രാസപരിശോധനകളിൽ തിരിമറി: വിജിലൻസ് അന്വേഷണം തുടങ്ങി
Mail This Article
കൊച്ചി ∙ കേസന്വേഷണങ്ങളുടെ ഭാഗമായി സർക്കാർ ലബോറട്ടറികളിൽ നടത്തുന്ന രാസ പരിശോധനാ റിപ്പോർട്ടുകളിൽ തിരിമറി നടക്കുന്നുണ്ടോ എന്നറിയാൻ വിജിലൻസ് അന്വേഷണം സംസ്ഥാന വ്യാപകമാക്കി. വിജിലൻസ് തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി എ. അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ 4 സിഐമാരുൾപ്പെട്ട പ്രത്യേക സംഘത്തിനാണു ചുമതല.
തിരുവനന്തപുരം ചീഫ് കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി ജീവനക്കാരുടെ സഹായത്തോടെ വ്യാജക്കള്ള് കേസിലെ പരിശോധനാ റിപ്പോർട്ടിൽ തിരിമറി നടത്തിയതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഹൈക്കോടതി സമഗ്ര അന്വേഷണത്തിനു നിർദേശിച്ചിരുന്നു.
സാംപിൾ പരിശോധനയുടെ യഥാർഥ ഫലം ബന്ധപ്പെട്ടവർക്കു രഹസ്യമായി ചോർത്തി നൽകുന്നുണ്ടോ, പ്രതികൂല റിപ്പോർട്ട് അനുകൂലമാക്കാൻ ശ്രമം നടക്കുന്നുണ്ടോ, റിപ്പോർട്ടുകളിൽ വ്യാപക തിരിമറി നടക്കുന്നുണ്ടോ എന്നെല്ലാം വിജിലൻസ് സംഘത്തിന്റെ അന്വേഷണത്തിൽ അറിയണം.
രാസപരിശോധനാ റിപ്പോർട്ട് കോടതികളിൽ നിർണായക തെളിവായി അംഗീകരിക്കുന്നതാണ്. അനലിസ്റ്റിനെ വിസ്തരിക്കുക പോലും ചെയ്യാതെ റിപ്പോർട്ട് ആധാരമാക്കി കോടതികൾ നടപടിയെടുക്കാറുമുണ്ട്. ഈ വസ്തുത കൂടി പരിഗണിച്ചാണ് വിപുലമായി അന്വേഷിക്കാൻ കോടതിയുടെ നിർദേശമുണ്ടായത്.
വ്യാജക്കള്ള് കേസിന്റെ സാംപിൾ പരിശോധനയുടെ കള്ളറിപ്പോർട്ട് ലാബിൽ നിന്നു പൊലീസ് സ്റ്റേഷനിലേക്കും മജിസ്ട്രേട്ട് കോടതിയിലേക്കും അയച്ചതിന്റെ ബലത്തിൽ കേസിലെ പ്രതി ഹൈക്കോടതിയിൽ നിന്ന് എഫ്ഐആർ റദ്ദാക്കി ഉത്തരവു നേടിയിരുന്നു. റിപ്പോർട്ടിൽ പൊലീസിനു സംശയം തോന്നിയതിനെ തുടർന്നുള്ള നടപടികളാണു വിജിലൻസ് കേസിൽ കലാശിച്ചത്.
കേസിൽ പ്രതിയാക്കപ്പെട്ട തിരുവനന്തപുരം ചീഫ് കെമിക്കൽ എക്സാമിനേഴ്സ് ലാബിലെ മുൻ ജീവനക്കാരൻ മുൻകൂർ ജാമ്യത്തിനെത്തിയപ്പോഴാണു ഇക്കാര്യം ഹൈക്കോടതി അറിഞ്ഞത്.