ADVERTISEMENT

അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ അനുജൻ അക്കിത്തം നാരായണൻ മുൻപു പങ്കുവച്ച ഓർമകൾ

വല്യേട്ടനുമൊത്തുള്ള ബാല്യകാല ഓർമകൾ പടിഞ്ഞാറു ഭാഗത്തുനിന്നുള്ള പഞ്ചായത്തു നിരത്തിൽനിന്ന് ആൽമരവും ചുറ്റി ഇറക്കമിറങ്ങി ഇല്ലത്തിന്റെ മുറ്റത്തെത്തി നിൽക്കുമ്പോൾ കാലം ഒരുപാടു പിറകോട്ടു പോകുന്നു. ദശവർഷങ്ങൾക്കു മുൻപുള്ള വല്ല്യേട്ടന്റെ രൂപവും ചര്യകളും ഓർക്കുമ്പോൾ കുടുമയും പൂണൂലും ഇല്ലാത്ത അന്നത്തെ കലാലയ കുമാരനാണു മനസ്സിൽ തെളിയുന്നത്. തല കുറ്റിമുടിയായി ക്രോപ് ചെയ്‌തു പാന്റ്‌സിട്ട അന്നത്തെ ആധുനികത കണ്ണിൽ കാണുന്നു. ആ വേഷവും നടപ്പും ഒരു നമ്പൂതിരി യുവാവിൽ കണ്ടപ്പോൾ എന്തോ ഒരു പന്തികേടു തോന്നിയിരുന്നുവോ ആവോ! അന്നത്തെ കോളജ് വിദ്യാഭ്യാസത്തിന്റെ ഫാഷനായാണു പാന്റ്‌സിനെ കണ്ടിരുന്നതെന്നു പറഞ്ഞാൽ തെറ്റില്ല.

പഴയകാലത്തു നാട്ടിൻപുറവും ആൽമരവുമെല്ലാം പലതരം വിശ്വാസങ്ങളിൽ ചുറ്റപ്പെട്ടിരുന്നു. അന്ധവിശ്വാസങ്ങളിലധിഷ്‌ഠിതവും പരമ്പരാഗതവുമായ അത്തരം ചുറ്റുപാടുകളിൽനിന്നു കുട്ടികളായ എന്നെയും സഹോദരരെയും മുക്‌തരാക്കാൻ വല്ല്യേട്ടന്റെ പ്രവൃത്തികളും നടപ്പും പ്രചോദനമായിട്ടുണ്ട്. എന്നാൽ ഓത്തും സംസ്‌കൃത പഠനവുമെല്ലാം വൈജ്‌ഞാനികവും ആധ്യാത്മികവുമായ വിഷയങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. അവധിക്കാലത്തു വല്യേട്ടൻ വീട്ടിൽ വരുമ്പോൾ കൂടുതലടുക്കാനുള്ള അവസരം ലഭിച്ചു.  

വല്യേട്ടന്റെ പരിഷ്‌കൃത വേഷവും ഇംഗ്ലിഷ് പഠനവുമൊന്നും ഇല്ലത്തു വലിയ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നില്ല. വിശേഷിച്ചും അച്‌ഛൻ ആധ്യാത്മികതയുടെയും പരമ്പരാഗതമായ വിശ്വാസങ്ങളിലധിഷ്‌ഠിതമായ വൈദിക ലോകത്തിന്റെയും മേഖലകളിൽ വിഹരിച്ചിരുന്നിട്ടും! വലിയൊരു ഗ്രന്ഥശേഖരം തന്നെ ഇല്ലത്തുണ്ടായിരുന്നു. അപൂർവ പുസ്‌തകങ്ങളായിരുന്നു ഇവയിൽ പലതും. ആ പുസ്‌തകങ്ങൾ പിന്നീടു വല്യേട്ടന്റെ ദേവായനത്തിലാണുണ്ടായത്. ഇല്ലത്തിന്റെ മുൻഭാഗത്തു തെക്കുപടിഞ്ഞാറും വടക്കുപടിഞ്ഞാറുമായി രണ്ടു വലിയ പത്തായപ്പുരകളുണ്ടായിരുന്നു. പത്തായപ്പുരയുടെ താഴത്തെ നിലയിൽ പത്തായങ്ങളും. ഒന്നാം നിലയിൽ കണക്കെഴുത്തുകാർ. രണ്ടാം നിലയിലായിരുന്നു പുസ്‌തകശേഖരമുണ്ടായിരുന്നത്. എംടിയടക്കമുള്ള പലരും ഈ പുസ്‌തകങ്ങൾ പ്രയോജനപ്പെടുത്തിയവരാണ്. 

