ADVERTISEMENT

ചങ്ങനാശേരി ∙ പറഞ്ഞതെല്ലാം അതേപടി പാലിക്കുകയും ചെയ്യാൻ വയ്യാത്ത കാര്യങ്ങൾ പറയാതിരിക്കുകയും ചെയ്ത മഹദ് വ്യക്തിത്വമായിരുന്നു മന്നത്തു പത്മനാഭന്റേതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സമുദായാചാര്യന്റെ സന്ദേശങ്ങൾ പാലിച്ചു കൊണ്ടാണ് നായർ സർവീസ് സൊസൈറ്റി നേതൃത്വം മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മന്നത്തിന്റെ 50-ാം ചരമ വാർഷികത്തോടനുബന്ധിച്ച് പെരുന്നയിൽ എൻഎസ്‌എസ് ആസ്‌ഥാനത്തെ മന്നം സമാധിയിൽ സംഘടിപ്പിച്ച വിവിധ പരിപാടികൾക്കു നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ 6 മുതൽ, മന്നത്തു പത്മനാഭൻ അന്തരിച്ച സമയമായ 11.45 വരെ ഭക്‌തിഗാനാലാപനം, പുഷ്‌പാർച്ചന, സമൂഹപ്രാർഥന എന്നിവ നടന്നു.  സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരക്കണക്കിനു സമുദായാംഗങ്ങൾ പങ്കുചേർന്നു.

 സ്വന്തം സമുദായത്തിന്റെ പുരോഗതിക്കു വേണ്ടി പ്രവർത്തിക്കുമ്പോഴും ഇതര സമുദായങ്ങൾക്ക് ക്ഷോഭകരമായതൊന്നും ചെയ്യരുതെന്നാണു മന്നം പഠിപ്പിച്ചതെന്നു ജി. സുകുമാരൻ നായർ അനുസ്മരിച്ചു.  എൻഎസ്എസ് മന്ദിരങ്ങളിലും പെരുന്ന മന്നം സമാധിയിലും മന്നത്തിന്റെ സ്മരണയ്ക്കു മുന്നിൽ പുഷ്പാർച്ചന നടത്തുന്നവരുടെ എണ്ണം വർധിച്ചു വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എൻഎസ്എസിനു രൂപം നൽകിയ വേളയിൽ സമുദായാചാര്യനും സഹപ്രവർത്തകരും ചേർന്നെടുത്ത പ്രതിജ്ഞ എൻഎസ്എസ് പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായർ ചൊല്ലിക്കൊടുത്തു. സമുദായാംഗങ്ങൾ  ഏറ്റുചൊല്ലി. ട്രഷറർ ഡോ.എം. ശശികുമാർ, കരയോഗം റജിസ്ട്രാർ പി.എൻ. സുരേഷ്, ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം ഹരികുമാർ കോയിക്കൽ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.  

രാഷ്‌ട്രീയ, സാമുദായിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും പെരുന്നയിലെ സമാധി ദിന ചടങ്ങുകളിൽ പങ്കെടുത്തു. സംസ്ഥാനത്തെ വിവിധ എൻഎസ്എസ് കരയോഗങ്ങളിലും താലൂക്ക് യൂണിയനുകളിലും ഇന്നലെ സമാധി ദിനാചരണം നടന്നു. 1970 ഫെബ്രുവരി 25നാണു മന്നം അന്തരിച്ചത്. 

English summary: Mannam Samadhi programmes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com