ADVERTISEMENT

തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ കോവിഡ് നോഡൽ ഓഫിസറും ഹെഡ് നഴ്സുമാരും ഉൾപ്പെടെ 3 പേരെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടിക്കെതിരെ ഡോക്ടർമാരും നഴ്സുമാരും സമരത്തിലേക്ക്.   മെഡിക്കൽ കോളജിൽ പ്രതിഷേധം നടത്തിയതിനു  കണ്ടാലറിയാവുന്ന 50 ഡോക്ടർമാർക്കെതിരെ പകർച്ചവ്യാധി നിരോധന നിയമവും ഉൾപ്പെടുത്തി പൊലീസ് കേസെടുത്തു.

ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 250 ഡോക്ടർമാരാണ് ഇന്നലെ സമരത്തിൽ പങ്കെടുത്തത്. സർക്കാരും ആരോഗ്യപ്രവർത്തകരും ഏറ്റുമുട്ടലിലായതോടെ സംസ്ഥാനത്തു മെഡിക്കൽ കോളജുകളിലെ കോവിഡ് ചികിത്സ പ്രതിസന്ധിയിലേക്കു നീങ്ങി.  പ്രശ്നങ്ങൾക്കു 2 ദിവസത്തിനകം പരിഹാരമായില്ലെങ്കിൽ എല്ലാ മെഡിക്കൽ കോളജുകളിലും ശക്തമായ പ്രത്യക്ഷ പ്രതിഷേധം ആരംഭിക്കുമെന്നു  കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) മുന്നറിയിപ്പു നൽകി. 

സംഘടനകളുമായി മന്ത്രി കെ.കെ. ശൈലജ വെള്ളിയാഴ്ച നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണു പ്രക്ഷോഭത്തിലേക്കു നീങ്ങിയത്. കോവിഡ് വാർഡിൽ ചിത്സയിലായിരുന്ന വട്ടിയൂർക്കാവ് സ്വദേശി ആർ.അനിൽകുമാറിന്റെ ശരീരത്തിലാണു പുഴുവരിച്ചത്. കോവിഡ് നോഡൽ ഓഫിസർ ഡോ.അരുണ, ഹെഡ് നഴ്സുമാരായ ലീന കുഞ്ചൻ, കെ.വി.രജനി എന്നിവരെയാണ് ആരോഗ്യ അഡീഷനൽ സെക്രട്ടറി സസ്പെൻഡ് ചെയ്തത്.

ജീവനക്കാർക്കു ഗുരുതുര വീഴ്ച സംഭവിച്ചെന്ന മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.എം.എസ്.ഷർമദിന്റെ റിപ്പോർട്ട് നടപടി ശുപാർശയോടെ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ എ.റംലാ ബീവി മന്ത്രി ശൈലജയ്ക്കു നൽകിയിരുന്നു. സംഭവത്തിൽ തുടരന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നു മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോടു മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി ചില മെഡിക്കൽ കോളജുകളിലെയും കോവിഡ് നോഡൽ ഓഫിസർമാർ പദവി ഒഴിഞ്ഞു. എന്നാൽ ഡ്യൂട്ടിക്കു ഹാജരാകുമെന്ന് അവർ അറിയിച്ചു.    

തിരുവനന്തപുരത്തു 3 പേരും തൃശൂരിൽ  15 പേരുമാണ് ഒഴിഞ്ഞത്. തൃശൂരിലെ 15 ഡോക്ടർമാർ  സ്ഥാനം ഒഴിഞ്ഞതു വൈകിട്ട് പിൻവലിച്ചു. ജീവനക്കാരെ സംരക്ഷിക്കുമെന്നു മന്ത്രി നൽകിയ ഉറപ്പിനെ തുടർന്നാണു രാജിയിൽ നിന്നു പിന്മാറുന്നതായി ഡോക്ടർമാർ  അറിയിച്ചത്. കോട്ടയം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജുകളിലെ നോഡൽ ഓഫിസർമാർ രാജി വച്ചിട്ടില്ല. പാലക്കാട്, ഇടുക്കി മെഡിക്കൽ കോളജിലെ ഡോക്ടർമാർ പ്രതിഷേധിക്കുകയോ രാജി വയ്ക്കുകയോ ചെയ്തിട്ടില്ല. അതേസമയം, രാജിയുടെ പേരിലുള്ള ഡോക്ടർമാരുടെ സംഘടനകളുടെ അവകാശവാദം ശരിയല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 

കെജിഎംസിടിഎ എല്ലാ സർക്കാർ മെഡിക്കൽ കോളജുകളിലും പ്രതിഷേധ പരിപാടി നടത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ 2 മണിക്കൂർ ഒപി ബഹിഷ്കരിച്ച ശേഷമാണ് ആശുപത്രിക്കു പുറത്തു പ്രതിഷേധിച്ചത്. 2 ഡോക്ടർമാർ 48 മണിക്കൂർ നിരാഹാരവും തുടങ്ങി. ഹെഡ് നഴ്സുമാർക്കെതിരായ നടപടി പിൻവലിക്കണമെന്ന ആവശ്യവുമായി സിപിഎം അനുകൂല സംഘടനയായ കേരള ഗവ.നഴ്സസ് യൂണിയൻ പ്രതിഷേധ ദിനം ആചരിച്ചു.  ഇന്നു 10.30നു റിലേ സത്യഗ്രഹം ആരംഭിക്കുമെന്നു ജില്ലാ പ്രസിഡന്റ് എസ്.എം.അനസ് പറഞ്ഞു. കേരള ഗവ. നഴ്സസ് അസോസിയേഷൻ ഒരു മണിക്കൂർ  ജോലിയിൽ നിന്നു വിട്ടുനിന്നു.

English summary: Thiruvananthapuram medical college doctors and nurses on strike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com