അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള തുകയെച്ചൊല്ലി തർക്കം: ബിഎസ്എൻഎൽ 4ജി വൈകും
Mail This Article
കോട്ടയം ∙ 3ജി ഉപകരണങ്ങൾ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള തുകയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ബിഎസ്എൻഎൽ 4ജി സേവനങ്ങൾ വൈകും. 2 കമ്പനികളിൽ നിന്നാണ് ബിഎസ്എൻഎൽ 3ജി ഉപകരണങ്ങൾ വാങ്ങിയിരിക്കുന്നത്. ഇതിൽ ഒരു കമ്പനി കൂടുതൽ തുക ആവശ്യപ്പെട്ടതാണ് 4ജി സേവനങ്ങൾ ആരംഭിക്കാൻ കാലതാമസം വരുത്തുന്നത്.
രാജ്യമൊട്ടാകെ 4 മേഖലകളിലായി 3ജി ഉപകരണങ്ങൾ നൽകിയിരിക്കുന്നത് 2 കമ്പനികളാണ്. 4ജി ആരംഭിക്കുന്നതിനായി ഇതിൽ തിരഞ്ഞെടുത്ത ടവറുകൾ 4ജിയിലേക്ക് ഉയർത്തുന്ന നടപടികൾ ഈ കമ്പനികൾ തന്നെയാണ് നടത്തേണ്ടത്. ഇവിടെ രണ്ടു കമ്പനികളും രണ്ടു തരത്തിൽ പ്രതിഫലം ആവശ്യപ്പെട്ടതോടെ നടപടികൾ പ്രതിസന്ധിയിലായി. ഒരേ സേവനത്തിനു രണ്ടു തരത്തിൽ പ്രതിഫലം നൽകാൻ സാധിക്കില്ലെന്നാണു ബിഎസ്എൻഎല്ലിന്റെ നിലപാട്. ഇതു സംബന്ധിച്ച് ഇരു കമ്പനികളുമായും ചർച്ച തുടരുകയാണ്.
ഏപ്രിലിൽ 4ജി രാജ്യവ്യാപകമായി അവതരിപ്പിക്കാനാണ് ബിഎസ്എൻഎൽ ലക്ഷ്യമിട്ടത്. ഇപ്പോഴത്തെ തർക്കം മൂലം 4ജി സേവനങ്ങൾ എന്ന് ആരംഭിക്കാം എന്നതിൽ അവ്യക്തതയുണ്ട്. രാജ്യത്ത് ആകെ 50,000 ടവറുകൾ 3 ജിയിൽ നിന്ന് 4ജി ആക്കി മാറ്റാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കൂടാതെ 50,000 പുതിയ 4ജി ഉപകരണങ്ങൾ സ്ഥാപിക്കുകയും ചെയ്യും. 4ജി സ്പെക്ട്രം ലഭിക്കാനുള്ള ലൈസൻസ് നടപടികൾ ബിഎസ്എൻഎൽ പൂർത്തിയാക്കിയിട്ടുണ്ട്.
‘നിങ്ങളുടെ കോൾ വിലപ്പെട്ടതാണ് ’ പക്ഷേ, എടുക്കാൻ ആളില്ല
ബിഎസ്എൻഎൽ മൊബൈൽ കസ്റ്റമർ കെയർ നമ്പർ എടുക്കാൻ ആളില്ലെന്നു പരാതി. 1503 എന്ന കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചാൽ എക്സിക്യൂട്ടീവിനോടു സംസാരിക്കാൻ സാധിക്കുന്നില്ല. മെസേജുകൾക്കു മറുപടി നൽകി കസ്റ്റമർ കെയർ എക്സിക്യൂട്ടീവിനോടു സംസാരിക്കാനുള്ള ഓപ്ഷൻ തിരഞ്ഞെടുത്താൽ ആരും ഫോൺ എടുക്കില്ല. സ്വയം വിരമിക്കൽ പദ്ധതിക്കു ശേഷം ഇതുവരെയും ആരും ഫോൺ എടുത്തിട്ടില്ലെന്നു ഉപയോക്താക്കൾ പറയുന്നു.
‘നിങ്ങളുടെ കോൾ വിലപ്പെട്ടതാണ്.. കാത്തിരിക്കൂ’ എന്ന സന്ദേശം മാത്രമാണ് ലഭിക്കുക. ലാൻഡ് ഫോൺ പരാതികളും എക്സ്ചേഞ്ചുകളിൽ നിന്ന് പരിഹരിക്കുന്നില്ലെന്നും പരാതിയുണ്ട്. ഉപഭോക്തൃ സേവന കേന്ദ്രങ്ങളും ലാൻഡ് ഫോൺ പരിപാലനവും പുറംകരാർ ജോലിയാക്കി ബിഎസ്എൻഎൽ മാറ്റിയെങ്കിലും പല സ്ഥലങ്ങളിലും ഇത് ഏറ്റെടുക്കാൻ ആളില്ലാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.
English Summary: BSNL 4G Service