‘സിൽവർ ലൈൻ’ പദ്ധതി വൈകാതിരിക്കാൻ ശ്രമം
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനസർക്കാരിന്റെ വേഗറെയിൽപാത ‘സിൽവർ ലൈൻ’ പദ്ധതി കോവിഡിനെത്തുടർന്നുള്ള സാമ്പത്തികപ്രതിസന്ധി മൂലം വൈകാതിരിക്കാൻ സർക്കാർ ശ്രമം. പദ്ധതിയുടെ വിശദ രൂപരേഖയ്ക്ക് അംഗീകാരം നൽകാനായി അടുത്തയാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ തന്നെ അവതരിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. പിന്നീട് റെയിൽവേ ബോർഡിന്റെ അംഗീകാരത്തിനു സമർപ്പിക്കും.
അന്തിമ രൂപരേഖ പ്രകാരം 63941 കോടി രൂപയാണ് ആകെ ചെലവ്. 33700 കോടി രൂപ വായ്പയായി ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ബാക്കി വരുന്ന തുക സംസ്ഥാന, കേന്ദ്രസർക്കാരുകൾ വഹിക്കണം. ഭൂമി ഏറ്റെടുക്കലിനും നഷ്ടപരിഹാരം നൽകാനും മാത്രം 13000 കോടി രൂപയോളം ചെലവു വരും. ഇത് കിഫ്ബി വഴി കണ്ടെത്താനാണ് ശ്രമം. സ്ഥലമുടമകൾക്ക് വിഹിതം നൽകി സ്ഥലം ഏറ്റെടുക്കാനും ആലോചനയുണ്ട്.
വിദേശ വായ്പയ്ക്കു വേണ്ടിയുള്ള അനൗദ്യോഗിക ചർച്ചകൾ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ തുടങ്ങിയിട്ടുണ്ട്. സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ളവ ഈ വർഷം തന്നെ തുടങ്ങുമെന്നു മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. റെയിൽവേ ബോർഡിന്റെ അനുമതിക്കുശേഷം നിതി ആയോഗ്, മന്ത്രിസഭാസമിതി, കേന്ദ്രമന്ത്രിസഭാ അനുമതികളും ലഭിക്കണം.
English summary: Kerala rail silver line project