തിരുവനന്തപുരം വിമാനത്താവള ലേലം: ഉപദേശിച്ചവർക്ക് അദാനി ബന്ധം
Mail This Article
തിരുവനന്തപുരം ∙ വിമാനത്താവള നടത്തിപ്പിനുള്ള ലേല നടപടികൾക്കു ലീഗൽ കൺസൽറ്റന്റായി സംസ്ഥാന സർക്കാർ വ്യവസായി ഗൗതം അദാനിയുടെ മരുമകൾക്കു പങ്കാളിത്തമുളള സ്ഥാപനത്തെ ചുമതലപ്പെടുത്തിയത് വൻ വിവാദത്തിലേക്ക്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ മകൻ കരണിന്റെ ഭാര്യ പരിധി അദാനി പാർട്ണറായ സിറിൽ അമർചന്ദ് മംഗൾദാസ് എന്ന നിയമസ്ഥാപനത്തെയാണു കേരളം ലേലത്തിനുള്ള രേഖകൾ തയാറാക്കാൻ ഏൽപിച്ചത്. പരിധിയുടെ പിതാവ് സിറിൽ ഷ്റോഫ് ആണ് ഈ സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണർ.
സംസ്ഥാന സർക്കാരിനൊപ്പം അദാനി ഗ്രൂപ്പും ലേലത്തിൽ പങ്കെടുക്കുമ്പോൾ ഇത്തരമൊരു തീരുമാനം ഗൂഢലക്ഷ്യത്തോടെയായിരുന്നുവെന്നാണ് ആരോപണം. പല പദ്ധതികളിലും അദാനി ഗ്രൂപ്പിന്റെ ലീഗൽ കൺസൽറ്റന്റും ഇതേ സ്ഥാപനമാണ്.ലേലത്തിൽ കേരളത്തെ മറികടന്ന് ഒന്നാമതെത്തിയ അദാനി ഗ്രൂപ്പിനെ വിമാനത്താവള നടത്തിപ്പ് ഏൽപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയും സംസ്ഥാന സർക്കാർ അതിനെതിരെ ശക്തമായി രംഗത്തു വരികയും ചെയ്തിരിക്കെയാണു പുതിയ വിവാദം. മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ സർക്കാരിനെ തുണച്ച യുഡിഎഫ്, പുതിയ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രിയിൽ നിന്നു വിശദീകരണം തേടി. ബിജെപിയും വിമർശനം ശക്തമാക്കി.
അതേസമയം, ടെൻഡർ രേഖകളുടെ നിയമസാധുത മാത്രമാണ് കൺസൽറ്റൻസി പരിശോധിച്ചതെന്നാണ് സംസ്ഥാന വ്യവസായ വികസന കോർപറേഷന്റെ (കെഎസ്ഐഡിസി) വാദം. സർക്കാർ രൂപീകരിച്ച തിരുവനന്തപുരം ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡിന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ലേലത്തിൽ പങ്കെടുക്കാൻ 2019 ജനുവരിയിലാണ് മംഗൾദാസ് ഗ്രൂപ്പിനെ ലീഗൽ കൺസൽറ്റന്റാക്കിയത്; ടെക്നിക്കൽ കൺസൽറ്റന്റായി കെപിഎംജിയെയും നിയോഗിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതിയുടെ തീരുമാനം മന്ത്രിസഭ അംഗീകരിച്ചു. മംഗൾദാസ് ഗ്രൂപ്പിന്റെ അദാനി ബന്ധം അന്നേ ഉദ്യോഗസ്ഥർക്കിടയിൽ ചർച്ചയായിരുന്നു.
നിരക്ക് രഹസ്യമെന്ന് വാദം
ഒരു യാത്രക്കാരന് 135 രൂപ എന്ന നിരക്കിൽ എയർപോർട്ട് അതോറിറ്റിക്കു നൽകാമെന്നായിരുന്നു ലേലത്തിൽ കേരളത്തിന്റെ വാഗ്ദാനം. ഈ നിരക്ക് കൺസൽറ്റൻസികൾക്ക് അറിയില്ലായിരുന്നുവെന്നാണു കെഎസ്ഐഡിസിയും ഉന്നത വൃത്തങ്ങളും പറയുന്നത്. ലേല രേഖകൾ തയാറാക്കിയതോടെ കൺസൽറ്റൻസികളുടെ ജോലി കഴിഞ്ഞെന്നും വിശദീകരിക്കുന്നു. മുഖ്യമന്ത്രി നിയമിച്ച ഉന്നതതല സമിതിയാണു നിരക്ക് നിശ്ചയിച്ചത്. ചീഫ് സെക്രട്ടറിയും ധന, ഗതാഗത, നിയമ സെക്രട്ടറിമാരുമായിരുന്നു സമിതിയിലെ അംഗങ്ങൾ. യാത്രക്കാരനു 168 രൂപ എന്ന നിരക്കാണ് അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്തത്. കേരളത്തിന്റെ നിരക്ക് ഇതിന്റെ 10% കുറവായ 151 രൂപയാണെങ്കിൽ പോലും (റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസൽ) കരാർ ലഭിക്കുമായിരുന്നു.
ഫീസ് മണിക്കൂറിന് 13,000 രൂപ
സിറിൽ അമർചന്ദ് മംഗൾദാസ് ഗ്രൂപ്പ് മണിക്കൂറിനു 15,000 രൂപയിലേറെ പ്രതിഫലം ആവശ്യപ്പെട്ടെങ്കിലും സർക്കാർ വിലപേശി 13,000 രൂപയാക്കി. ദൗത്യ ശേഷം ഈ നിരക്കിൽ പ്രതിഫലം ചോദിച്ചെങ്കിലും ബിൽ വീണ്ടും വെട്ടിക്കുറച്ച് 55 ലക്ഷം രൂപ നൽകിയെന്ന് കെഎസ്ഐഡിസി പറയുന്നു.
English Summary: Thiruvananthapuram Airport auction row