തെറ്റിന് രാജ്യം ശിക്ഷ നൽകട്ടെ, ആരും അവളെ കല്ലെറിയരുത്: നിമിഷയുടെ അമ്മ
Mail This Article
തിരുവനന്തപുരം∙ ഭീകര സംഘടനയായ ഐഎസ് ഉപേക്ഷിച്ചു മടങ്ങി വരാൻ ആഗ്രഹം പ്രകടിപ്പിച്ചു അഫ്ഗാനിസ്ഥാനിൽ കഴിയുന്ന ആറ്റുകാൽ സ്വദേശി നിമിഷ ഫാത്തിമയുടെ വിഡിയോ ദൃശ്യം പുറത്തു വന്നതിനു പിന്നാലെ നിമിഷയുടെ അമ്മ ബിന്ദു കേന്ദ്ര സർക്കാരിനോട് സഹായം അഭ്യർഥിച്ചു.
അവൾ ചെയ്ത തെറ്റിനു രാജ്യം ശിക്ഷ നൽകട്ടെ. മകളെ കാണെണമെന്നു ഏതൊരമ്മയും ആഗ്രഹിക്കില്ലേ? ഇതിന്റെ പേരിൽ ആരും കല്ലെറിയരുത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, അഫ്ഗാൻ സർക്കാർ തുടങ്ങി എല്ലായിടത്തും അപേക്ഷ നൽകി. കേന്ദ്രസർക്കാർ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. ഡൽഹിയിൽ നിന്നു മാധ്യമങ്ങൾ വഴിയാണു നിമിഷയുടെ വിഡിയോ ദൃശ്യം ബിന്ദു കണ്ടത്. ഇതു അഫ്ഗാനിസ്ഥാൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്ന ദൃശ്യമെന്നാണു സൂചന.
2016ലാണു നിമിഷ ഭർത്താവായ ബെക്സിൻ എന്ന ഈസയോടൊപ്പം അഫ്ഗാനിസ്ഥാനിലേക്കു പോയത്. തിരികെ എത്തിയാൽ ശിക്ഷിക്കപ്പെടുമോ എന്നു ഭയമുണ്ടെന്നും ജയിലിൽ അടയ്ക്കില്ലെങ്കിൽ അമ്മയെ കാണാൻ വരണമെന്നാണ് നിമിഷ വിഡിയോയിൽ പറഞ്ഞത്.
English summary: Nimisha Fathima's mother approach centre