ടി.പത്മനാഭന് സംഗീതസാന്ദ്രമായ ജന്മദിനാഘോഷം
Mail This Article
പയ്യന്നൂർ ∙ മലയാള ചെറുകഥയ്ക്കു ചൈതന്യം ചാർത്തിയ പ്രശസ്ത സാഹിത്യകാരൻ ടി.പത്മനാഭനു സംഗീതസാന്ദ്രമായ ജന്മദിനാഘോഷം. പഞ്ചവാദ്യവും സിത്താർ കച്ചേരിയും കഥകളിയുമായി ആഘോഷം ഒരു പകൽ നീണ്ടു. പയ്യന്നൂർ പോത്താംകണ്ടം ആനന്ദഭവനത്തിൽ സ്വാമി കൃഷ്ണാനന്ദഭാരതിയാണു 91–ാം പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. ഇതിനു തൊട്ടുമുൻപുള്ള 2 പിറന്നാളുകളും ഇവിടെത്തന്നെയായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പങ്കെടുത്ത പ്രമുഖർ പത്മനാഭന് ആശംസകൾ നേർന്നു.
ചെറുതാഴം ചന്ദ്രനും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യത്തോടെയാണു പരിപാടി ആരംഭിച്ചത്. സ്വാമി കൃഷ്ണാനന്ദഭാരതിയുടെ നേതൃത്വത്തിൽ സദസ്യർ 91 ചെരാതുകളിൽ ദീപം തെളിയിച്ചു. പിറന്നാൾ കേക്ക് മുറിച്ചു. തുടർന്ന് ഉസ്താദ് റഫീക്ക് ഖാനും സംഘവും ഹിന്ദുസ്ഥാനി സംഗീതം അവതരിപ്പിച്ചു. നളചരിതം ഒന്നാം ദിവസം കഥകളിയും അരങ്ങേറി.
മന്ത്രി ഇ.പി.ജയരാജൻ, ഭാര്യ പി.കെ.ഇന്ദിര, ജെമിനി ശങ്കരൻ എന്നിവർ രാവിലെ പത്മനാഭന്റെ പള്ളിക്കുന്നിലെ വീട്ടിലെത്തി ആശംസ നേർന്നു.
പത്മനാഭന്റെ ഓരോ വാക്കുകളും കഥകളിലൂടെ നൽകുന്ന സന്ദേശവും വിലപ്പെട്ടതാണെന്നും അത് എല്ലാക്കാലവും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നതായും ഇ.പി. ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ ആശംസ നേർന്നു. കലാസാഹിത്യ സാംസ്കാരിക രാഷ്ടീയ രംഗങ്ങളിലെ പ്രമുഖരും ഫോണിൽ ആശംസ അറിയിച്ചു. നടൻ കമലഹാസൻ ശബ്ദസന്ദേശത്തിലൂടെ ആശംസ അറിയിച്ചു.