ADVERTISEMENT

പത്തനംതിട്ട ∙ ചിറ്റാറിലെ യുവകർഷകൻ കുടപ്പനക്കുളം പടിഞ്ഞാറേചരുവിൽ പി.പി.മത്തായി വനപാലകരുടെ കസ്റ്റഡിയിൽ മരിച്ച കേസിൽ മൂന്നാഴ്ച പിന്നിട്ടിട്ടും അറസ്റ്റ് നീളുന്നു. ജൂലൈ 28ന് മരിച്ച മത്തായിയുടെ മൃതദേഹം റാന്നി മാർത്തോമ്മാ ആശുപത്രി മോർച്ചറിയിലാണ്. പ്രതികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം മറവുചെയ്യില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മത്തായിയുടെ ഭാര്യ ഷീബയും കുടുംബവും. പ്രതികൾ പിന്നീട് മൊഴികൾ മാറ്റാനുള്ള സാധ്യത തടഞ്ഞും തെളിവുകൾ കൂടുതൽ ശാസ്ത്രീയമാക്കിയ ശേഷവുമല്ലാതെ അറസ്റ്റിലേക്ക് കടക്കില്ലെന്ന് അന്വേഷണ സംഘം സൂചന നൽകി.

തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെടൽ, മനഃപൂർവമല്ലാത്ത നരഹത്യ, വ്യാജ രേഖ ചമയ്ക്കൽ എന്നിവ ഉൾപ്പെടെ ഗുരുതര കുറ്റകൃത്യങ്ങൾ മത്തായിയുടെ മരണത്തിനു പിന്നിൽ നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം സംബന്ധിച്ച് ഇടക്കാല റിപ്പോർട്ട് 4 ദിവസം മുൻപ് റാന്നി മജിസ്ട്രേട്ട് കോടതിയിൽ പൊലീസ് സമർപ്പിച്ചിരുന്നു.

വനപാലകർ പ്രതികളായ കേസിൽ ആരുടെയും പേര് റിപ്പോർട്ടിൽ ചേർക്കാതിരുന്നതും 5 പേരിൽ താഴെയാണ് പ്രതികളെന്നു സൂചന നൽകി ശിക്ഷാ നിയമത്തിലെ വകുപ്പ് 34 ചേർത്തതും ആക്ഷേപത്തിന് ഇടയാക്കി. മത്തായിയെ കസ്റ്റഡിയിൽ എടുത്തത് നിയമവിരുദ്ധമാണെന്നും മരണശേഷം വ്യാജരേഖകൾ ചമച്ച് ഉദ്യോഗസ്ഥർ രക്ഷപ്പെടാൻ ശ്രമം നടത്തി എന്നതുമടക്കം ഗുരുതര കണ്ടെത്തലുകളാണ് അന്വേഷണ സംഘത്തിന്റേത്. 

പൊലീസ് റിപ്പോർട്ടിൽ പ്രതികളുടെ പേരു ചേർത്താൽ, സർവീസ് ചട്ടം അനുസരിച്ച് മുഴുവൻ പേരെയും സസ്പെൻഡ് ചെയ്യേണ്ടി വരുന്നത് ഒഴിവാക്കാനാണ് പേരുകൾ ഉൾപ്പെടുത്താതെ റിപ്പോർട്ട് നൽകിയതെന്നും ആക്ഷേപമുണ്ട്. മത്തായിയുടെ സംസ്കാരം നടത്തിയ ശേഷം അറസ്റ്റ് ആകാമെന്ന നിർദേശം ഉദ്യോഗസ്ഥരിൽ നിന്നും ജനപ്രതിനിധികളിൽ നിന്നുമുണ്ടായാതായി കുടുംബം പറയുന്നു. പ്രതിപക്ഷ കക്ഷികളും വിവിധ സംഘടനകളും സമരം തുടരുമ്പോൾ അറസ്റ്റ് നടന്നാൽ രാഷ്ട്രീയ മുതലെടുപ്പിന് കാരണമാകുമെന്ന അഭിപ്രായം ഭരണപക്ഷത്തിനുണ്ട്.

കുടുംബാംഗങ്ങളുമായി ധാരണയുണ്ടാക്കാൻ ജില്ലാ ഭരണകൂടം വിഡിയോ യോഗം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനു ശേഷമാണ് സിബിഐ അന്വേഷണം തേടി കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുകൾ മരണത്തിൽ കേസെടുത്തിട്ടുണ്ട്. 2 ഉദ്യോഗസ്ഥർക്കു സസ്പെൻഷനും 7 പേർക്കു സ്ഥലംമാറ്റവുമാണ് കേസിൽ വനം വകുപ്പ് എടുത്ത നടപടി. മത്തായിയുടെ കസ്റ്റഡി അനധികൃതമായിരുന്നെന്ന് സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജൻ കുമാർ റിപ്പോർട്ട് നൽകിയിരുന്നു.

34–ാം വകുപ്പ്; ഉദ്യോഗസ്ഥരെ സംരക്ഷിക്കാനെന്ന് ആരോപണം

അഞ്ചിൽ താഴെ പേർ കുറ്റകൃത്യത്തിൽ പങ്കാളികളാകുമ്പോഴാണ് ശിക്ഷാ നിയമം 34 പ്രകാരം ഗൂഢാലോചന കേസ് എടുക്കുന്നത്. എന്നാൽ, മത്തായിയെ കസ്റ്റഡിയിൽ എടുത്തപ്പോഴും മരണം നടക്കുമ്പോഴും 7 പേർ സംഭവ സ്ഥലത്ത് ഉള്ളതായി പൊലീസ് സംഘം കണ്ടെത്തി. 

കസ്റ്റഡി സംബന്ധിച്ച് വനപാലകർ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിൽ 6 ഉദ്യോഗസ്ഥർ ഒപ്പുവച്ചിട്ടുണ്ട്. അരുൺ എന്ന വ്യക്തിയും സംഭവ സ്ഥലത്തുണ്ടായിരുന്നതായി വനപാലകർ മൊഴി നൽകിയിട്ടുണ്ട്. തൻമൂലം കുറ്റകൃത്യത്തിൽ അഞ്ചിൽ താഴെ ആളുകളേ ഉള്ളുവെന്ന വാദം  ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ആരോപണം ഉയർന്നു. അഞ്ചിൽ കൂടുതൽ ആളുകൾ കുറ്റകൃത്യത്തിൽ പങ്കാളികളാണെങ്കിൽ 141, 142, 143, 149 എന്നീ വകുപ്പുകളാണ് സാധാരണ ചുമത്തുന്നത്. എന്നാൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം അനുസരിച്ചാണ് വകുപ്പുകൾ ചേർത്തതെന്നു പൊലീസ് വ്യക്തമാക്കി.

English Summary: 21 days of custody death; still no arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com