ADVERTISEMENT

അലങ്കാരങ്ങൾ   അണിഞ്ഞ് ഒരു  കാൽപനിക നൃത്തവേദിയിൽ പദമൂന്നിയ നർത്തകി ഒടുവിൽ രോഷത്തിന്റെ ചോദ്യമുനകളുയരുന്ന ചടുലഭാവം ആടി വിടചൊല്ലുന്നു. അതായിരുന്നു സുഗതകുമാരിയുടെ കവിത.

പ്രണയഭാവങ്ങളും സഫലമാകാത്ത മോഹങ്ങളും ഒക്കെ നിറഞ്ഞ കാൽപനിക കവിതകളുടെ ലോകത്തേക്കാണ് ആ കവിത ആദ്യം പദമൂന്നിയത്. പാൽച്ചിരി കണ്ട് മൃതിയെ മറന്നുപോകുന്ന ‘പാവം മാനവഹൃദയ’ത്തെപ്പറ്റി അതു പാടിത്തുടങ്ങി. പൂർവ കവികളെ ആദരിച്ച് ആരാധിച്ചു. നഷ്ടങ്ങളെയും വിഷാദത്തെയും പുൽകി. എഴുത്തുകാരി രാജലക്ഷ്മിയുടെ മരണത്തെപ്പറ്റി എഴുതാനിരുന്നപ്പോൾ ആധുനികതയുടെ കറുത്ത മരണബോധത്തെപോലും ആലിംഗനം ചെയ്തു. 

തുടർന്ന് ‘പാതിരാപ്പൂക്കൾ’ എന്ന കവിതാ സമാഹാരത്തിലാണ് കൃഷ്ണഭാവങ്ങളിലേക്കു സുഗതകുമാരിയുടെ കവിത നീങ്ങുന്നത്. എന്നാൽ അതിൽ ഭക്തിക്കപ്പുറം രതിഭാവങ്ങളുടെ താളപ്പെരുക്കങ്ങൾ മേളിച്ചു. ‘കാളിയമർദ്ദന’ത്തിൽ ‘കുനിഞ്ഞതില്ലീ പത്തികൾ കണ്ണാ, കുലുങ്ങിയില്ലീ കരളിന്നും’ എന്നു പാടി കാമനയുടെയും ഓളങ്ങൾ സൃഷ്ടിച്ചു. പിന്നീട് ‘ഗജേന്ദ്രമോക്ഷം’ തുടങ്ങിയ കവിതകളിലൂടെ അത് ഭക്തിയുടെ സമ്പൂർണമായ അർച്ചനയായി മാറി. 

‘ഇരുൾച്ചിറകുകൾ’ എന്ന കാവ്യസമാഹാരം സുഗതകുമാരിയുടെ മാറിനടക്കലുകളുടെ ആരംഭമായി. മുൻപാതയിൽ സഞ്ചരിക്കുമ്പോഴും ആ കവിത ഗാന്ധിയെപ്പറ്റി വാചാലമായി. ധർമത്തെയും അതിന്റെ ച്യുതിയെപ്പറ്റിയും വ്യാകുലമായി. ആ യാത്ര പ്രകൃതിയുടെ തുടിപ്പുകളുമായി സ്വന്തം കവിതയെ ലയിപ്പിക്കുന്നതിനുള്ള തുടക്കമാകുകയായിരുന്നു. ‘രാത്രി മഴ’യിൽ ഭ്രാന്തിയായ യുവതിയെപ്പോലെ ചിലമ്പുന്ന മഴയിൽ മൃതിയും രോഗാതുരതയും ഒക്കെ ഉൾച്ചേരുന്നു. 

കൃത്യമായ രാഷ്ട്രീയ പ്രസ്താവനകൾ നടത്തിയിട്ടുണ്ട് സുഗതകുമാരി കവിതകളിൽ. 1979ൽ ഇന്ദിരാഗാന്ധിയെപ്പറ്റി ‘പ്രിയദർശിനി നിന്നെ സ്നേഹിച്ചു പണ്ടേ ഞങ്ങൾ, ഒരു വെൺപനിനീരായ് അച്ഛന്റെ മാറിൽ ചേരും കുരുന്നേ’ എന്ന് എഴുതി. അടിയന്തരാവസ്ഥയുടെ ഉദ്ദേശ്യശുദ്ധിയെപ്പറ്റി പുകഴ്ത്തി. 1985ൽ ഇന്ദിരയുടെ മരണത്തിൽ നൊന്തെഴുതിയ ‘പ്രിയദർശിനി നിനക്കുറങ്ങാമിനി ശാന്തം’ എന്ന വരികൾ ഒരു രാഷ്ട്രീയ വിലാപകാവ്യമാണ്. 

‘അമ്പലമണികൾ’ എന്ന സമാഹാരത്തിന്റെ കാലമാകുമ്പോഴാണ് ഈ കവിതകളുടെ അടുത്ത വേഷപ്പകർച്ച. പാരമ്പര്യത്തെയും വിശ്വാസത്തെയുമൊക്കെ കവിത ഉന്മേഷത്തോടെ സ്വീകരിക്കുന്നു. ഭക്തിയെ ഏറ്റവും വ്യക്തിപരമായ സമ്മോഹനാവസ്ഥയിൽ ചേർത്തു പിടിക്കുകയാണ് ‘കൃഷ്ണാ, നീയെന്നെയറിയില്ല’ എന്ന കവിത. പരാതിയും പരിഭവവുമൊക്കെ തുളുമ്പുന്ന ആ ആത്മഭാഷണം മലയാളം സ്നേഹപൂർവം സ്വീകരിച്ചു. ആ കവിതയ്ക്ക് ‘അറിയുന്നു ഗോപികേ നിന്നെ ഞാൻ...’ എന്നു തുടങ്ങി അയ്യപ്പപ്പണിക്കർ എഴുതിയ ‘ഗോപികാദണ്ഡകം’ എന്ന അനുധാവന കവിത സാഹിത്യലോകത്തു ചർച്ചയായി. 

‘കുറിഞ്ഞിപ്പൂക്കളും’ ‘കണിക്കൊന്ന’യും ‘തുലാവർഷപ്പച്ച’യും മലയാള കവിതയുടെ പരിസ്ഥിതിബോധത്തെ ആത്മാർഥതയുടെ ഉയരങ്ങളിൽ പ്രതിഷ്ഠിക്കുകയായിരുന്നു.‘സൈലന്റ‌്‌വാലി’ കവിതയിലെ ‘ഞാനൊന്നു കണ്ടുനിന്നോട്ടെ മതിവരെ’ എന്ന വരികൾ ആ വനനിരകൾക്കു  വേണ്ടിയുള്ള യുദ്ധപ്രഖ്യാപനമായിരുന്നു. ‘തുലാവർഷപ്പച്ച’യിലും ‘ദേവദാസി’യിലും  പ്രകൃതിയും സ്ത്രീ ശക്തിയും ഒന്നായി മാറി.  സ്ത്രീജീവിതാവസ്ഥകളെ സമൂഹത്തിനു നേർക്കുള്ള ക്രോധം നിറഞ്ഞ ചോദ്യങ്ങളായി കവി പരിഭാഷപ്പെടുത്തി തൊടുത്തുവിട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com