140 ജീവനക്കാർക്ക് കെഎസ്ആർടിസി നോട്ടിസ്, 18 ഡ്രൈവർമാർക്ക് എതിരെ ആർടി വകുപ്പ്
Mail This Article
തിരുവനന്തപുരം ∙ നഗരത്തിൽ കെഎസ്ആർടിസി ജീവനക്കാർ കഴിഞ്ഞ ബുധനാഴ്ച നടത്തിയ മിന്നൽ പണിമുടക്കുമായി ബന്ധപ്പെട്ടു കെഎസ്ആർടിസി ഡ്രൈവർമാർക്കും സ്വകാര്യ ബസിനും എതിരെ മോട്ടർ വാഹന വകുപ്പും ജീവനക്കാർക്ക് എതിരെ കെഎസ്ആർടിസിയും നടപടി തുടങ്ങി. ബസുകൾ വഴിമുടക്കി നിർത്തിയിട്ടതിനു 18 ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന്റെ ഭാഗമായി ആർടിഒ കാരണം കാണിക്കൽ നോട്ടിസ് നൽകി.
പ്രശ്നങ്ങൾക്കു തുടക്കമിട്ട സ്വകാര്യ ബസിന് എതിരെയും പെർമിറ്റ് ലംഘനവുമായി ബന്ധപ്പെട്ടു ഉടമയ്ക്കും നോട്ടിസ് നൽകിയിട്ടുണ്ട്. സംഭവത്തിൽ ഉത്തരവാദികളായ മുഴുവൻ പേരുടെയും വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് നടപടികൾ തുടരുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.
കാരണം കാണിക്കൽ നോട്ടിസിനു മറുപടി നൽകാൻ 14 ദിവസം സാവകാശമുണ്ട്. വിശദീകരണം കേട്ട ശേഷമാകും നടപടികൾ. ലൈസൻസുകൾ ഒന്നു മുതൽ 6 മാസം വരെ സസ്പെൻഡ് ചെയ്യാൻ നിയമ വ്യവസ്ഥയുണ്ട്. കെഎസ്ആർടിസി നൽകിയ ഡ്രൈവർമാരുടെ പട്ടിക വച്ചാണു നടപടി.
പൊലീസിനെ വിമർശിച്ച് സിപിഐ മുഖപത്രം
തിരുവനന്തപുരം ∙ സമരവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽ പൊലീസിനെ വിമർശിച്ചു സിപിഐ മുഖപത്രം. പണിമുടക്കിനെ ന്യായീകരിക്കാനാവില്ലെങ്കിലും തികച്ചും വിവേകരഹിതമായ പൊലീസ് നടപടിയാണ് ദൗർഭാഗ്യകരമായ സംഭവങ്ങളിലേക്കു നയിച്ചതെന്നു മുഖപ്രസംഗത്തിൽ പറഞ്ഞു.
കെഎസ്ആർടിസി ജീവനക്കാരെ നേരിടാൻ തിരക്കേറിയ കിഴക്കേകോട്ടയിലും സമീപ സ്റ്റേഷനുകളിലുമുള്ള പൊലീസ് ഉദ്യോഗസ്ഥരെ മുഴുവൻ ഫോർട്ട് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ നടപടിയാണു കിഴക്കേകോട്ടയെ നാഥനില്ലാക്കളരിയാക്കിയത്. ജീവനക്കാരുടെ സംഘടനാ നേതാക്കൾ മന്ത്രിയെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചിട്ടും ഇടപെടലിനു കാലതാമസം ഉണ്ടായതായും കുറ്റപ്പെടുത്തി.
English Summary: KSRTC sends notice to 140 employees