യാത്ര മുടങ്ങി; അതിഥിത്തൊഴിലാളികൾ പ്രകോപിതരായതോടെ പകരം ട്രെയിൻ
Mail This Article
പത്തനംതിട്ട ∙ അവസാന നിമിഷം ട്രെയിൻ റദ്ദാക്കിയതിനെ തുടർന്നു യാത്ര മുടങ്ങിയ അതിഥിത്തൊഴിലാളികൾ, കിടപ്പാടം നഷ്ടപ്പെട്ട് ഒരു പകൽ മുഴുവൻ പെരുവഴിയിൽ. പ്രകോപിതരായ തൊഴിലാളികളെ പിരിച്ചുവിടാൻ പൊലീസിനു ലാത്തി ഉപയോഗിക്കേണ്ടി വന്നു. ഒടുവിൽ, ആലപ്പുഴയിൽ നിന്നു പുറപ്പെടുന്ന 2 ട്രെയിനുകളിൽ യാത്ര തരപ്പെടുത്തി അധികൃതർ പ്രശ്നം ഒതുക്കി.
തൊഴിലാളികൾക്ക് നാടുകളിലേക്കു മടങ്ങാൻ എല്ലാ സൗകര്യവും ചെയ്തു നൽകണമെന്ന സുപ്രീം കോടതി വിധി വന്നതിന്റെ നാലാം നാളാണു തൊഴിലാളികൾ പെരുവഴിയിലായത്. ഒരുപകൽ നീണ്ട സംഘർഷ നിമിഷങ്ങൾക്ക് വൈകുന്നേരം 5 മണിയോടെയാണ് അയവു വന്നത്.
ഇന്നലെ രാത്രി 10നു തിരുവല്ലയിൽ നിന്നു ബിഹാറിലേക്കു ട്രെയിൻ ഉണ്ടെന്ന അറിയിപ്പിനെ തുടർന്നു 2 ദിവസം മുൻപേ തൊഴിലാളികളുടെ സ്ക്രീനിങ് ജില്ലാ ഭരണകൂടം പൂർത്തിയാക്കിയിരുന്നു. ജില്ലയിൽ നിന്ന് 1452 പേർക്കാണ് അവസരം ലഭിച്ചത്. ഇവരെ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എത്തിക്കാൻ താലൂക്ക് കേന്ദ്രങ്ങളിൽ നിന്നു കെഎസ്ആർടിസി ബസും ക്രമീകരിച്ചു. ഭക്ഷണവും വെള്ളവും ഒരുക്കി.
താമസിച്ചിരുന്ന ലോഡ്ജുകളിലെ മുറി ഒഴിഞ്ഞു. കൈക്കുഞ്ഞുകൾ അടക്കം സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു. ബസുകൾ എത്തിയതിനു പിന്നാലെയാണ് ട്രെയിൻ റദ്ദാക്കിയ വിവരം ലഭിക്കുന്നത്.
തൊഴിലാളികളെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്താൻ ഉദ്യോഗസ്ഥർ പാടുപെട്ടു. തിരികെ പോകാൻ കിടപ്പാടം പോലുമില്ലെന്നു തൊഴിലാളികൾ നിലവിളിച്ചു. ഒടുവിൽ സംഘർഷത്തിലേക്കു നീങ്ങി. ഇതോടെ പൊലീസ് തൊഴിലാളികളെ വിരട്ടി ഓടിക്കുകയായിരുന്നു. സ്ക്രീനിങ് കേന്ദ്രങ്ങളിൽ തന്നെ തമ്പടിച്ച തൊഴിലാളികളോട് വൈകുന്നേരത്തോടെ പുതിയ ട്രെയിൻ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
English summary: Migrant workers train cancelled in Pathanamthitta