ADVERTISEMENT

ന്യൂഡൽഹി ∙ എല്ലാ ഗ്രാമീണ ഭവനങ്ങളിലും പൈപ്പിലൂടെ ശുദ്ധജലമെത്തിക്കുന്ന ജലജീവൻ പദ്ധതി കേരളത്തിൽ 2023ൽ പൂർത്തിയാകും. ഇതിനുള്ള സംസ്ഥാനത്തിന്റെ കർമപദ്ധതി കേന്ദ്രം അംഗീകരിച്ചു. കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത് മുഖ്യമന്ത്രി പിണറായി വിജയനുമായി പദ്ധതി സംബന്ധിച്ചു കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ആകെയുള്ള 67.15 ലക്ഷം ഗ്രാമീണ ഭവനങ്ങളിൽ 21.42 ലക്ഷം പേർക്ക് ഈ വർഷം കണക്‌ഷൻ നൽകും.

നിലവിൽ പ്രാദേശിക ജലവിതരണ പദ്ധതിയുള്ള ഗ്രാമങ്ങളിൽ പൈപ്പ് കണക്‌ഷൻ ഇല്ലാത്ത വീടുകളിൽ ഇതു നൽകുന്നതിനായി പ്രത്യേക ക്യാംപെയ്ൻ നടത്തണമെന്ന് ഷെഖാവത് നിർദേശിച്ചു. കേരളത്തിന് ഈ വർഷം പദ്ധതിക്കായുള്ള കേന്ദ്രവിഹിതം 404 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തെ രണ്ടാം ഗഡു തുകയും സംസ്ഥാന വിഹിതവും ചേരുമ്പോൾ ഇത് ഏകദേശം 940 കോടി രൂപയാകും.

നിലവിൽ 113 കോടി രൂപ കേന്ദ്രവിഹിതം സംസ്ഥാനത്തിന്റെ പക്കലുണ്ട്. ഇതിനു പുറമേ 15–ാം ധനകാര്യ കമ്മിഷൻ കേരളത്തിന് അനുവദിച്ച 1628 കോടി രൂപയിൽ പകുതി ഗ്രാമീണ ജലവിതരണ പദ്ധതിക്കും ശുചീകരണ പദ്ധതികൾക്കുമാണ്. ഇത് ജലവിതരണത്തിനു ഫലപ്രദമായി ഉപയോഗിക്കണമെന്ന് കേന്ദ്രമന്ത്രി മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു.

ഉചിതമായ നടപടികളെടുക്കുമെന്ന് ഉറപ്പു നൽകിയ മുഖ്യമന്ത്രി, 585 വില്ലേജുകളിലും 380 ഗ്രാമപഞ്ചായത്തുകളിലും 23 ബ്ലോക്കുകളിലും ഈ വർഷം പദ്ധതി നടപ്പാക്കുമെന്നു പറഞ്ഞു. കേരള സർക്കാരിന്റെ ഹരിത കേരള മിഷനുമായി ചേർന്നായിരിക്കും പദ്ധതി നടപ്പാക്കുക. ജലസ്രോതസുകൾ മെച്ചപ്പെടുത്തുന്നതിന് ഊന്നൽ നൽകുന്നതാണ് ഹരിതകേരള മിഷൻ. മന്ത്രി കെ. കൃഷ്ണൻ കുട്ടിയും യോഗത്തിൽ പങ്കെടുത്തു.

English summary: Jal Jeevan mission Kerala 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com