വൈദ്യുതി ബോർഡിന് കിട്ടാനുള്ള കുടിശിക 2700 കോടി
Mail This Article
തിരുവനന്തപുരം ∙ വൈദ്യുതി ബോർഡിനു പിരിഞ്ഞു കിട്ടാനുള്ളത് 2700 കോടിയോളം രൂപ. കോവിഡ് ലോക്ഡൗൺ കാലത്ത് ഉപയോക്താക്കൾക്കു നൽകിയ സാവകാശം മൂലം പിരിഞ്ഞു കിട്ടാനുള്ളതാണ് ഇതിൽ 800 കോടി. ബോർഡിനു വർഷങ്ങളായി ലഭിക്കാനുള്ള കുടിശികയാണ് 1900 കോടി.
സർക്കാർ സ്ഥാപനങ്ങളിൽ ജല അതോറിറ്റിയാണു കുടിശികയിൽ ഒന്നാം സ്ഥാനത്ത്. അതോറിറ്റിയുടെ 1300 കോടിയുടെ കുടിശിക സർക്കാർ ഏറ്റെടുത്തിരുന്നു. ഇതു ഗഡുക്കളായി ബോർഡിനു നൽകിക്കൊണ്ടിരിക്കുകയാണ്. ഈ തുക സർക്കാർ ഏറ്റെടുത്ത ശേഷവും ജല അതോറിറ്റിയുടെ പമ്പിങ് സ്റ്റേഷനുകളുടെ കറന്റ് ചാർജ് അടയ്ക്കുന്നില്ല. ഫ്യൂസ് ഊരിയാൽ ജലവിതരണം മുടങ്ങുമെന്നതിനാൽ അതിനും നിവൃത്തിയില്ല. ജല അതോറിറ്റിയുടെ പിന്നീടുള്ള കുടിശിക 600 കോടിയിലേറെ ആയി. മാസം 30 കോടി വീതം വർധിച്ചു കൊണ്ടിരിക്കുന്നു.
30–40 വർഷമായി പിരിച്ചെടുക്കാൻ സാധിക്കാത്ത കുടിശികയുണ്ട്. പൂട്ടിപ്പോയ വ്യവസായങ്ങൾ, നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, ബിഎസ്എൻഎൽ തുടങ്ങിയവയൊക്കെ പണം അടയ്ക്കാനുണ്ട്. പ്രതിസന്ധി നേരിടുന്ന സ്ഥാപനങ്ങളുടെ നിരക്ക് എങ്ങനെ ഈടാക്കുമെന്നതാണു തലവേദന.ലോക്ഡൗൺ സാവകാശം 31ന് അവസാനിക്കുന്നതിനാൽ ഈയിനത്തിലുള്ള കുടിശിക പിരിഞ്ഞു കിട്ടുമെന്നു പ്രതീക്ഷിക്കുന്നതായി ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള അറിയിച്ചു.