കാസർകോട് ബിജെപിയിൽ പൊട്ടിത്തെറി
Mail This Article
കാസർകോട് ∙ ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ബിജെപിയിൽ പൊട്ടിത്തെറി. രാഷ്ടീയ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന സമിതി അംഗം രവീശതന്ത്രി കുണ്ടാർ. ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന പേരാണ് രവീശതന്ത്രി കുണ്ടാറിന്റേത്. എന്നാൽ അപ്രതീക്ഷിതമായി കെ.ശ്രീകാന്ത് നാലാമതും ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ശ്രീകാന്തിനെ പ്രസിഡന്റായി തിരഞ്ഞെടുത്തതിൽ തനിക്ക് അതൃപ്തി ഒന്നുമില്ലെന്നും എന്നാൽ ഇനിയും താൻ നേതൃസ്ഥാനത്തേക്കു നിന്നാൽ അതു ജില്ലയിൽ ഗ്രൂപ്പിസത്തിന്റെ കാരണമാവുമെന്നും രവീശ തന്ത്രി പറഞ്ഞു. നിലവിൽ ബിജെപി സംസ്ഥാന സമിതി അംഗവും മഞ്ചേശ്വരം മണ്ഡലം കൺവീനറുമായ രവീശതന്ത്രി ഇരു സ്ഥാനങ്ങളും രാജിവയ്ക്കും.
മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്ന രവീശതന്ത്രി ജില്ലയിലെ സംഘടനാസംവിധാനം വേണ്ട രീതിയിൽ പ്രവർത്തിച്ചില്ലെന്നു കാണിച്ച് നേതൃത്വത്തിനു കത്തുനൽകിയിരുന്നു. ഇതിൽ തിരുത്തൽ നടപടി ഉണ്ടായില്ലെന്നാണ് രവീശതന്ത്രിയുടെ ആരോപണം. ജില്ലയിലെ പാർട്ടിയിൽ ഗ്രൂപ്പിസം ആണു നടക്കുന്നതെന്നും ഗ്രൂപ്പിന്റെ ഭാഗമല്ലാത്തവർക്ക് വളർച്ചയില്ലെന്നും രവീശ തന്ത്രി പറഞ്ഞു.
ബിജെപി അംഗമായി തുടരുമെങ്കിലും ഇനി നേതൃരംഗത്തേക്കില്ലെന്നും ആത്മീയ മേഖലയിലാണ് പ്രവർത്തനമെന്നും തന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അതൃപ്തിയാണ് ഇതിനു പിന്നിലെ കാരണമെന്നാണ് കരുതുന്നത്. ശ്രീകാന്തിന് അണികളിലുള്ള പിന്തുണയും പ്രവർത്തന പരിചയവുമാണ് വീണ്ടും ഈ സ്ഥാനത്തേക്ക് നിയമിക്കാൻ പാർട്ടി നേതൃത്വത്തെ പ്രേരിപ്പിച്ചതെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്.