ഒടുവിൽ കാരുണ്യം വാതിൽ തുറക്കുന്നു; മുൻമന്ത്രി പി.കെ.വേലായുധന്റെ ഭാര്യയ്ക്ക് വീട് അനുവദിച്ചു
Mail This Article
തിരുവനന്തപുരം∙ സ്വന്തമായി വീടും ഭൂമിയുമില്ലാതെ വാടക വീടുകളിലൂടെ ജീവിതം തള്ളിനീക്കിയ മുൻമന്ത്രി പത്നിക്ക് ഒടുവിൽ കോർപറേഷൻ കൈത്താങ്ങായി. മൂന്നാം കരുണാകരൻ മന്ത്രിസഭയിൽ ഗ്രാമവികസനം, ട്രാൻസ്പോർട്ട് വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന അന്തരിച്ച പി.കെ. വേലായുധന്റെ ഭാര്യ ഗിരിജയ്ക്കു കല്ലടിമുഖത്തെ ഫ്ലാറ്റ് സമുച്ചയത്തിൽ ഒരു ഫ്ലാറ്റ് നൽകാൻ കോർപറേഷൻ ക്ഷേമ കാര്യ സ്ഥിരംസമിതി തീരുമാനിച്ചു. മന്ത്രിയായിരുന്ന ഭർത്താവിന്റെ മരണ ശേഷമുള്ള കുടുംബ പെൻഷൻ കൊണ്ടാണ് ഇപ്പോഴത്തെ ജീവിതം.
1975 ൽ തൃശൂർ പാറമേക്കാവിൽ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വേലായുധന്റെയും ഗിരിജയുടെയും വിവാഹം. 1983ൽ മന്ത്രിയായപ്പോൾ അതുവരെ തൃശൂരിലെ വേലായുധന്റെ കുടുംബ വീട്ടിൽ താമസിച്ചിരുന്ന ഇരുവരും "കൽപന"യെന്ന മന്ത്രിമന്ദിരത്തിലേക്കു മാറി. മന്ത്രി പദം വിട്ടൊഴിഞ്ഞപ്പോൾ മുഴുവൻ സമയ പാർട്ടി പ്രവർത്തകനായി. ഇതിനിടെ പിടിപി നഗറിൽ സ്വന്തമായി വീടു പണിതെങ്കിലും കടം വീട്ടാനായി അതു വിറ്റു. പിന്നീട് തൃശൂരും തിരുവനന്തപുരത്തുമായി എണ്ണമറ്റ വാടക വീടുകളിൽ മാറിമാറി താമസം.
2003 മേയ് 16 ന് ആയിരുന്നു വേലായുധന്റെ മരണം. അതോടെ ഒറ്റയ്ക്കാണെന്നതിനാൽ വീടുകൾ കിട്ടാനും പ്രയാസമായി. തന്റെ ദുരിതാവസ്ഥ വിവരിച്ച് പല മുഖ്യമന്ത്രിമാർക്കും കത്തു നൽകിയെങ്കിലും ആരും കാര്യമായെടുത്തില്ല.
ഒടുവിൽ ചികിത്സിക്കുന്ന ഡോക്ടർ മുഖേന മന്ത്രി എ.കെ.ബാലനു കത്തെഴുതി. "സർ, ഇപ്പോൾ എനിക്ക് ആരുമില്ല. കയറിക്കിടക്കാൻ ഒരിടമില്ല. ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് വാങ്ങാൻ തന്നെ തീരെ ബുദ്ധിമുട്ടിലാണ്. വാടക വീടുകൾ മാറി മാറി മടുത്തു". കത്ത് ബാലൻ കോർപറേഷനു കൈമാറി.
തുടർന്നു ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എസ്.എസ്.സിന്ധു മുൻകൈയെടുത്താണു ഫ്ലാറ്റ് അനുവദിക്കാൻ തീരുമാനമെടുത്തത്. 350 ചതുരശ്ര അടി വിസ്തീർണമുള്ള ഫ്ലാറ്റാണു കൈമാറുന്നത്. 2018ൽ ഹൃദയ സ്തംഭനമുണ്ടായപ്പോൾ ചികിത്സയുടെ മുഴുവൻ തുകയും കെപിസിസിയാണു ചെലവാക്കിയത്. പന്തളം, ഞാറയ്ക്കൽ നിയോജക മണ്ഡലങ്ങളെയാണ് വേലായുധൻ നിയമസഭയിൽ പ്രതിനിധീകരിച്ചിരുന്നത്. മരിക്കുമ്പോൾ കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു.
English summary: Former minister P.K.Velayudhan's wife gets home