ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ സിൽവർലൈൻ വേഗ റെയിൽ പാതയുടെ പ്രായോഗികതയിൽ സംശയമുന്നയിച്ച് നിതി ആയോഗ്. പദ്ധതിയുടെ ചെലവ് രൂപരേഖ പ്രകാരമുള്ള 65,000 കോടി രൂപയിൽ ഒതുങ്ങില്ലെന്നും 1.33 ലക്ഷം കോടി രൂപ വരെയാകുമെന്നും കേരളത്തെ അറിയിച്ചു. പദ്ധതിയുടെ ഘടന ശരിയല്ലെന്നും വായ്പ മാതൃകയിൽ സംശയമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

കേന്ദ്ര സർക്കാരിന്റെ അനുമതിക്കു മുന്നോടിയായാണു കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ (കെആർഡിസിഎൽ) പദ്ധതിയുടെ രൂപരേഖ നിതി ആയോഗിനു സമർപ്പിച്ചത്. നിതി ആയോഗിന്റെ വിലയിരുത്തലുകൾ കേന്ദ്ര അനുമതിയെയും സ്വാധീനിക്കും.

നിർമാണച്ചെലവ് കിലോമീറ്ററിന് 120 കോടി രൂപ എന്ന രൂപരേഖയിലെ വിലയിരുത്തൽ മറ്റു പദ്ധതികളെ അപേക്ഷിച്ചു വളരെ കുറവാണെന്നു നിതി ആയോഗ് ചൂണ്ടിക്കാട്ടുന്നു. സമാനമായ ഡൽഹി– മീററ്റ് റാപ്പിഡ് റെയിൽ ട്രാൻസിറ്റ് പദ്ധതിയിൽ കിലോമീറ്ററിനു 370 കോടി രൂപയാണു ചെലവ്; മെട്രോ പദ്ധതികളിൽ ശരാശരി 269 കോടിയും.

ഭൂമി ഏറ്റെടുക്കാനുള്ള ചെലവും കുറച്ചു കാണിച്ചെന്നാണു വിലയിരുത്തൽ. 1383 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ 13,000 കോടി രൂപ വേണമെന്നാണു പദ്ധതി രൂപരേഖയിൽ പറയുന്നത്. എന്നാൽ കേരളത്തിൽ ദേശീയപാത സ്ഥലമെടുപ്പിന്റെ ചെലവു കണക്കാക്കിയാൽ 22,000 കോടി വേണ്ടി വരും.

പൊതുഗതാഗതവും ചരക്കു നീക്കവും ഒന്നിച്ചുനടത്താമെന്ന ആശയം സാങ്കേതികമായി പ്രായോഗികമല്ല. റെയിൽ മന്ത്രാലയത്തിനു പദ്ധതിയിൽ മുതൽമുടക്കാനാകുമോ എന്ന സംശയവും നിതി ആയോഗ് ഉന്നയിക്കുന്നു. എന്നാൽ, ഇതെല്ലാം പതിവായി ഉയരുന്ന ചോദ്യങ്ങളാണെന്നും കൃത്യമായ വിശദീകരണം നൽകുമെന്നുമാണു കെആർഡിസിഎല്ലിന്റെ നിലപാട്.

തിരുവനന്തപുരം– കാസർകോട് : 4 മണിക്കൂർ

നാലു മണിക്കൂർകൊണ്ടു തിരുവനന്തപുരം– കാസർകോട് യാത്ര ലക്ഷ്യമിട്ടുള്ളതാണ് വേഗ റെയിൽ പദ്ധതി. വേഗം മണിക്കൂറിൽ ശരാശരി 180– 200 കിലോമീറ്റർ. പുതിയ 2 പാതകൾ നിർമിക്കാനാണു പദ്ധതി. 6 വരി ദേശീയപാതയുടേതിനു തുല്യമായ എണ്ണം യാത്രക്കാരെ ഉൾക്കൊള്ളാനാകുമെന്നും പദ്ധതി രൂപരേഖയിൽ പറയുന്നു.

Content Highlights: NITI Aayog on Kerala Vega rail project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com