സമന്വയത്തിന്റെ പരമേശ്വരൻ; ആശയങ്ങളുടെ ഗാംഭീര്യം; അറിവിന്റെ ലാളിത്യം
Mail This Article
ഋഷിയുടെ നിർമമത, ജ്ഞാനിയുടെ എളിമ: പി. പരമേശ്വരനെക്കുറിച്ച് അനുയായികളുടെ മനസ്സിൽ ആദ്യം തെളിയുന്ന വിചാരമിതാകും. ആഗമാനന്ദയോടൊപ്പം തീർഥാടകനായി ഇന്ത്യ കണ്ട പത്താം ക്ലാസ്സുകാരനാണു പിന്നീടു പി. പരമേശ്വരൻ എന്ന ജ്ഞാനസൂര്യനായി ഉദയം കൊണ്ടത്. 1927ൽ ചേർത്തല താലൂക്കിലെ ചാരമംഗലത്ത് താമരശേരി ഇല്ലത്ത് പരമേശ്വരൻ ഇളയതിന്റെയും സാവിത്രി അന്തർജനത്തിന്റെയും ഇളയ മകനായി ജനിച്ച പി. പരമേശ്വരൻ
ചെറുപ്പത്തിൽതന്നെ ആത്മീയകാര്യങ്ങളിൽ തൽപരനായിരുന്നു. ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്താണ്, കേരളത്തിന്റെ വിവേകാനന്ദൻ എന്നറിയപ്പെട്ട ആഗമാനന്ദ സ്വാമികളോടുള്ള ആരാധനയുടെ തുടക്കം. അദ്ദേഹം സ്‌ഥാപിച്ച കാലടി ആശ്രമത്തിലെ സ്ഥിരം സന്ദർശകനായി മാറാൻ താമസമുണ്ടായില്ല. പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ സമയത്ത്, ബേലൂർ ആശ്രമത്തിൽ പോകാൻ കൂടെ പോരുന്നോ എന്ന് ആഗമാനന്ദ സ്വാമിയാണു പരമേശ്വരനു സ്നേഹപൂർവം ആ കത്തയച്ചത്.
ഒരു ഭാരത പര്യടനമായി വിശാലപദ്ധതിയിട്ട തീർഥാടനം. സ്വാമികളുടെ ആരാധകനായ അച്ഛനോട് അനുവാദം ചോദിച്ചപ്പോൾ ഒപ്പം വരാമെന്നു വാക്കു കൊടുത്തിട്ടുണ്ടോ എന്നായിരുന്നു മറുചോദ്യം. ഉണ്ടെന്ന് അന്നു കള്ളം പറഞ്ഞത് തീർഥാടകന്റെ തെളിമനസ്സോടെയാണ്. വലിയ ആളുകൾക്കു വാക്കുകൊടുക്കുന്നതു സൂക്ഷിച്ചു വേണം എന്നു മാത്രം വാൽസല്യപൂർവം ഉപദേശിച്ച്, യാത്രച്ചെലവിന് നൂറു രൂപയും കൊടുത്ത് അച്ഛൻ അനുഗ്രഹിച്ചു. അങ്ങനെ, സ്വാമി ആഗമാനന്ദയോടൊത്തു ഭാരതതീർഥാടനം നടത്തി. കൊൽക്കത്ത ബേലൂർമഠം സന്ദർശിച്ചപ്പോൾ രാമകൃഷ്ണ മിഷനിൽനിന്ന് ദീക്ഷ സ്വീകരിച്ചു.
ചങ്ങനാശേരി എസ്ബി കോളജിൽനിന്നു ഫെലോ ഓഫ് ആർട്സ് യോഗ്യത നേടിയശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്ന് ഒന്നാം റാങ്കോടെ ചരിത്രം ഐച്ഛിക വിഷയമായി ബിഎ ഓണേഴ്സ്. എസ്ബി കോളജ് പഠനകാലത്ത്, യങ്മെൻ അസോസിയേഷൻ എന്നൊരു സംഘടനയ്ക്കു രൂപം നൽകി.
ബിരുദ വിദ്യാഭ്യാസ കാലത്താണു ജനസംഘവുമായി അടുപ്പം തുടങ്ങിയത്. 1953ൽ, ഏകനാഥ് റാനഡെ ആണ് പരമേശ്വരനെ ആ രാഷ്ട്രീയധാരയിലേക്കു ക്ഷണിച്ചത്. രാഷ്‌ട്രീയം തന്റെ ഇഷ്ടവിഷയമല്ല എന്നാണ് പരമേശ്വരൻ റാനഡെയോട് പറഞ്ഞത്. അത് അറിയാവുന്നതുകൊണ്ടല്ലേ വിളിക്കുന്നതെന്നു റാനഡെ. അങ്ങനെ ജനസംഘത്തിൽ ചേർന്നു. സംസ്ഥാന സെക്രട്ടറി, ദേശീയ സെക്രട്ടറി, ദേശീയ ഉപാധ്യക്ഷൻ തുടങ്ങിയ തലങ്ങളിലേക്ക് പടിപടിയായി ഉയർന്നു. ആ രാഷ്‌ട്രീയ പരീക്ഷണത്തിൽനിന്നു പുറത്തുകടന്നത് അടിയന്തരാവസ്‌ഥക്കാലത്തെ ജയിൽ വാസത്തിനു ശേഷവും. മിസ തടവുകാരനായി 16 മാസമായിരുന്നു ശിക്ഷ.
തമിഴ്നാട്ടിലെ ആറ്റൂരിൽ ആർഎസ്എസ് സമ്മേളനത്തിനിടെ ഗുരുജി എന്ന എം.എസ്.ഗോൾവാൾക്കറുമായി നേരിട്ട് ഇടപഴകിയതാണു മറ്റൊരു പ്രധാന വഴിത്തിരിവ്. അതു പരമേശ്വരനെ രാഷ്ട്രീയമായും സാമൂഹികമായും സ്ഫുടം ചെയ്തെടുത്തു. ചിന്തകൾക്ക് രൂപമായി. സജീവ ആർഎസ്എസ് പ്രവർത്തകനായി തിരുവനന്തപുരത്തും കൊല്ലത്തും ചങ്ങനാശേരിയിലും കോഴിക്കോട്ടും സംഘടനാപ്രവർത്തനമായിരുന്നു പിന്നീടങ്ങോട്ട്.
ജനസംഘം ലയിച്ച് ജനതാപാർട്ടി രൂപംകൊണ്ടതോടെ കക്ഷിരാഷ്ട്രീയത്തിൽനിന്നു പൂർണമായും അകന്നപ്പോൾ മനസ്സിൽ ഒരു താൽപര്യമേ ശേഷിച്ചുള്ളൂ: ഡൽഹിയിലെ ദീനദയാൽ ഗവേഷണ കേന്ദ്രം. അങ്ങനെ അദ്ദേഹം കേന്ദ്രത്തിന്റെ നേതൃത്വം ഏറ്റെടുത്തു. 1982ലാണു കേരളത്തിൽ തിരിച്ചെത്തിയത്. തൊട്ടുപിന്നാലെ തിരുവനന്തപുരത്ത് ഭാരതീയവിചാരകേന്ദ്രം പിറന്നു. രാജ്യാന്തര പ്രഗല്ഭരായ ചിന്തകരെ ക്ഷണിച്ചുള്ള ചർച്ചകളും സെമിനാറുകളുമായി സാംസ്കാരികവും രാഷ്ട്രീയവുമായ സമന്വയത്തിനാണു തുടക്കമായത്.
കന്യാകുമാരിയിലെ വിവേകാനന്ദകേന്ദ്രം അധ്യക്ഷനുമായി. വിവേകാനന്ദകേന്ദ്രത്തിന്റെ പ്രസിദ്ധീകരണമായ യുവഭാരതിൽ എഴുതിയ മുഖപ്രസംഗങ്ങളുടെ സമാഹാരമായി ഹിന്ദുരാഷ്ട്രത്തിന്റെ ഹൃദയത്തുടിപ്പുകൾ എന്ന പുസ്തകം പുറത്തിറങ്ങി. ശ്രീനാരായണഗുരുവിനെക്കുറിച്ച് ‘നവോഥാനത്തിന്റെ പ്രവാചകൻ’ എന്ന പേരിലും മഹർഷി അരവിന്ദോയെക്കുറിച്ച് ‘ ശ്രീഅരവിന്ദൻ: ഭാവിയുടെ ദാർശനികൻ’ എന്ന പേരിലും പുസ്തകങ്ങൾ എഴുതി.
ഇന്ത്യൻ സാഹചര്യത്തിൽ കമ്യൂണിസ്റ്റ് ആശയങ്ങളെ വിമർശനാത്മകമായി വിലയിരുത്തുന്ന മാർക്സും വിവേകാനന്ദനും, മാർക്സിൽനിന്ന് മഹർഷിയിലേക്ക്, ഗ്ലാസ്നോസ്റ്റും പെരിസ്ട്രോയിക്കയും ഇന്ത്യൻ കമ്യൂണിസ്റ്റുകളും, ഹിന്ദുധർമവും ഇന്ത്യൻ കമ്യൂണിസവും എന്നീ പുസ്തകങ്ങളും പി. പരമേശ്വരനു വായനക്കാരെ നേടിക്കൊടുത്തു. കേരളം ഭ്രാന്താലത്തിൽനിന്ന് തീർഥാലയത്തിലേക്ക്, ഹാർട്ബീറ്റ് ഓഫ് ഹിന്ദു നേഷൻ, സ്വതന്ത്രഭാരതം ഗതിയും നിയതിയും, ദിശാബോധത്തിന്റെ ദർശനം തുടങ്ങിയവയും ശ്രദ്ധേയ പുസ്തകങ്ങളാണ്.
