ADVERTISEMENT

മൂന്നാറിലെ നയ്മക്കാട് എസ്റ്റേറ്റിൽ രാജമല പെട്ടിമുടി ഡിവിഷനിലെ ലയത്തിനു സമീപമുണ്ടായ ഉരുൾപൊട്ടലിൽ‌ 18 മരണം. എട്ടു കുട്ടികളടക്കം കാണാതായ 48 പേർക്കായി തിരച്ചിൽ. 12 പേർ രക്ഷപ്പെട്ടു. 

munnar-landslide
ഉരുൾപൊട്ടലിനു ശേഷം പെട്ടിമുടി

∙ വ്യാഴാഴ്ച രാത്രി 10.45നുണ്ടായ ഉരുൾപൊട്ടലിൽ 30 മുറികളുള്ള 4 ലയങ്ങൾ (എസ്റ്റേറ്റ് തൊഴിലാളികളുടെ പാർപ്പിടം) പൂർണമായി തകർന്നു. 78 പേരാണ് ഇവിടെയുണ്ടായിരുന്നത്. എല്ലാവരും തമിഴ്നാട്ടിൽനിന്നെത്തി ജോലി ചെയ്യുന്നവരാണ്.

∙ ദുരന്തം പുറം ‌‌ലോകമറിഞ്ഞത് 9 മണിക്കൂറിനു ശേഷം ഇന്നലെ രാവിലെ 8 മണിയോടെ രക്ഷപ്പെട്ടവർ നടന്ന് രാജമല ഫോറസ്റ്റ് ഓഫിസിൽ എത്തിയപ്പോൾ.

∙ കനത്ത മഴയും മൂടൽമഞ്ഞും കാരണം വൈകിട്ട് ആറരയോടെ തിരച്ചിൽ അവസാനിപ്പിച്ചു. ഇന്നു കൂടുതൽ തിരച്ചിലിന് ഉപകരണങ്ങളടക്കം സ്ഥലത്തെത്തിച്ചതായി ഇടുക്കി കലക്ടർ എച്ച്. ദിനേശൻ അറിയിച്ചു. 25 അംഗ ദേശീയ ദുരന്തനിവാരണ സേനയും വൈകിട്ടോടെ എത്തി.

∙ മൂന്നാർ–മറയൂർ റോഡിലെ പെരിയവരൈ പാലം തകർന്നതും റോഡ് സൗകര്യം പരിമിതമായതും പ്രദേശത്ത് മൊബൈൽ കവറേജ് ഇല്ലാത്തതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി.

∙ സർക്കാരിന്റെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകൾക്ക് മോശം കാലാവസ്ഥമൂലം എത്താനായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

∙ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി. പരുക്കേറ്റവരുടെ ചികിത്സച്ചെലവും സർക്കാർ വഹിക്കും.

∙ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

∙ ഇന്നലെ രാവിലെ 8.30 ന് അവസാനിച്ച 24 മണിക്കൂറിൽ ഇടുക്കി ജില്ലയിൽ മൂന്നിടങ്ങളിൽ അതിതീവ്രമഴ പെയ്തു. ഇടുക്കി: 22.60 സെ.മീ, പീരുമേട്: 26.10 സെ.മീ, മൂന്നാർ: 22.94 സെ.മീ.

rajamala-munnar
തുടിപ്പ് തേടി... മൂന്നാര്‍ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് പൊലീസും അഗ്നിരക്ഷാസേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നു.

15 പേരെ തിരിച്ചറിഞ്ഞു; 2 കുട്ടികൾ

മരിച്ച 18 പേരിൽ തിരിച്ചറിഞ്ഞ 15 പേർ ഇവർ:  ഗാന്ധിരാജ് (48), ശിവകാമി (38), വിശാൽ (12), രാമലക്ഷ്മി (40), മുരുകൻ (46), മയിൽ സ്വാമി (48), കണ്ണൻ (40), അണ്ണാദുരൈ (44), രാജേശ്വരി (43), കൗസല്യ (25), തപസ്സിയമ്മാൾ (42), സിന്ധു (13), നിധീഷ് (25), പനീർശെൽവം (50), ഗണേശൻ (40). മരിച്ചവരിൽ 3 പേരെ തിരിച്ചറിഞ്ഞിട്ടില്ല.

ഉരുളിനും പുഴയ്ക്കും ഇടയിൽ മരണത്തുരുത്ത്

മൂന്നാറിൽനിന്ന് 25 കിലോമീറ്റർ അകലെ ഇരവികുളം നാഷനൽ പാർക്കിനടുത്ത് തേയിലത്തോട്ടങ്ങളുടെ നടുവിലാണ് പെട്ടിമുടി എസ്റ്റേറ്റ് ലയം. രണ്ടര കിലോമീറ്റർ അകലെ ഇടമലക്കുടി വനാതിർത്തിയിലെ മലമുകളിൽ നിന്നാണ് ഉരുൾപൊട്ടി താഴേക്കു കുതിച്ചെത്തിയത്.

കനത്ത മഴ മൂലം പെട്ടിമുടി പുഴയിൽ ശക്തമായ കുത്തൊഴുക്കായിരുന്നു. പുഴയിൽനിന്നു 100 മീറ്റർ മുകളിലായാണ് ലയങ്ങൾ. ആളുകൾ പുറത്തേക്കിറങ്ങി ഓടിയെങ്കിലും പുഴ കടക്കാനാകാതെ കുടുങ്ങി. ലയങ്ങളുടെ ഇരുവശങ്ങളിലൂടെയും ഉരുൾ പൊട്ടിയെത്തിയതിനാൽ അങ്ങോട്ടും ഓടി രക്ഷപ്പെടാൻ കഴിയാതിരുന്നതു ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.

മോർച്ചറിയില്ല; മൃതദേഹങ്ങൾ ഷെഡ്ഡിൽ

മൃതദേഹങ്ങൾ പെട്ടിമുടിക്കു സമീപമുള്ള ഷെഡ്ഡിൽ സൂക്ഷിച്ചിരിക്കുന്നു. ഇവിടെ മോർച്ചറിയോ മറ്റു സംവിധാനങ്ങളോ ഇല്ല. ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം ഇവിടെത്തന്നെ സംസ്കാരം നടത്തും.

English summary: Munnar landslide 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com