ADVERTISEMENT

കൊച്ചി ∙ ഫിഷറീസ് ശാസ്ത്രജ്ഞനും കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) വൈസ് ചാൻസലറുമായ ഡോ. എ.രാമചന്ദ്രൻ (61) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ 2ന് കളമശേരിയിലെ വസതിയിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. സംസ്കാരം നടത്തി. ആദ്യകാല കൊച്ചി മേയറും കോൺഗ്രസ് നേതാവുമായിരുന്ന കെ.എസ്.എൻ. മേനോന്റെ മകനാണ്. ഇടപ്പള്ളി കാംപിയൻ സ്കൂൾ അധ്യാപിക ഡോ. സനൂജ രാജേശ്വരിയാണ് ഭാര്യ. ഏക മകൻ രാഹുൽ രാമചന്ദ്രൻ സിംഗപ്പൂരിൽ ഷിപ്പ് എൻജിനീയറാണ്. 

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് ഡയക്ടറും റജിസ്ട്രാറുമായിരുന്ന ഡോ. രാമചന്ദ്രൻ 2016 ജൂണിലാണ് കുഫോസിന്റെ രണ്ടാമത്തെ വൈസ് ചാൻസലറായി സ്ഥാനമേറ്റത്. സുൽത്താനേറ്റ് ഓഫ് ഒമാന്റെ ഫിഷറീസ് ഉപദേശകനായും ഫിഷറീസ് സംബന്ധമായ ഒട്ടേറെ ദേശീയ, രാജ്യാന്തര സമിതികളിൽ വിദഗ്ധ അംഗമായും പ്രവർത്തിച്ചു വരികയായിരുന്നു. കഴിഞ്ഞ നവംബറിൽ ഇന്ത്യയിലെ ആദ്യ രാജ്യാന്തര ബ്ലൂ ഇക്കോണമി കോൺഫറൻസ് കൊച്ചിയിൽ നടന്നത് ഡോ. എ. രാമചന്ദ്രന്റെ നേതൃത്വത്തിലാണ്. അടുത്ത വർഷത്തെ ദേശീയ വൈസ് ചാൻസലേഴ്‌സ് കോൺഫറൻസിന് ആതിഥേയത്വം വഹിക്കാൻ കുഫോസിനെ ഒരുക്കുന്നതിടെയാണ് അന്ത്യം.

ഫിഷറീസ് രംഗത്ത് രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട മുന്നൂറിലേറെ പ്രബന്ധങ്ങളുടെയും ഒട്ടേറെ ഗവേഷണ പുസ്തകങ്ങളുടെയും രചയിതാവാണ്. വേമ്പനാട്ട് കായലിലെ പ്ലാസ്റ്റിക് മാലിന്യത്തെക്കുറിച്ച് കുഫോസ് നടത്തിയ പഠനത്തിന് നേതൃത്വം നൽകിയ രാമചന്ദ്രൻ സമുദ്ര പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഡിസാസ്റ്റർ മാനേജ്മെന്റ് എന്നിവ ഐച്ഛിക വിഷയങ്ങളായി എംഎസ്‌സി കോഴ്സുകൾ കുഫോസിൽ ആരംഭിച്ചു. 

English summary: Dr. A.Ramachandran passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com