അനിശ്ചിതത്വത്തിലായി പ്രവാസികൾ; സൗദി യാത്ര പാതിവഴിയിലായി നിരവധി പേർ
Mail This Article
കുവൈത്തിനു പിന്നാലെ ഖത്തറും സൗദി അറേബ്യയും കൂടി യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പ്രവാസികൾ അനിശ്ചിതത്വത്തിൽ. ഇന്നലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നു ബഹ്റൈനിലെ മനാമയിലിറങ്ങി സൗദിയിലേക്കു പോകാനിരുന്ന നൂറോളം മലയാളികൾക്കു കണക്‌ഷൻ വിമാനം ലഭിച്ചില്ല. ബഹ്റൈൻ, യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കു സൗദി വിലക്ക് ഏർപ്പെടുത്തിയതാണു പ്രശ്നം.
ഇവരെ തിരുവനന്തപുരം, കൊച്ചി വിമാനങ്ങളിലായി നാട്ടിലേക്കു മടക്കിവിട്ടു. യുഎഇ വഴി സൗദിയിലേക്ക് ഇത്തിഹാദ് എയർവേയ്സിന്റെ 2 വിമാനങ്ങളിലായി പോകേണ്ടിയിരുന്ന 116 പേരെ കോഴിക്കോട്ടുനിന്നു കൊണ്ടുപോയില്ല. കോഴിക്കോട്ടു നിന്നു സൗദിയിലേക്കു നേരിട്ടുള്ള സർവീസുകളിൽ ജോലി ആവശ്യാർഥം പോകുന്നവർക്കു തടസ്സമില്ല.
ഖത്തർ വിലക്ക് ഏർപ്പെടുത്തിയതോടെ കണ്ണൂരിൽ നിന്ന് ഇന്നലെ 333 പേരുടെ ദോഹ യാത്ര മുടങ്ങി. എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്കു മറ്റൊരു ദിവസത്തേക്കു ടിക്കറ്റ് മാറ്റിയെടുക്കാം. ഖത്തറിന്റെ വിലക്കു പ്രഖ്യാപനം വരുംമുൻപു കേരളത്തിൽ നിന്നു പുറപ്പെട്ടവരെ വൈദ്യപരിശോധനയ്ക്കു ശേഷം ഇന്നലെ വൈകിട്ടോടെ പ്രവേശനം അനുവദിച്ചു.
ദോഹയിൽ ഇറങ്ങി മറ്റു രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്നവർക്കു നിയന്ത്രണങ്ങളില്ല. തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നു ദോഹയിലേക്കുള്ള വിമാന സർവീസുകളെല്ലാം നിർത്തി. മറ്റു ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകളും താൽക്കാലികമായി നിർത്തുമെന്നാണു സൂചന.
English summary: Flight service canceled; Passengers stranded Manama