ADVERTISEMENT

കൊച്ചി ∙ സംസ്ഥാനത്തു ബിജെപിയുടെ സംഘടനാപ്രവർത്തനത്തിൽ ഏകോപനമില്ലെന്നു സംഘപരിവാർ സമന്വയ ബൈഠക്കിൽ വിമർശനം. തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎക്കു പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാതെ പോയത് ഇതിനാലാണെന്നും കുറ്റപ്പെടുത്തലുണ്ടായി.

സംഘപരിവാറിലെ എല്ലാ സംഘടനകളുടെയും പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ, സംഘടനാ സെക്രട്ടറിമാർ എന്നിവർ ബൈഠക്കിൽ പങ്കെടുത്തു. ബിജെപിയെ പ്രതിനിധാനം ചെയ്തു കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ഒ.രാജഗോപാൽ എംഎൽഎ, മുൻ അധ്യക്ഷന്മാരായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് തുടങ്ങിയവരും എത്തിയിരുന്നു.

തിരഞ്ഞെടുപ്പിൽ മികച്ച നേട്ടമുണ്ടാക്കിയെന്ന കണക്കാണു കെ.സുരേന്ദ്രൻ അവതരിപ്പിച്ചത്. സ്ഥാനാർഥി നിർണയത്തിൽ പോരായ്മകളുണ്ടായെന്നു വിമർശനമുണ്ടായി. ചിലയിടത്തെങ്കിലും ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർഥികളാക്കിയതു ഹിന്ദു ഐക്യവേദി പോലുള്ള വിഭാഗങ്ങളുടെ പിന്തുണ ഇല്ലാതാകാൻ ഇടയാക്കി.

സംസ്ഥാന പ്രസിഡന്റിന്റെ പ്രവർത്തന രീതികളോടുള്ള വിയോജിപ്പു പലരും ഉന്നയിച്ചു. പക്വതയില്ലായ്മയും വ്യക്തിവൈരാഗ്യവും പ്രസിഡന്റ് വച്ചുപുലർത്തുന്നു. തിരഞ്ഞെടുപ്പ‌ു പ്രചാരണ രംഗത്തു നിന്നു ശോഭ സുരേന്ദ്രനെപ്പോലെയുള്ള മുതിർന്ന നേതാവു വിട്ടുനിൽക്കുന്ന സാഹചര്യം ഒഴിവാക്കണമായിരുന്നു. പല സീറ്റിലും പരാജയപ്പെടാൻ ബിജെപിയിലെ അനൈക്യം കാരണമായെന്നും വിമർശനമുയർന്നു. 

നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത് ഒറ്റക്കെട്ടായി വേണമെന്നും ഇല്ലെങ്കിൽ വലിയ തിരിച്ചടിയാകും ഫലമെന്നും മുതിർന്ന ആർഎസ്എസ് നേതാക്കൾ മുന്നറിയിപ്പു നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com