സമാവർത്തനത്തിനുശേഷം ഞങ്ങൾ സഹോദരരെല്ലാം പഠിപ്പും കിടപ്പുമെല്ലാം പത്തായപ്പുരയുടെ ഒന്നാം നിലയിലാക്കി. വലുതും ചെറുതുമായ മുറികളും നീണ്ട കോലായയുമായിട്ടായിരുന്നു പത്തായപ്പുരകളുണ്ടായിരുന്നത്. ചുമരുകളിൽ ഗാന്ധി, നെഹ്‌റു, ലെനിൻ, മാർക്‌സ്, ടഗോർ തുടങ്ങിയുള്ള ഫോട്ടോകളുണ്ടായിരുന്നു. വലിയൊരു മേശപ്പുറത്തു പുസ്‌തകങ്ങൾ നിറഞ്ഞിരിക്കും. കസേരയിൽ കൂനിയിരുന്നാണു വല്യേട്ടന്റെ എഴുത്തും വായനയുമെല്ലാം. വിവാഹശേഷം പടിഞ്ഞാറ്റയിൽ കമഴ്‌ന്നു കിടന്നാണെഴുത്ത്. രാത്രി വൈകിയും റാന്തൽ വെളിച്ചത്തിൽ എഴുത്തു തുടരും. എഴുതുമ്പോൾ മുതുകിലും മറ്റും കൊതുകു കടിച്ചാൽ പോലും പ്രശ്‌നമാക്കാറില്ല. അങ്ങനെയായിരുന്നു വല്യേട്ടൻ. എഴുത്തിലും വായനയിലും മുഴുകുമ്പോൾ ഒരു ശല്യവും വല്യേട്ടൻ അറിഞ്ഞതായി കണക്കാക്കാറില്ല. ആദ്യകാലത്തു വല്യേട്ടൻ ചിത്രം വര ശീലിച്ചിരുന്നത്രെ! എന്നാൽ വല്യേട്ടന്റെ ആ മേഖലയിലെ പരിശ്രമങ്ങളൊന്നും എനിക്കോർമയില്ല. എഴുത്തിന്റെ ലോകത്തെ വല്യേട്ടനെയാണെനിക്കു ശീലമുള്ളത്. 

കുട്ടിക്കാലത്തു വരയ്‌ക്കാത്തവരുണ്ടാകില്ല. അത്തരമൊരു ഏർപ്പാടായിട്ടാണു വല്യേട്ടന്റെ ചിത്രം വരയെ എനിക്കു തോന്നിയിട്ടുള്ളത്. എന്നാൽ പിന്നീട് അദ്ദേഹം എന്റെ വരകൾക്കു ചില നിർദേശങ്ങളും അഭിപ്രായങ്ങളും പറഞ്ഞിരുന്നു. അവയൊന്നും ഞാൻ തള്ളിക്കളഞ്ഞതുമില്ല. വല്യേട്ടന്റെ പുസ്‌തക വായനയും സാഹിത്യാഭിരുചികളും എനിക്കു പ്രചോദനമുണ്ടായിട്ടുണ്ട്. കെ.സി.എസ്. പണിക്കർ, ദേവൻ മുതലായവരെ ഞാനാദ്യം പരിചയപ്പെടുന്നതും വല്യേട്ടനിലൂടെയാണ്.

ഇല്ലത്ത് അക്കാലത്തു വല്യേട്ടൻ വന്നുംപോയുമിരുന്നു. പല പ്രമുഖരും പലപ്പോഴും ഒപ്പമുണ്ടാവും. ചുറുചുറുക്കോടെ വി.ടിയും ഗൗരവം മുഖമുദ്രയാക്കിയ ഇടശ്ശേരിയും മുറുക്കിച്ചുവപ്പിച്ചു ശൂലപാണി വാരിയരും എം.ആർ.ബിയുമെല്ലാം അക്കൂട്ടത്തിൽ ഇന്നും ഓർമയിൽ തെളിയുന്നു. 

ഇവരും വല്ല്യേട്ടനുമൊത്തുള്ള സഭകളെല്ലാം അകലെനിന്നു ഞങ്ങൾ അനിയന്മാർ വീക്ഷിക്കും. ഞങ്ങളുടെ വിഷയങ്ങളല്ല എന്ന മട്ടിൽ. അതിലൊന്നും ഇടപെടാൻ പോവാറുമില്ല. ചെറുപ്പത്തിൽ വല്യേട്ടന്റെ വര പിന്നീടെന്റെ തലയിൽ വരയായോ! വല്യേട്ടന്റെ മേഖല എഴുത്തും കവിതയുമായതാണു നിയോഗം. എന്നിൽ ലയിച്ച വരകൾ ചിത്രകലാരംഗത്ത് ആവിഷ്‌കാരം നേടിയതും നിയോഗം.

Content Highlight: Akkitham Achuthan Namboothiri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com