ജവാഹർലാൽ നെഹ്റു സർവകലാശാലയുടെ നിയമനിർമാണസമിതിയിൽ അംഗമായിരുന്നു. 2004ൽ പത്മശ്രീയും 2018ൽ പത്മവിഭൂഷൻ ബഹുമതിയും നൽകി രാഷ്ട്രം ആദരിച്ചത് കേരളത്തിനും അഭിമാനമായി. േകരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് അവാർഡ്, ഹിന്ദു ഓഫ് ദി ഇയർ പുരസ്കാരം, അമൃതകീർത്തി പുരസ്കാരം, വിദ്യാധിരാജ ദർശനപുരസ്കാരം, ജന്മാഷ്ടമി പുരസ്കാരം, ആർഷഭാരത സംസ്കാര പരമശ്രേഷ്ഠ പുരസ്കാരം, ഹനുമാൻ പൊദ്ദാർ പുരസ്കാരം തുടങ്ങിയവ മറ്റു പ്രധാന പുരസ്കാരങ്ങൾ.
വിചാരം ഭാരതമാതാവിനെ മാത്രം
പി. പരമേശ്വരന്റെ അച്ഛൻ ഒരിക്കൽ മകനുവേണ്ടി ജാതകം പരിശോധിച്ചത് കല്യാണക്കാര്യത്തിനായിരുന്നു. മകനു ദാമ്പത്യഭാഗ്യം ഉണ്ടോ? കണ്ടത് കല്യാണമില്ലാ ജാതകം. കുടുംബം വേണ്ടെന്നു വച്ചതു രാഷ്‌ട്രം എന്ന സങ്കൽപ്പം അതിനും മുകളിൽ ജ്വലിച്ചുനിന്നതുകൊണ്ടായിരുന്നു. തന്റെ ആത്മ പരിശോധനയിൽ തോന്നിയ തീരുമാനമാണതെന്നായിരുന്നു അദ്ദേഹം പിൽക്കാലത്ത് അതിനെക്കുറിച്ചു പറഞ്ഞത്: ഗുരുജിയുടെ സ്വാധീനം അത്ര വലുതായിരുന്നു.
ഭാരതമാതാവിനെപ്പറ്റിയാണ് ഞങ്ങൾ ആലോചിച്ചുകൊണ്ടിരുന്നത്. കുടുംബമില്ലായ്‌മ പോരായ്‌മയായിട്ട് കണ്ടിട്ടില്ല. അതിലും വലിയ ദൗത്യമായിരുന്നു മനസ്സിൽ. പരമേശ്വരനു മൂത്ത രണ്ടു സഹോദരന്മാരായിരുന്നു. വാസുദേവൻ ഇളയതും കേശവൻ ഇളയതും. താമരശേരിൽ ഇല്ലത്ത് ഇപ്പോൾ വാസുദേവൻ ഇളയതിന്റെ മകൻ പരേതനായ ഉണ്ണിക്കൃഷ്ണന്റെ ഭാര്യ മഞ്ജുവും കുടുംബവുമാണു താമസം.
അകൽച്ചയിലെ അടുപ്പം, ബൗദ്ധിക സംതൃപ്തി
ആശയപരമായ ഭിന്നതകൾ മറികടന്ന് കമ്യൂണിസ്റ്റ് ആചാര്യൻ ഇഎംഎസ് നമ്പൂതിരിപ്പാട്, ഇടതു സൈദ്ധാന്തികൻ പി.ഗോവിന്ദപ്പിള്ള എന്നിവരുമായി വ്യക്തിപരമായ സൗഹൃദമുണ്ടായിരുന്നു. പി.ഗോവിന്ദപിള്ള ഭാരതീയ വിചാരകേന്ദ്രത്തിലെയും പി.പരമേശ്വരൻ പിജിയുടെ വസതിയിലെയും സ്ഥിരം സന്ദർശകർ ആയിരുന്നു.
ഇഎംഎസ്, പി.ജി ദ്വയം ഒരുവശത്തും പി.പരമേശ്വരൻ മറുപക്ഷത്തുമായി നിലകൊണ്ടപ്പോൾ കേരളത്തെ ചൂടേറിയ ആശയസംവാദങ്ങൾ ഉടലെടുത്തു. ‘ഇഎംഎസുമായുള്ള അടുപ്പത്തിൽ എനിക്കു ബൗദ്ധികമായ സംതൃപ്തിയുണ്ട്. വൈരുധ്യാത്മകതയിലൂന്നിയ അടുപ്പമായിരുന്നു അദ്ദേഹവുമായി. ഇപ്പോൾ ആരുമായും വലിയ അടുപ്പമില്ല. അവരുടെ പ്രവർത്തനങ്ങളിലും സംതൃപ്തിയില്ല’– എന്ന് 2016ൽ, നവതിവേളയിൽ പി. പരമേശ്വരൻ പറഞ്ഞു.