ADVERTISEMENT

പത്തനംതിട്ട ∙ അധ്യക്ഷ പദവി ഡൽഹിയിൽ പ്രഖ്യാപിക്കുമ്പോൾ തിരുവല്ലയിൽ കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പമായിരുന്നു സുരേന്ദ്രൻ. ആശാനും ശിഷ്യനും ഉള്ളുതുറന്നു ചിരിച്ചു. 

എസ്എൻഡിപിയുടെ റാന്നി മാടമൺ പൊതുസമ്മേളനത്തിൽ ഇരുവരും പങ്കെടുത്തു. എസ്എൻഡിപി താലൂക്ക് യൂണിയൻ ചെയർമാൻ പി.ആർ. അജയകുമാറിന്റെ വീട്ടിലായിരുന്നു ഉച്ചഭക്ഷണം.

ബിഡിജെഎസ് ദേശീയ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഹൃദയചിഹ്നത്തിന്റെ ആകൃതിയിലുള്ള ചുവന്ന കേക്ക് മുറിച്ചു. വാലന്റൈൻ സ്പെഷലാണോയെന്നു മുരളീധരന്റെ ചോദ്യം. എന്തു സ്പെഷലായാലും ചാനലുകാർക്കു കോമഡി പരിപാടിയിൽ കാണിക്കാൻ വിഷ്വൽ ആയെന്ന് സുരേന്ദ്രൻ. 

പാർട്ടിയെ നയിക്കാനുള്ള ഉത്തരവാദിത്തം ആദരവോടെ സ്വീകരിക്കുന്നുവെന്നു സുരേന്ദ്രൻ പറഞ്ഞു. അഭിമുഖത്തിൽ നിന്ന്: 

∙ 3 മാസത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രഖ്യാപനം. തീരുമാനം വൈകിയോ?

ഇല്ല. പി എസ് ശ്രീധരൻപിള്ളയെ മിസോറം ഗവർണറായി നിയമിച്ച ശേഷമാണു സംഘടനാ തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ വന്നത്. അതും ‍ഡൽഹി തെരഞ്ഞെടുപ്പും കഴിഞ്ഞപ്പോൾ തീരുമാനം വന്നു. 

∙ പാർട്ടിക്കുള്ളിലെ ഗ്രൂപ്പുകൾ ?

പാർട്ടിയിൽ പല ഗ്രൂപ്പുകളില്ല, ഒറ്റ കോർ ഗ്രൂപ്പേയുള്ളൂ. ഒരു വ്യക്തിക്കു മാത്രമായി പാർട്ടിയെ മുന്നോട്ടുകൊണ്ടുപോവാൻ കഴിയില്ല. 

∙ എന്താണ് ആദ്യ പദ്ധതി ? 

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകൾ ഇപ്പോഴേ തുടങ്ങും. ഓരോ പ്രവർത്തകനും ചുമതലകളുണ്ടാകും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പ്രവർത്തന പദ്ധതി കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്ത് ജനങ്ങൾക്കു മുന്നിൽ വയ്ക്കും. കുട്ടനാട് ഉപതിരഞ്ഞെടുപ്പിലും എല്ലാവരുമായും ചർച്ച ചെയ്തേ തീരുമാനമെടുക്കൂ. 

∙ വരുംദിനങ്ങൾ സുഖകരമാവുമോ ? 

പൗരത്വനിയമത്തെക്കുറിച്ച് വ്യാജ പ്രചാരണം അഴിച്ചുവിട്ട് ഇടതുവലതു പക്ഷങ്ങൾ ഒരു മതവിഭാഗത്തെയാകെ ആശങ്കയിൽ നിർത്തുന്നു. തെറ്റിദ്ധാരണ മാറ്റാനുള്ള ശ്രമങ്ങൾ ആദ്യമേ നടത്തും. ഇപ്പോഴത്തെ സമരം ഭീകരവാദികൾക്കു കേരളത്തിൽ വളക്കൂറുണ്ടാക്കാൻ മാത്രമാണ് ഉപകരിച്ചത്. 

∙ പുതിയ സമരങ്ങൾ ? 

കേരള പൊലീസിന്റെ ഉണ്ടയും തോക്കും കാണാതായ സംഭവം അത്ര നിസ്സാരമല്ല. വിദേശരാജ്യങ്ങളിലടക്കം സംശയത്തിന്റെ നിഴലിലുള്ള കമ്പനികളുമായാണ് കൂട്ടുകെട്ടെന്ന് സിഎജി കണ്ടെത്തിക്കഴിഞ്ഞു. മുഖ്യമന്ത്രി അറിയാതെ ഈ അഴിമതി നടക്കില്ല. ഈ വിഷയത്തിൽ സമരം തുടങ്ങിക്കഴിഞ്ഞു. ഈ അഴിമതി യുഡിഎഫിന്റെ കാലം മുതലുണ്ട്. ഡിജിപി മാത്രമല്ല പിന്നിൽ; മുഖ്യമന്ത്രിയുടെ ഓഫിസാണ് നേതൃത്വം നൽകുന്നത്. 

∙ ബാക്കി 4 ജില്ലാ അധ്യക്ഷന്മാരുടെയും സംസ്ഥാന കമ്മിറ്റിയുടെയും പ്രഖ്യാപനം എപ്പോൾ ഉണ്ടാകും? 

ജില്ലാ പ്രസിഡന്റുമാരുടെ പ്രഖ്യാപനം വൈകുന്നത് ഗ്രൂപ്പ് തർക്കത്തിന്റെ പേരിലല്ല; ചില മാനദണ്ഡങ്ങളുടെ പേരിലാണ്. ഉടൻ തന്നെ പുനഃസംഘടന പൂർത്തിയാകും. 

Content Highlights: K. Surendran, Bharatiya Janata Party, BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com