‘ഉത്രയെ കൊലപ്പെടുത്തിയത് ഞാൻ’; പരസ്യ വെളിപ്പെടുത്തലുമായി സൂരജ്
Mail This Article
അടൂർ ∙ ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയത് താനാണെന്നു പരസ്യമായി ഏറ്റുപറഞ്ഞ് ഭർത്താവ് സൂരജ്. ഇന്നലെ പറക്കോട്ടുള്ള വീട്ടിൽ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു സൂരജിന്റെ വെളിപ്പെടുത്തൽ.
ഞാനാണ് ഇതു ചെയ്തത്. വീട്ടുകാർക്ക് പങ്കില്ല. പാമ്പുപിടിത്തക്കാരൻ സുരേഷിന്റെ കയ്യിൽനിന്ന് ആദ്യം അണലിയെയും പിന്നീട് മൂർഖനെയും വാങ്ങിയത് ഉത്രയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ തന്നെയായിരുന്നു – ഇതായിരുന്നു സൂരജിന്റെ പരസ്യമായ വെളിപ്പെടുത്തൽ.
എന്തിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തത് എന്നു ചോദിച്ചപ്പോൾ വ്യക്തമായ മറുപടി പറഞ്ഞതുമില്ല. ‘അങ്ങനെയൊന്നുമില്ല’ എന്നായിരുന്നു പ്രതികരണം. ഇക്കാര്യങ്ങൾ മുൻപുതന്നെ പറഞ്ഞിരുന്നതാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
രണ്ടാഴ്ച രണ്ടു പാമ്പുകളെയും വീടിനു പിന്നിൽ സൂക്ഷിച്ചിരുന്ന സ്ഥലങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സൂരജ് കാട്ടിക്കൊടുത്തു. അണലി വീട്ടിലേക്ക് ഇഴഞ്ഞു കയറി വന്നതാണെന്ന് വരുത്തിത്തീർക്കാൻ ടെറസിലേക്ക് പ്ലാവിന്റെ ശിഖരം മുറിച്ച് ചാരിവച്ചിരുന്നതായും വെളിപ്പെടുത്തി.
കഴിഞ്ഞ മേയ് 7ന് ആണ് ഉത്ര അഞ്ചലിലെ വീട്ടിൽ വച്ച് മൂർഖൻ പാമ്പിന്റെ കടിയേറ്റ് മരിച്ചത്. ഭർത്താവ് സൂരജും പാമ്പിനെ നൽകിയ പാരിപ്പള്ളി സ്വദേശി സുരേഷ്കുമാറും അറസ്റ്റിലായിരുന്നു.
English summary: Uthra murder case: Sooraj admits crime