മുതിർന്ന നേതാക്കളെല്ലാം നിർബന്ധിച്ചു. പാർലമെന്ററി രാഷ്ട്രീയത്തിലേക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. പിന്നാലെ എന്റെ പേര് നിർദേശിച്ചു. അങ്ങനെയാണു ഞാൻ മധ്യപ്രദേശിൽ നിന്ന് 1998 ൽ രാജ്യസഭയിൽ എത്തുന്നത്.

ഡൽഹിയിൽ വച്ചാണ് അദ്ദേഹവും ഇഎംഎസും തമ്മിൽ സൗഹൃദം ഉണ്ടാകുന്നത്. പിൽക്കാലത്തു കണ്ണൂരിൽ സിപിഎം–ആർഎസ്എസ് സംഘർഷം ഉണ്ടായപ്പോൾ പി.പരമേശ്വരൻ, ഇഎംഎസ്, വി.ആർ.കൃഷ്ണയ്യർ എന്നിവർ ഒരുമിച്ചു ചേർന്ന് ഈ കൊലപാതക രാഷ്ട്രീയത്തിന് അറുതി വരുത്താൻ തീരുമാനിച്ചു. ഇഎംഎസാണ് അതിനു മുൻകയ്യെടുത്തത്. കണ്ണൂരിൽ ഓരോ തവണ പ്രശ്നം ഉണ്ടാകുമ്പോഴും മൂവരും ചർച്ച നടത്തും. അങ്ങനെയാണ് അവിടെ പ്രശ്നങ്ങൾ നിയന്ത്രിച്ചിരുന്നത്. പരമേശ്വർജി കടന്നുപോകുമ്പോൾ ഹിന്ദുസംഘടനകൾക്കു നഷ്ടമാകുന്നത്, എല്ലാ വിഷയങ്ങൾക്കും ഉത്തരത്തിനായി ആശ്രയിച്ചിരുന്ന ഒരു മാർഗമാണ്.

സാധാരണക്കാരനായ അസാധാരണൻ: ആർ. ഹരി (ആർഎസ്എസ് മുൻ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ്)

1944ൽ ആർഎസ്എസ് ക്യാംപിലാണ് പി.പരമേശ്വരനെ ആദ്യം കാണുന്നത്. 1950ൽ അദ്ദേഹവും ഒരു വർഷത്തിനു ശേഷം ഞാനും പ്രചാരക് ആയി. സംഘം പറഞ്ഞ സ്ഥലത്തൊക്കെ പ്രചാരണത്തിനു പോയി. വല്ലാത്ത ഇഴയടുപ്പം ആർഎസ്എസ് പ്രവർത്തകർക്കിടയിലുണ്ട്. പി.പരമേശ്വരൻ 1953–54ൽ കോഴിക്കോട് പ്രചാരക് ആയിരുന്നു. അക്കാലത്താണു ‘കേസരി’ പ്രസിദ്ധീകരണം ആരംഭിക്കുന്നത്. അദ്ദേഹം കേസരിയിൽ എഡിറ്റോറിയലുകൾ എഴുതി.

അക്കാലത്ത് ആർഎസ്എസ് ശാഖകളിൽ മലയാളത്തിൽ ഗീതങ്ങളുണ്ടായിരുന്നില്ല. ഹിന്ദി, മറാഠി ഗീതങ്ങളാണുണ്ടായിരുന്നത്. മലയാളത്തിൽ അദ്ദേഹം ഗീതങ്ങൾ രചിച്ചു. വിവിധ വിഷയങ്ങളിൽ ഒട്ടേറെ ലഘുലേഖകളും എഴുതി. പ്രവർത്തകർക്കു താത്വികമായ ലക്ഷ്യബോധം നൽകാൻ അദ്ദേഹത്തിനു സാധിച്ചു. കേരളത്തിൽ അക്കാലത്ത് ആർഎസ്എസ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചവരിൽ ഞങ്ങൾക്കു പുറമേ, ടി.എൻ.ഭരതൻ, പി.മാധവൻ എന്നിവരുമുണ്ടായിരുന്നു. ജനസംഘത്തിലെ പ്രവർത്തനം പി.പരമേശ്വരൻ തിരഞ്ഞെടുത്തതായിരുന്നില്ല. ആർഎസ്എസ് അദ്ദേഹത്തെ 1958ൽ ജനസംഘത്തിലേക്കു നിയോഗിക്കുകയായിരുന്നു.

ശനിയാഴ്ച ഒറ്റപ്പാലത്തു ഡോ.സേതുമാധവന്റെ മകളുടെ വിവാഹച്ചടങ്ങിലും ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. ഒരുമിച്ച് ഊണു കഴിച്ച് ഞായറാഴ്ച കാണാമെന്നു പറഞ്ഞു പിരിഞ്ഞതാണ്. പക്ഷേ, ഇങ്ങനെ കാണുമെന്നു വിചാരിച്ചില്ല.ചുമതലകളിൽനിന്ന് ഒഴിവായിട്ടും ഞങ്ങൾ പലപ്പോഴും പരസ്പരം കാണാറുണ്ട്. വിഷയങ്ങൾ ചർച്ച ചെയ്യാറുണ്ട്. പരിപാടികളിൽ പങ്കെടുക്കാറുണ്ട്. തെളിവുള്ള ബുദ്ധിയാണ് അദ്ദേഹത്തിന്റെ പ്രത്യേകത. സാധാരണ മനുഷ്യൻ എന്നതാണ് അദ്ദേഹത്തിന്റെ അസാധാരണത്വം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com