ADVERTISEMENT

തിരുവനന്തപുരം ∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരായ ബാർ കോഴ ആരോപണത്തിൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിനു സ്പീക്കറുടെ അനുമതി തേടി സർക്കാർ. 

മുൻ മന്ത്രിമാരായ വി.എസ്.ശിവകുമാറിനും കെ.ബാബുവിനും എതിരായ അന്വേഷണത്തിനു ഗവർണറുടെ അനുമതി തേടും. ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ ഉണ്ടായിരുന്ന ആശയക്കുഴപ്പത്തിനു താൽക്കാലിക പരിഹാരമായതിനു പിന്നാലെ ഇന്നലെ വൈകിട്ടോടെ രമേശ് ചെന്നിത്തലയ്ക്കെതിരെ അന്വേഷണാനുമതി തേടുന്ന ഫയൽ സ്പീക്കറുടെ ഓഫിസിലേക്ക് അയച്ചു. 

ചെന്നിത്തലയ്ക്കെതിരായ അന്വേഷണത്തിനു ഗവർണറുടെയും ശിവകുമാറിനും ബാബുവിനും എതിരായുള്ളതിനു സ്പീക്കറുടെയും അനുമതി തേടാനായിരുന്നു ആദ്യ തീരുമാനം. ബാർ ഉടമ ബിജു രമേശ് ഉന്നയിച്ച കോഴ ആരോപണ സമയത്തു രമേശ് ചെന്നിത്തല നിയമസഭാംഗം ആയിരുന്നതിനാൽ സ്പീക്കറുടെ അനുമതി മതിയെന്നും ഗവർണറുടെ അനുമതി വേണ്ടെന്നുമുള്ള നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു തീരുമാനം മാറ്റിയത്. ബാബുവും ശിവകുമാറും മന്ത്രിമാരായിരുന്നതിൽ ഗവർണറുടെ അനുമാതി തേടും. 

കേസ് നേരത്തേ അന്വേഷിച്ചു കഴമ്പില്ലെന്നു കണ്ടെത്തിയതിനാൽ വീണ്ടും അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടു ചെന്നിത്തല, ഗവർണർക്കു നിവേദനം നൽകിയിരുന്നു. 

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ, ബാർ ഉടമകൾ പിരിച്ചതിൽ ഒരു കോടി രൂപ കെപിസിസി ഓഫിസിൽ എത്തി ചെന്നിത്തലയ്ക്കും 50 ലക്ഷം രൂപ ബാബുവിനും 25 ലക്ഷം രൂപ ശിവകുമാറിനും കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. ആരോപണത്തിൽ നിന്നു പിൻമാറാൻ ജോസ് കെ.മാണി 10 കോടി വാഗ്ദാനം ചെയ്‌തെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷണമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com