കെ.എം.ഷാജിയെ ഇഡി ചോദ്യം ചെയ്തു; അന്വേഷിച്ചത് വരുമാന സ്രോതസ്സുകളെക്കുറിച്ച്
Mail This Article
കോഴിക്കോട്∙ കണ്ണൂർ അഴീക്കോട് ഹൈസ്കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ കെ.എം.ഷാജി എംഎൽഎയെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. കോഴിക്കോട് ഇഡി സബ് സോണൽ ഓഫിസിൽ രാവിലെ 10ന് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി വൈകിയാണ് അവസാനിച്ചത്.
ഷാജിയുടെ വരുമാന സ്രോതസ്സുകളെക്കുറിച്ചാണ് ഇഡി പ്രധാനമായും ചോദിച്ചറിഞ്ഞത്. കോഴിക്കോട് മാലൂർകുന്നിലെ വീടിന് 1.62 കോടി രൂപ വിലമതിക്കുമെന്നു കോർപറേഷൻ ഇഡിക്ക് റിപ്പോർട്ട് നൽകിയിരുന്നു. വീട് നിർമിക്കാൻ ഭാര്യവീട്ടുകാർ ധനസഹായം നൽകിയതിന്റെ രേഖകൾ ഷാജി ഹാജരാക്കി. അക്കൗണ്ട് വഴിയാണു പണം നൽകിയത്. രണ്ടു വാഹനങ്ങൾ വിറ്റു. 10 ലക്ഷം രൂപ വായ്പയെടുത്തു. വയനാട്ടിലെ കുടുംബസ്വത്തിൽ നിന്നുള്ള വിഹിതവും ഉപയോഗിച്ചു. വയനാട് കേന്ദ്രമായി ആരംഭിച്ച ജ്വല്ലറി ഗ്രൂപ്പിൽ ഷാജിക്ക് പങ്കാളിത്തമുണ്ടായിരുന്നു. 2010ൽ രാഷ്ട്രീയത്തിൽ സജീവമായതോടെ പങ്കാളിത്തം ഒഴിഞ്ഞപ്പോൾ ലഭിച്ച പണവും വീടു നിർമാണത്തിന് ഉപയോഗിച്ചതായി ഷാജി ഇഡിയെ അറിയിച്ചു.
അഴീക്കോട് സ്കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കാൻ പണം ആവശ്യപ്പെട്ടതു പാർട്ടിയുടെ പ്രാദേശിക കമ്മിറ്റിയാണ്. പണം വാങ്ങരുതെന്ന് പ്രവർത്തകരോടും നൽകരുതെന്നു സ്കൂൾ മാനേജ്മെന്റിനോട് താൻ പറഞ്ഞിരുന്നതായി ഷാജി പറഞ്ഞു. എന്നാൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയിൽ അവതരിപ്പിച്ച കണക്കിൽ 25 ലക്ഷം രൂപ നൽകിയത് ഉണ്ടെന്നാണ് പരാതി. കൈക്കൂലി നൽകിയിട്ടില്ലെന്ന് സ്കൂൾ മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ടെന്നും ഷാജി അറിയിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ടു മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കളുടെയും സ്കൂൾ അധികൃതരുടെയും ഷാജിയുടെ ഭാര്യയുടെയും മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു.