പെട്ടിമുടി ദുരന്തം: 3.5 കോടി രൂപ നഷ്ടപരിഹാരത്തിന് ശുപാർശ
Mail This Article
മൂന്നാർ∙ പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ അനന്തരാവകാശികളെ കണ്ടെത്താനായി സർക്കാർ നിയോഗിച്ച പ്രത്യേക റവന്യു സംഘം കലക്ടർക്കു റിപ്പോർട്ട് സമർപ്പിച്ചു. ഇന്നലെയാണ് സ്പെഷൽ തഹസിൽദാർ ബിനു ജോസഫിന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘം കലക്ടറേറ്റിൽ എത്തി റിപ്പോർട്ട് കൈമാറിയത്.
അപകടത്തിൽ നശിച്ച വാഹനങ്ങൾ, വസ്തുവകകൾ, വീട്ടുപകരണങ്ങൾ എന്നിവയ്ക്ക് 88,418,24 രൂപയുടെ നഷ്ടമാണ് റവന്യു സംഘം കണക്കാക്കിയിരിക്കുന്നത്. നഷ്ടപരിഹാര ഇനത്തിൽ 3.5 കോടി രൂപ നൽകാനും റിപ്പോർട്ടിൽ ശുപാർശയുണ്ട്.
അപകടത്തിൽ മരിച്ച മുഴുവൻ പേരുടെയും അനന്തരാവകാശികളെ കണ്ടെത്തി. അപകടത്തിൽ മരിച്ചവരുടെ തമിഴ്നാട്ടിലുള്ള ബന്ധുക്കളെ റവന്യു സംഘം ഫോണിലൂടെ ബന്ധപ്പെട്ടു. അപകടത്തിൽപെട്ട 14 കുടുംബങ്ങളിൽ ഒരാൾ പോലും ബാക്കിയില്ല. 2 കുടുംബത്തിലെ മുഴുവൻ പേരും പരുക്കുകളോടെ രക്ഷപ്പെട്ടു. 6 കുടുംബങ്ങളിലെ ചിലർ മാത്രം രക്ഷപ്പെട്ടു. ഈ 8 കുടുംബങ്ങളെ ഇവിടെ പുനരധിവസിപ്പിക്കും.
22 കുടുംബങ്ങളുടെ വീടും വസ്തുവകകളും പൂർണമായി നഷ്ടമായി. പരുക്കേറ്റവരിൽ 3 പേർ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും 4 പേർ മൂന്നാർ ടാറ്റാ ആശുപത്രിയിലും ചികിത്സയിലാണ്. ഉരുൾപൊട്ടലിലെ നാശനഷ്ടം, പുനരധിവാസം, ധനസഹായ വിതരണം എന്നിവ വേഗത്തിലാക്കുന്നതിനാണ് കഴിഞ്ഞ 19 നു പ്രത്യേക റവന്യു സംഘം പ്രവർത്തനം ആരംഭിച്ചത്.
കുടുംബങ്ങളെ സംബന്ധിച്ച രേഖകൾ എല്ലാം ഉരുൾപൊട്ടലിൽ നഷ്ടമായത് റവന്യു സംഘത്തിനു വെല്ലുവിളിയായിരുന്നു. താലൂക്ക് സപ്ലൈ ഓഫിസ്, ഇലക്‌ഷൻ ഐഡി പകർപ്പുകൾ, കമ്പനിയിൽ നിന്നുള്ള വിവരങ്ങൾ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവയെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്.
പെട്ടിമുടിയിൽ ഉരുൾപൊട്ടിയിട്ട് നാളെ ഒരു മാസം തികയും. അപകടത്തിൽ മരിച്ച 66 പേരുടെ മൃതദേഹങ്ങൾ വീണ്ടെടുത്തു. 4 പേരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
English summary: Munnar Pettimudi compensation