കണ്ണീർ പോരാട്ടത്തിന്റെ 40 നാൾ; പൊന്നുവിനു വിട നൽകി ഷീബ
Mail This Article
ചിറ്റാർ (പത്തനംതിട്ട) ∙ ഷീബയുടെ ശപഥം നിറവേറിയതിനു പിന്നാലെ പ്രിയതമന്റെ ഭൗതികശരീരം മണ്ണോടു ചേർന്നു. 40 ദിവസം മുൻപ് വനപാലകരുടെ കസ്റ്റഡിയിൽ മരിച്ച ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറേചരുവിൽ പി.പി.മത്തായിയുടെ (പൊന്നു–41) മൃതദേഹമാണ് റീ പോസ്റ്റ്‌മോർട്ടം നടത്തി സംസ്കരിച്ചത്. കുടപ്പനക്കുളം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു അന്ത്യ ദർശനവും സംസ്കാരച്ചടങ്ങുകളും.
റീപോസ്റ്റ്മോർട്ടത്തിനു ശേഷം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്നലെ രാവിലെ ഭാര്യ ഷീബയും ബന്ധുക്കളും ഏറ്റുവാങ്ങി. ഒട്ടേറെ നാട്ടുകാരും എത്തിയിരുന്നു. വിലാപയാത്രയായി നാട്ടിലെത്തിച്ചു. മത്തായിയുടെ ചേതനയറ്റ ശരീരം കണ്ട് അമ്മ ഏലിയാമ്മ അലമുറയിട്ടു കരഞ്ഞു. ഷീബയും മക്കളായ സോണയും ഡോണയും ദുഃഖം മൂലം തളർന്ന അവസ്ഥയിലായിരുന്നു.
ജൂലൈ 28ന് വനപാലകർ കസ്റ്റഡിയിലെടുത്ത മത്തായിയെ കുടുംബ വീടിനു സമീപമുള്ള കിണറ്റിൽ വൈകിട്ട് മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു. സിബിഐ അന്വേഷണ സംഘം നടത്തിയ ദേഹപരിശോധനയിൽ പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിലുള്ളതിനേക്കാൾ മുറിവുകൾ കണ്ടെത്തി.
English Summary: P.P. Mathai funeral