ADVERTISEMENT

ഗുരുവായൂർ ∙ 60 വർഷത്തിലേറെ ഗുരുവായൂരപ്പന്റെ തിടമ്പെഴുന്നള്ളിച്ച ഗജരത്നം പത്മനാഭൻ (80) ഓർമയായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനു ദേവസ്വം ആനത്താവളമായ പുന്നത്തൂർക്കോട്ടയിലായിരുന്നു അന്ത്യം. ഇന്നു രാവിലെ 9 വരെ പൊതുദർശനം; തുടർന്ന് സംസ്കാരത്തിന് എറണാകുളം ജില്ലയിലെ കോടനാട്ടേക്കു കൊണ്ടുപോകും.

ഒരു ദിവസത്തെ എഴുന്നള്ളിപ്പിന് 2,22,222.22 രൂപ എന്ന റെക്കോർഡ് തുക നേടിയത് പത്മനാഭനെ പ്രശസ്തനാക്കിയിരുന്നു. 2004 ൽ പാലക്കാട് നെന്മാറ വല്ലങ്ങി വേലയ്ക്കായിരുന്നു ഈ റെക്കോർഡ് ലേലം. തൃശൂർ പൂരത്തിനുൾപ്പെടെ പത്മനാഭനെ കിട്ടാൻ ഉത്സവ കമ്മിറ്റികൾ മത്സരിച്ചിരുന്നു.

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആദരിക്കുകയും സ്വർണപ്പതക്കം സമ്മാനിക്കുകയും ചെയ്തു. പ്രായാധിക്യം മൂലം സമീപകാലത്ത് ഗുരുവായൂരപ്പനെ എഴുന്നള്ളിക്കാൻ മാത്രമാണു നിയോഗിച്ചിരുന്നത്. അവസാനമായി ഡിസംബർ 8 ന് ഏകാദശിക്കാണ് എഴുന്നള്ളിച്ചത്. 2 മാസമായി ചികിത്സയിലായിരുന്നു. 

ഗുരുവായൂർ പത്മനാഭന് സുഖനിദ്ര; പ്രാർഥനയോടെ ആയിരങ്ങൾ 

ഗുരുവായൂർ ∙ ഗജരത്നം പത്മനാഭനു ദേവസ്വം നൽകിയതു കിട്ടാവുന്നതിൽ മികച്ച ചികിത്സ. ഡോക്ടർമാരായ പി.ബി. ഗിരിദാസ്, ടി.എസ്. രാജീവ്, പി. വേണുഗോപാൽ, കെ.വിവേക്, ദേവൻ നമ്പൂതിരി എന്നിവരടങ്ങുന്ന വിദഗ്ധസമിതിയുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.  വിശദമായ പരിശോധന നടത്തി പ്രത്യേക ഷെഡിലേക്ക് മാറ്റിയ ആനയെ 6 മണിക്കൂർ കൂടുമ്പോൾ ഡോക്ടർമാർ നേരിട്ടു പരിശോധിച്ചു. വെറ്ററിനറി കോളജിൽ നിന്നുള്ള ലാബ് സംവിധാനം ആനക്കോട്ടയിൽ ഏർപ്പെടുത്തി. 

ആവണപ്പറമ്പു മഹേശ്വര‍ൻ നമ്പൂതിരിപ്പാടിന്റെയും ശങ്കരൻ നമ്പൂതിരിപ്പാടിന്റെയും ആയുർവേദ കഷായങ്ങളും ലേപനങ്ങളും നൽകി.  ഏഷ്യയിലെ  മികച്ച ആന ചികിത്സകരിലൊരാളായ കെ.കെ. ശർമയെ  വരുത്തി  ഉപദേശം തേടി.  ഒട്ടേറെപ്പേർ  പ്രാർഥനയോടെ പത്മനാഭനു വേണ്ടി  കാത്തിരുന്നെങ്കിലും  ഒടുവിൽ  സുഖമരണം. 

പത്മനാഭന്റെ വിയോഗം അറിഞ്ഞ് ആനക്കോട്ടയിലേക്ക് ആരാധക പ്രവാഹം രാത്രിയിലും തുടർന്നു. ഇന്നലെ ഉച്ചയ്ക്ക് 2.10ന് ആയിരുന്നു പത്മനാഭന്റെ അന്ത്യം.  1954 നവംബർ 18നാണ് ഒറ്റപ്പാലത്തെ ഇ.പി. ബ്രദേഴ്സ് ഉടമ എരാണ്ടത്തു പുത്തൻ വീട്ടിൽ അച്യുതൻ നായർ പത്മനാഭനെ നടയിരുത്തിയത്.

English summary: Guruvayur Padmanabhan dies at 84

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com