വീട്ടിലേക്കു വിഡിയോ കോൾ; തടവുകാർക്ക് അനുവാദം
Mail This Article
തൃശൂർ ∙ തടവുകാർക്കു ഫോണിലൂടെ വീട്ടുകാരെ കണ്ടു സംസാരിക്കാൻ വിഡിയോ കോൾ സൗകര്യം ഏർപ്പെടുത്തി ജയിൽ വകുപ്പ്. മൊബൈൽ ഫോണും ടാബും ഉപയോഗിച്ചു വാട്സാപ് വിഡിയോ കോൾ സൗകര്യം ഏർപ്പെടുത്താനാണ് അനുമതിയായത്.
പരീക്ഷണാടിസ്ഥാനത്തിൽ 3 മാസത്തേക്കു സൗകര്യമൊരുക്കാൻ ജയിൽ സൂപ്രണ്ടുമാർക്കു ഡിജിപി ഋഷിരാജ് സിങ് നിർദേശം നൽകി. ജയിലുകളിൽ സന്ദർശക നിയന്ത്രണം ഏർപ്പെടുത്തിയതുമൂലം തടവുകാർ അനുഭവിക്കുന്ന മനഃപ്രയാസം കുറയ്ക്കാനാണു നടപടി. കർശന ഉപാധികൾക്കു വിധേയമായാണു വിഡിയോ കോൾ സൗകര്യം ഒരുക്കുക:
2 ബന്ധുക്കളുടെ നമ്പറുകൾ ജയിലിൽ റജിസ്റ്റർ ചെയ്യണം. അച്ഛൻ, അമ്മ, ഭാര്യ, ഭർത്താവ്, മകൻ, മകൾ, സഹോദരർ, മരുമകൻ, മരുമകൾ എന്നീ ബന്ധുക്കളുമായേ വിഡിയോ കോൾ അനുവദിക്കൂ. ആഴ്ചയിലൊരു തവണ പരമാവധി 5 മിനിറ്റ്. കോൾ ലിസ്റ്റ് സംബന്ധിച്ച റജിസ്റ്റർ സൂക്ഷിക്കണം. കോവിഡ് പശ്ചാത്തലത്തിൽ അടിയന്തര ആവശ്യങ്ങൾക്കു മാത്രമാണ് ജയിലിൽ സന്ദർശകരെ അനുവദിക്കുക. ആഴ്ചയിൽ 2 വട്ടം മാത്രം.
English summary: Video calling facility for prison inmates in Kerala