സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി ഇന്നു തീരും
Mail This Article
കൊച്ചി ∙ തിരുവനന്തപുരം സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെങ്കിൽ വീണ്ടും കസ്റ്റഡി ചോദിക്കാൻ ദേശീയ അന്വേഷണ ഏജൻസി നിയമത്തിൽ വകുപ്പുണ്ട്. പ്രതികളെ ഇന്നു ഹാജരാക്കിയ ശേഷം അതിനായി അപേക്ഷ നൽകണം.
പ്രതികളെ റിമാൻഡ് ചെയ്ത് ഒരിടവേളയ്ക്കു ശേഷവും കസ്റ്റഡിയിൽ വാങ്ങാൻ എൻഐഎ നിയമം അനുവദിക്കുന്നുണ്ട്. സ്വർണക്കടത്തു കേസിൽ കസ്റ്റംസിനും ഈ പ്രതികളെ ചോദ്യം ചെയ്യേണ്ടതുള്ളതിനാൽ അവരുടെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും.
വീണ്ടും തെളിവെടുപ്പിന് തിരുവനന്തപുരത്തേക്ക്
തിരുവനന്തപുരം ∙ സ്വർണക്കടത്തു കേസിൽ പ്രതികളായ പി.എസ്. സരിത്തിനെയും സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും വീണ്ടും തിരുവനന്തപുരത്തു തെളിവെടുപ്പിനെത്തിച്ചേക്കും. ഇവർ സ്വർണക്കടത്തിനായി കൂടുതൽ കെട്ടിടങ്ങൾ വാടകയ്ക്കെടുത്തിരുന്നു എന്ന വിവരത്തെത്തുടർന്നാണിത്.
5 മാസത്തിനിടെ സ്വപ്ന വാടകയ്ക്കെടുത്തത് 2 വീടും മറ്റു 3 കെട്ടിടങ്ങളുമാണ്. ഇതു സ്വർണക്കൈമാറ്റം നടത്തുന്നതിനും സൂക്ഷിക്കുന്നതിനും ഉപയോഗിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. സ്വർണം കടത്തുന്നതിന് ഉപയോഗിച്ചിരുന്ന കോൺസുലേറ്റിന്റെ വാഹനത്തോടൊപ്പം സരിത് ഉപയോഗിച്ച സർക്കാർ വാഹനങ്ങളും പരിശോധിക്കും.
English summary: Swapna and Sandeep custody period ends