ADVERTISEMENT

തിരുവനന്തപുരം ∙ ‘ഹാപ്പി ബർത്‌ഡേ’ എന്ന് ആശംസിച്ചാൽ പന്ന്യൻ രവീന്ദ്രൻ തിരിച്ചു ചോദിക്കും ‘എന്തിന്?’ 

ആ എന്തിന് എന്ന ചോദ്യത്തിനു രണ്ടുത്തരമുണ്ട്. 1. പന്ന്യൻ ജന്മദിനം ആഘോഷിക്കാറേയില്ല. അതുകൊണ്ട് എന്തിന് ആശംസിക്കണം? 2. ആശംസിക്കുന്ന നമ്മൾ ഉദ്ദേശിക്കുന്ന പ്രായമല്ല പന്ന്യന്.  സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാനായ പന്ന്യൻ രവീന്ദ്രന് ഒൗദ്യോഗിക രേഖകൾ പ്രകാരം ഇന്ന് 75 ആണു പ്രായം. എന്നാൽ, യഥാർഥത്തിൽ ഇപ്പോൾ വയസ്സ് 72 മാത്രം !

മകനെ പഠിപ്പിച്ചു വലിയ ആളാക്കണമെന്ന അമ്മ യശോധയുടെ ആഗ്രഹത്തിൽനിന്നാണ് ഇൗ പ്രായവ്യത്യാസത്തിന്റെ കഥ തുടങ്ങുന്നത്. നേരത്തേ പഠിക്കട്ടെ എന്നു കരുതി 3 വയസ്സായപ്പോഴേ സ്കൂളിൽ ചേർത്തു. അതിനായി ജനനത്തീയതി 3 വർഷം പിന്നിലേക്കു മാറ്റി. എന്നാൽ, മാസവും ദിവസവും കൃത്യമായി എഴുതി: ഡിസംബർ 22. 

ജന്മദിനമായി ഇന്നല്ല, ക്രിസ്മസ് ദിനമായ 25ന് ആണു പന്ന്യന്റെ വീട്ടിൽ കേക്കു മുറിക്കുക. അന്നാണ് കണ്ണൂരിൽ മണ്ണുകൊണ്ടുള്ള പഴയ വീടു തകർ‌ന്നപ്പോൾ പുതിയ വീട്ടിലേക്കു താമസം മാറ്റിയത്. 

പന്ന്യൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചു. വീട്ടിൽ ദാരിദ്ര്യമായി. കഷ്ടപ്പാടു മാറ്റാൻ ബീഡി തെറുപ്പുകാരനായി. ആറാം ക്ലാസിൽ പഠനവും അവസാനിച്ചു. 

കണ്ണൂരിൽ ശ്രീനാരായണ ഫുട്ബോൾ ടൂർണമെന്റ് നടക്കുമ്പോൾ ആകാശവാണിയിൽ അതെക്കുറിച്ച് ഒരു വിവരണം നടത്താൻ അവസരം കിട്ടി. അത് അമ്മ പോക്കറ്റ് റേഡിയോയിലൂടെ കേട്ടു. രാത്രി കെട്ടിപ്പിടിച്ച് അമ്മ പറഞ്ഞു. ‘ഇനി എനിക്കു ചത്താലും വിഷമമില്ല. നീ റേഡിയോയിൽ പറഞ്ഞല്ലോ’. അന്ന് തന്റെ പഞ്ചായത്തിൽ ആദ്യമായാണ് ഒരാൾ റേഡിയോയിൽ പറയുന്നതെന്നു പന്ന്യൻ ഓർക്കുന്നു. ‘പഞ്ചായത്തിൽനിന്ന് ആദ്യമായി എംപിയായതും ഞാൻ‌ തന്നെ. പുസ്തക വായനയിലൂടെയും ജനങ്ങളുമായി ഇടപെട്ടുമായിരുന്നു പിന്നീടുള്ള വിദ്യാഭ്യാസം.’’ 

നീണ്ടു വളർന്ന മുടി അടിയന്തരാവസ്ഥക്കാലത്ത് പൊലീസുകാർ വെട്ടാൻ‌ ശ്രമിച്ചതോടെ ഒരു വാശിക്കു തുടങ്ങിയ മുടിവളർത്തലാണ് ഇന്നു കാഴ്ചയിൽ പന്ന്യനെ വ്യത്യസ്തനാക്കുന്നത്. 44 വർഷത്തിനു ശേഷം ആദ്യമായി കാൻസർ രോഗികൾക്കായി കഴിഞ്ഞ വർഷം ആ മുടിയൊന്നു മുറിച്ചു. ഇപ്പോൾ എവിടെ മുടിമുറിക്കൽ ചടങ്ങുണ്ടെങ്കിലും ഉദ്ഘാടനം ചെയ്യാൻ‌ വിളിക്കും. മുടിമുറിച്ച് ഉദ്ഘാടനങ്ങൾ നടത്തി ആ പണിയും പഠിച്ചെന്നു പന്ന്യൻ. 

ലോക്സഭാംഗം, സിപിഐ സംസ്ഥാന സെക്രട്ടറി തുടങ്ങി ഒട്ടേറെ പദവികൾ വഹിച്ച പന്ന്യനാണ് കേരളത്തിൽനിന്നുള്ള ആദ്യത്തെ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ. പലവട്ടം പാർട്ടി ആവശ്യപ്പെട്ടിട്ടും മന്ത്രി പദവി മാത്രം അദ്ദേഹം സ്വീകരിച്ചില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com