ADVERTISEMENT

ദുബായ് ∙ പ്രചരിച്ച ചിത്രത്തിലെ ആളല്ല, നയതന്ത്ര പാഴ്സലിനൊപ്പമുള്ള ബില്ലിൽ പറയുന്ന കടയിൽ ആ പേരിൽ ജീവനക്കാരനുമില്ല. അപ്പോൾ പിന്നെ, സ്വർണക്കടത്തു കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദ് ആര്?

എന്നാൽ, കേസിലെ പ്രതി താനല്ലെന്നു പറഞ്ഞു മാധ്യമങ്ങൾക്കു മുന്നിലെത്തിയ തൃശൂർ സ്വദേശി ഫൈസൽ ഫരീദിന്റെ ദുബായിലെ മേൽവിലാസവും ഫോൺ നമ്പരും തന്നെയാണ് പാഴ്സൽ രേഖകളിൽ.

അൽ റാഷിദിയയിൽ അഞ്ചാം നമ്പർ വില്ല എന്നാണു വിലാസത്തിൽ. റാഷിദിയയിലാണു കുടുംബത്തോടൊപ്പം ഫൈസൽ താമസിക്കുന്നത്. സുഹൃത്തിന്റെ ഫോണിൽ വിളിച്ച് ഫൈസലിന്റെ മൊഴിയെടുത്തതായി കൊച്ചി കസ്റ്റംസ് വെളിപ്പെടുത്തിയിരുന്നു. സുഹൃത്തിനെ കസ്റ്റംസ് അധികൃതർ വിളിച്ചിരുന്നെന്ന് സമ്മതിച്ചെങ്കിലും താൻ ആരുമായും സംസാരിച്ചില്ലെന്നാണു ഫൈസൽ കഴിഞ്ഞദിവസം പറഞ്ഞത്. ഇന്നലെ മാധ്യമങ്ങളോടു പ്രതികരിക്കാൻ തയാറായില്ല.

ദുബായിൽ ഫൈസി; റേസിങ്ങിൽ കമ്പം

ഫൈസൽ ഫരീദ് ദുബായിൽ അറിയപ്പെടുന്നത് ഫൈസിയെന്നാണ്. കാർ റേസിങ് ഉൾപ്പെടെ ഹരമായ, സിനിമക്കാരും യുഎഇ സ്വദേശികളുമായും അടുപ്പമുള്ള യുവ ബിസിനസുകാരൻ. പിതാവ് ഫരീദിനും ഇവിടെ ജോലിയായിരുന്നതിനാൽ ചെറുപ്പം മുതലേ ദുബായിലായിരുന്നു. ദുബായ് ഖിസൈസിൽ ‘ഗോ ജിം’ എന്ന ജിംനേഷ്യവും ‘ഫൈവ് സി മോട്ടർ സ്പോർട്സ്’ എന്ന ആഡംബര വാഹന വർക് ഷോപ് അടക്കമുള്ള സ്ഥാപനങ്ങളുമുണ്ട് . 

ബോളിവുഡ് താരം അർജുൻ കപൂറാണ് 2019 നവംബറിൽ ജിം ഉദ്ഘാടനം ചെയ്തത്. നടനെ കൊണ്ടുവരാൻ ചെലവ് ഒരു കോടിയിലേറെ രൂപയെന്ന് ബോളിവുഡ് കേന്ദ്രങ്ങൾ. മലയാള സിനിമാ താരങ്ങളിൽ ചിലരും ഈ ജിംനേഷ്യം സന്ദർശിച്ചിട്ടുണ്ട്. ഈയിടെ ഒരു യുവനടൻ ദുബായിലെത്തിയപ്പോൾ ഫൈസലിന്റെ ആഡംബര കാറിലായിരുന്നു യാത്രകൾ. പിതാവ് 2 മാസം മുൻപു കോവിഡ് ബാധിച്ചു മരിച്ചു. 

സമൂഹത്തിലെ ഉന്നതർ ഉൾപ്പടെ സന്ദർശകരായ ജിംനേഷ്യം പാർട്നർഷിപ്പിലാണു നടത്തുന്നത്.  മറ്റൊരു മലയാളിക്കാണു നടത്തിപ്പു ചുമതല. പരിശീലകരിൽ ചിലരും മലയാളികൾ. ഫൈസൽ വല്ലപ്പോഴും മാത്രമേ എത്താറുള്ളൂ. സ്വതവേ മിതഭാഷി. ആഡംബര കാർ വർക് ഷോപ്പ് ഇപ്പോൾ പൂട്ടിക്കിടക്കുകയാണ്.

ഷാർജയിലെ കടയിലും ഫൈസലില്ല

കസ്റ്റംസ് കോടതിയിൽ നൽകിയ രേഖകളിൽ പരാമർശിച്ചിരുന്ന ഷാർജയിലെ അൽ സത്താർ സ്പൈസസ് എന്ന സ്ഥാപനത്തിന്റെ ഉടമയും ഫൈസൽ ഫരീദ് എന്ന ആൾ അവിടെയില്ലെന്ന് വെളിപ്പെടുത്തിയിരുന്നു.

ഈ കടയുടെ പേരിലുള്ള ഇൻവോയ്സാണ് വിമാനത്താവളത്തിൽ സാധനങ്ങൾ എത്തിച്ചത് എന്നാണ് കസ്റ്റംസ് രേഖകളിൽ.മലയാളിയുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിൽ ഈന്തപ്പഴം, പലവ്യഞ്ജനം അടക്കമുള്ള സാധനങ്ങളാണ് വിൽക്കുന്നത്.

വ്യാജവിലാസം വച്ച് അതു നടക്കില്ല

കോൺസുലേറ്റിലെ ഉദ്യോഗസ്ഥന്റെ പേരിൽ അജ്ഞാതർക്കോ വ്യാജവിലാസം ഉപയോഗിച്ചോ സാധനങ്ങൾ അയയ്ക്കാനാവില്ലെന്നു നയതന്ത്ര മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. അയയ്ക്കുന്ന ആളിന്റെ കൃത്യമായ മേൽവിലാസവും തിരിച്ചറിയൽ രേഖകളും അത്യാവശ്യമാണ്.

ഇവ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണു സാധാരണ ഇത്തരം ബാഗുകൾ അയയ്ക്കുക. കാർഗോ കമ്പനികൾ വഴിയാണെങ്കിൽ അവർക്കും ഇത് ഉറപ്പുവരുത്താൻ ബാധ്യതയുണ്ട്. ഇക്കാര്യത്തിൽ പിഴവുണ്ടായിട്ടുണ്ടെങ്കിൽ ഗൗരവമേറിയ കാര്യമായി കണക്കാക്കി ആ നിലയിലും അന്വേഷണം ഉണ്ടാകാം.

English summary: Gold smuggling: Faisal Fareed 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com