എങ്ങോട്ട്? കോൺഗ്രസിനു കരകയറാൻ വഴി തേടി നേതാക്കൾ
Mail This Article
തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽനിന്നു കരകയറാനുളള വഴികൾ കോൺഗ്രസ് തേടിത്തുടങ്ങി. നേതൃമാറ്റം എന്ന ആവശ്യം ചില നേതാക്കൾ ഉയർത്തി. എന്നാൽ അതിനുള്ള സാധ്യത ഉന്നത നേതാക്കൾ തളളി. തിരുത്തലുകൾ വേണ്ടിവരുമെന്നും നേതൃമാറ്റം ആലോചിക്കേണ്ട സമയമല്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഡൽഹിയിൽ വ്യക്തമാക്കി. കെപിസിസി തലത്തിൽ മാറ്റത്തിനു സാധ്യത കുറവാണെങ്കിലും ചില ഡിസിസികളിൽ അഴിച്ചുപണി വേണമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്.
കേരള കോൺഗ്രസിന്റെ ചേരിമാറ്റം പോലുള്ള രാഷ്ട്രീയ കാരണങ്ങൾ തോൽവിക്കു വഴിവച്ചെങ്കിലും സംഘടനാദൗർബല്യങ്ങൾ കോൺഗ്രസ് മറികടന്നേ തീരൂവെന്ന വികാരമാണു ശക്തം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, കാസർകോട് ജില്ലാ നേതൃത്വങ്ങൾക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ആക്ഷേപങ്ങളുണ്ട്.
മാസങ്ങൾ നീണ്ട കൂടിയാലോചനകൾക്കു ശേഷം നടത്തിയ കെപിസിസി ഭാരവാഹികളുടെ കൂട്ട നിയമനം ഉണ്ടാക്കിയ പ്രയോജനത്തെക്കുറിച്ചും ചിലർ ചോദിച്ചു തുടങ്ങി. ജനപ്രതിനിധികളായതിനെത്തുടർന്നു വി.കെ. ശ്രീകണ്ഠൻ (പാലക്കാട്), ഐ.സി. ബാലകൃഷ്ണൻ (വയനാട്), ടി.ജെ.വിനോദ് (എറണാകുളം) എന്നിവർ ഡിസിസി അധ്യക്ഷ പദം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും പകരക്കാരനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ ജില്ലകളിൽ പുതിയ പ്രസിഡന്റിനെ നിയമിക്കുന്നതിനൊപ്പം സംഘടനാതലത്തിൽ പിന്തള്ളപ്പെട്ട മറ്റു ജില്ലകളിൽ കൂടി മാറ്റം വേണമെന്ന അഭിപ്രായമാണു കെപിസിസി പരിഗണനയിൽ.
തോൽവിയുടെ പേരിൽ നേതൃത്വത്തിനെതിരെ പ്രമുഖർ വിമർശനവുമായി ഇറങ്ങിയതോടെ പൊട്ടിത്തെറിയിലേക്കു കാര്യങ്ങൾ എത്താതിരിക്കാനുള്ള കരുതൽ നടപടികളാണു നേതൃത്വം സ്വീകരിക്കുന്നത്. രാഷ്ട്രീയകാര്യ സമിതിക്കു മുൻപായി ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കെപിസിസി ആസ്ഥാനത്തു പ്രത്യേക ചർച്ച നടത്തി. ജോസ് കെ.മാണി വിഭാഗത്തെ കയ്യൊഴിഞ്ഞതു മധ്യ കേരളത്തിലുണ്ടാക്കിയ വൻ തിരിച്ചടി നേതാക്കളെ കൂടുതൽ അലട്ടുന്നു.
തദ്ദേശ തിരഞ്ഞെടുപ്പു വിലയിരുത്താൻ യുഡിഎഫ് നേതൃയോഗം നാളെ മൂന്നിനു കന്റോൺമെന്റ് ഹൗസിൽ ചേരും. മുന്നണിയിൽ അസ്വസ്ഥതകളും കോൺഗ്രസിനെതിരെ വിമർശനങ്ങളും ഉയരുന്ന പശ്ചാത്തലത്തിലാണു യോഗം.
കെ. സുധാകരൻ എംപി: പാർട്ടിയിൽ അടിമുടി മാറ്റം വേണം. വെൽഫെയർ പാർട്ടി വിവാദം തമ്മിലടി ഒഴിവാക്കേണ്ടതായിരുന്നു.
കെ. മുരളീധരൻ എംപി: അടച്ചിട്ട മുറിയിൽ ഏതാനും നേതാക്കൾ ചേർന്നു തീരുമാനമെടുക്കുന്ന രീതി അവസാനിപ്പിക്കണം. മുഖ്യമന്ത്രിയും മന്ത്രിമാരുമാകാൻ നിൽക്കുന്നവർ സംഘടന ദുർബലമാണെന്ന കാര്യം തിരിച്ചറിയണം.
രാജ്മോഹൻ ഉണ്ണിത്താൻ എംപി: പാർട്ടിയുടെ നേതൃനിരയാണു പ്രശ്നം. കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു. മൂല്യങ്ങളിൽ നിന്നു വ്യതിചലിച്ച് തിരഞ്ഞെടുപ്പു സഹകരണം ഉണ്ടാക്കി. നേതൃത്വത്തിനു സ്തുതിപാഠകരെ മാത്രം മതി എന്നതാണു സ്ഥിതി. എംപി സ്ഥാനം രാജിവയ്ക്കേണ്ടി വന്നാലും പാർട്ടി പുറത്താക്കിയാലും പറയാനുള്ളതു പറയും.
Content Highlights: Kerala local election: Congress