കടബാധ്യത 8 ലക്ഷം; പെരിയാറിൽ ‘മുങ്ങിയ’ യുവാവ് കോട്ടയത്തു പൊങ്ങി
Mail This Article
ആലുവ∙ പുഴയിൽ മുങ്ങി മരിച്ചെന്നു തെറ്റിദ്ധാരണ ഉണ്ടാക്കി കടം നൽകിയവരെ കബളിപ്പിക്കാനുള്ള യുവാവിന്റെ ശ്രമം പാളി. വസ്ത്രങ്ങളും മൊബൈൽ ഫോണും ശിവരാത്രി മണപ്പുറത്തു വച്ച ശേഷം അപ്രത്യക്ഷനായ മുപ്പത്തടം മില്ലുപടി കീലേടത്തു സുധീറിനെ (39) മൂന്നാം ദിവസം കോട്ടയം മെഡിക്കൽ കോളജ് പരിസരത്തു നിന്നാണു പൊക്കിയത്. മറ്റൊരാളുടെ ഫോൺ വാങ്ങി വീട്ടിലേക്കു വിളിച്ചതോടെയാണ് പദ്ധതി പൊളിഞ്ഞത്.
സുകുമാരക്കുറുപ്പ് 8 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടാനാണ് ചാക്കോയെ കാറിനുള്ളിലിട്ടു കത്തിച്ചതെങ്കിൽ, സുധീർ 8 ലക്ഷം രൂപയുടെ കടബാധ്യതയിൽ നിന്നു മോചനം തേടിയാണു ‘മുങ്ങിമരിച്ചെന്ന’ തിരക്കഥയിൽ നായകനായത്.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സുധീറിനെ പെരിയാറിൽ ‘കാണാതായത്’. പുഴക്കരയിൽ നിന്നു വസ്ത്രങ്ങളും മൊബൈൽ ഫോണും കണ്ടെടുത്ത പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. തുടർന്നു തഹസിൽദാരുടെയും വീട്ടുകാരുടെയും സാന്നിധ്യത്തിൽ അഗ്നിരക്ഷാസേനയും നാട്ടുകാരായ മുങ്ങൽ വിദഗ്ധരും ശനിയാഴ്ച സന്ധ്യ വരെ തിരച്ചിൽ നടത്തി.
ഒടുവിൽ പ്രതീക്ഷ നഷ്ടപ്പെട്ടു നിർത്തി. അതിനിടെയാണു ഇന്നലെ രാവിലെ സുധീറിന്റെ ഫോൺ കോൾ ഭാര്യയ്ക്കു വന്നത്. ഭർത്താവിന് ഒന്നും സംഭവിച്ചില്ലെന്ന സന്തോഷത്തിൽ അവർ എല്ലാവരെയും വിവരം അറിയിച്ചു. വീണ്ടും മുങ്ങാതിരിക്കാൻ ബന്ധുക്കളെ മുന്നിൽ നിർത്തി തന്ത്രപൂർവമാണു സുധീറിനെ കസ്റ്റഡിയിൽ എടുത്തത്. നീന്തൽ വിദഗ്ധനായ സുധീർ ആളുകളുടെ കണ്ണിൽ പെടാതെയാണു മണപ്പുറത്തു നിന്നു കടന്നുകളഞ്ഞതെന്നു പൊലീസ് പറഞ്ഞു. മൊഴി എടുത്ത ശേഷം കോടതിയിൽ ഹാജരാക്കി.
സുധീർ പൊലീസിനോടു പറഞ്ഞത്: പലർക്കായി 8 ലക്ഷം രൂപ കൊടുക്കാനുണ്ട്. പണം തിരികെ ആവശ്യപ്പെട്ടു ശല്യപ്പെടുത്തിയവർ വീട്ടിൽ വന്നു പ്രശ്നം ഉണ്ടാക്കുമെന്നു ഭീഷണിപ്പെടുത്തിയപ്പോഴാണ് മരിച്ചതായി കഥയുണ്ടാക്കി തലയൂരാൻ ശ്രമിച്ചത്.ആലുവയിലെ കടയിൽ നിന്നു പാന്റ്സും ടീ ഷർട്ടും വാങ്ങി മണപ്പുറത്തെത്തി. ധരിച്ചിരുന്ന വസ്ത്രങ്ങളും മൊബൈലും കുളിക്കടവിൽ വച്ചു, പുതിയ വസ്ത്രം ധരിച്ചു.പിന്നീടു പെരുമ്പാവൂരിലേക്കും തുടർന്ന് കോട്ടയത്തേക്കും ബസിൽ പോയി. 2 ദിവസം മെഡിക്കൽ കോളജ് പരിസരത്തു തങ്ങി.
ഭാര്യയുടെയും മക്കളുടെയും കാര്യം ഓർത്തപ്പോൾ മനസ്സ് തളർന്നു. രോഗിക്കു കൂട്ടിരിപ്പിനു വന്ന ഒരാളുടെ ഫോൺ വാങ്ങി ഭാര്യയെ വിളിച്ചു.ഓട്ടോ ഡ്രൈവറാണ്. മീൻ കച്ചവടം ഉൾപ്പെടെ പല ജോലികളും ചെയ്തിട്ടും സാമ്പത്തികമായി രക്ഷപ്പെട്ടില്ല. ലോട്ടറി ടിക്കറ്റ് എടുത്താണ് കാശു പോയത്. 2000–3000 രൂപയുടെ വരെ ടിക്കറ്റ് എടുത്ത ദിവസങ്ങളുണ്ട്. സമ്മാനമൊന്നും അടിച്ചില്ല.