സഹായമായി ചോദിച്ചത് പഴയ കസേര; പുതിയവ നൽകി പൊലീസ് ‘ഞെട്ടിക്കൽ’
Mail This Article
ചേർത്തല ∙ വീട്ടിലേക്ക് ഒരു പഴയ കസേര ചോദിച്ചാണ് 6ാം ക്ലാസുകാരൻ ചേർത്തല ഡിവൈഎസ്പി ഓഫിസിൽ എത്തിയത്. അവിടത്തെ പൊലീസുകാർ വീട്ടിലെത്തിച്ചു നൽകിയത് 2 പുതിയ കസേരകൾ. എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ പറയാൻ മടിക്കണ്ട, കഴിയുംവിധം സഹായിക്കാമെന്ന വാഗ്ദാനവും നൽകിയാണ് അവർ മടങ്ങിയത്.
ചേർത്തല ആയുർവേദ ആശുപത്രിക്കു സമീപം പുറമ്പോക്കിലെ വീട്ടിൽ താമസിക്കുന്ന 6ാം ക്ലാസുകാരൻ സ്കൂളിൽ പോകുമ്പോൾ, ഡിവൈഎസ്പി ഓഫിസിനു പിന്നിൽ പഴയ കസേരകൾ കൂട്ടിയിട്ടത് ശ്രദ്ധിച്ചിരുന്നു. തന്റെ വീട്ടിലുണ്ടായിരുന്ന ഒരു കസേര ഒടിഞ്ഞുപോയി. പുതിയതു വാങ്ങാൻ നിർവാഹവുമില്ല. അങ്ങനെയാണ് വീട്ടിലിടാൻ ഒരു പഴയ കസേര തരുമോ എന്നു ചോദിക്കുന്നത്. ഉദ്യോഗസ്ഥർ ആദ്യം അമ്പരന്നെങ്കിലും കാര്യങ്ങൾ വിശദമായി തിരക്കി.
ഭാഗ്യക്കുറി വിൽപനക്കാരനായിരുന്ന അച്ഛൻ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കിടപ്പിലാണെന്നും അമ്മ ഭാഗ്യക്കുറി വിറ്റും മറ്റു ജോലികൾക്കു പോയുമാണ് വീട് നോക്കുന്നതെന്നും പറഞ്ഞപ്പോൾ പൊലീസ് മനസ്സലിഞ്ഞു. സർക്കാർ ഓഫിസിലെ സാധനങ്ങൾ അങ്ങനെ കൊടുക്കാൻ പാടില്ലെന്നും അടുത്ത ദിവസം വരാനും നിർദേശിച്ചു. പിറ്റേന്നു വന്ന കുട്ടിയെ അമ്പരപ്പിച്ച് 2 പുതിയ കസേരകൾ പൊലീസ് വാങ്ങി വച്ചിരുന്നു. മാത്രമല്ല, വാഹനത്തിൽ വീട്ടിൽ അത് എത്തിച്ചു നൽകുകയും ചെയ്തു. ഡിവൈഎസ്പി എ.ജി.ലാൽ കസേരകൾ കൈമാറി.