കവിയമ്മ
Mail This Article
ആറന്മുള വിമാനത്താവളത്തിനെതിരായ പ്രക്ഷോഭം കത്തിനിൽക്കുന്ന കാലം. അന്നു വിമാനത്താവളത്തിനുവേണ്ടി ചരടുവലിക്കുന്നവർ മാർ ക്രിസോസ്റ്റം തിരുമേനിയെ ചെന്നുകണ്ടു. അദ്ദേഹം അവരോടു പറഞ്ഞു: ‘‘എനിക്ക് ഇതിനെപ്പറ്റി ഒന്നും അറിഞ്ഞുകൂടാ. പക്ഷേ, സുഗതകുമാരി ടീച്ചർ പറയുന്നു, ഇതു പാടില്ലാ എന്ന്. അവർ ശരിയുടെ പക്ഷത്തേ നിൽക്കൂ. അതുകൊണ്ട് ഞാൻ നിങ്ങളോടൊപ്പമില്ല.’’
അതെ. എന്നും ശരിയുടെ പക്ഷത്തായിരുന്നു,സുഗതകുമാരി. മനുഷ്യത്വം എന്ന ബോധ്യമായിരുന്നു അതിന്റെ അളവുകോൽ. കാടിനുവേണ്ടിയും പച്ചപ്പിനുവേണ്ടിയും പുഴകൾക്കുവേണ്ടിയും പൊരുതിയത് അതെല്ലാം മനുഷ്യനെ ഗൗരവത്തോടെ ബാധിക്കുന്ന കാര്യങ്ങളായതിനാലാണ്. കേരളത്തെപ്പോലൊരു സംസ്ഥാനത്ത് രാഷ്ട്രീയത്തിനതീതമായി വിഷയങ്ങളെ സമീപിച്ചത്, മനുഷ്യത്വവും പച്ചപ്പു കരിയാത്തൊരു മനസ്സുമുള്ളതുകൊണ്ടായിരുന്നു. സുഗതടീച്ചറുടെ ഈ മനസ്സ് അറിയാവുന്നതുകൊണ്ടാണ് ആറന്മുള വിമാനത്താവളത്തിനെതിരായ പ്രക്ഷോഭത്തിനു മാർക്സിസ്റ്റുകാരും കോൺഗ്രസുകാരും ബിജെപിക്കാരുമെല്ലാം കൈകോർത്തിറങ്ങിയത്–ഒരുപക്ഷേ, അങ്ങനൊന്ന് കേരളത്തിലാദ്യം.
എല്ലും തോലുമായ കന്നാലികളെ അടിച്ചുകൂട്ടി ലോറികളിൽ ഞെക്കിക്കൊള്ളിച്ച്, തമിഴ്നാട്ടിൽനിന്നു കൊണ്ടുവരുന്നതിനെതിരെ നടപടിയെടുക്കാൻ സുഗതകുമാരി പലതവണ ജില്ലാ കലക്ടർമാരെ സമീപിച്ചപ്പോൾ ചിലർ ചോദിച്ചു: ‘ ഈ ടീച്ചർക്ക് എന്തിന്റെ കേടാ?’
കേടു ടീച്ചറിനല്ല, സമൂഹത്തിനാണെന്നു തിരിച്ചറിയാൻ പലരും വൈകി.
പണ്ടു സാഹിത്യ പരിപാടിയിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിലെത്തിയതായിരുന്നു സുഗതകുമാരി ടീച്ചറും സുകുമാർ അഴീക്കോടും ഒഎൻവി കുറുപ്പും. വഴിയോരത്തുനിന്നു മസാല പുരട്ടിയ ഒരു പേരയ്ക്ക വാങ്ങി ടീച്ചർ നൽകിയപ്പോൾ നിരസിച്ചുകൊണ്ട് അഴീക്കോടു പറഞ്ഞു, ‘വഴിയിൽനിന്നു കഴിക്കാനോ? നാണക്കേട്. ആദിവാസികളുടെകൂടെ ജീവിച്ച് സുഗതയ്ക്കും ആ ശീലമായിപ്പോയി’ എന്ന്.
ഒരളവുവരെ അതു സത്യംതന്നെയായിരുന്നു. നേരിട്ടുകണ്ട ജീവിതങ്ങളുടെ ആഴവും പരപ്പും തൊട്ടറിയാൻ ശ്രമിച്ചപ്പോഴെല്ലാം സുഗതടീച്ചർ അവരുടെ മനസ്സിനോടു ചേർന്നു നിന്നിരുന്നു. അതുകൊണ്ടാണു മലയാളികളുടെ മനസ്സിനു മുറിവേൽക്കുമ്പോഴൊക്കെ കണ്ണീരും ആത്മരോഷവുമായി ചാടിയിറങ്ങാൻ കവിമനസ്സ് തയാറായത്. ഈ വിഷയത്തിൽ സുഗതകുമാരി എന്താണു പറഞ്ഞത് എന്നു മലയാളി ആകാംക്ഷയോടെ തിരഞ്ഞത്.
പണ്ട്, ഒരു സാഹിത്യകാരൻ സുഗതടീച്ചറെ ആർഎസ്എസിന്റെ ഒളിപ്പോരാളി എന്നു പരിഹസിച്ചു. അന്നു സുഗതകുമാരി മറുപടി നൽകിയത് കവിത എഴുതിയാണ്. ദൈവവും ഗാന്ധിജിയുമാണു തന്നെ നയിക്കുന്നതെന്ന് ‘എനിക്കു രണ്ടാളേ ഗുരുക്കന്മാർ’ എന്നു തുടങ്ങുന്ന ആ കവിതയിലുണ്ട്,
കാൽപനിക ഭാവഗീതങ്ങളുടെ കവയിത്രി, മലയാളത്തിന്റെ പരിപോഷണത്തിനായി അവിശ്രാന്തം പരിശ്രമിച്ച ഭാഷാസ്നേഹിയുമായിരുന്നു.
കവിതചൊല്ലി വളർന്ന ബാല്യം
സുഗതകുമാരിയുടെ മാതാപിതാക്കൾ ധിഷണാശാലികളായിരുന്നു. നെയ്യാറ്റിൻകര താഴമംഗലത്ത് തറവാട്ടിലെ കേശവപിളള പുരോഗമന പ്രസ്ഥാനങ്ങളിലും സാംസ്കാരികരംഗങ്ങളിലും നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. നാരായണഗുരുദേവന്റെയും ചട്ടമ്പിസ്വാമികളുടേയും ശിഷ്യനായിരുന്ന അദ്ദേഹം പിന്നീട് ‘ബോധേശ്വരൻ’ എന്ന പേരു സ്വീകരിച്ചു. തിരുവനന്തപുരം വിമൻസ് കോളജ് സംസ്കൃതം അധ്യാപികയായിരുന്ന ആറൻമുള വാഴുവേലിൽ വി കെ കാർത്ത്യായനിയെയാണു ബോധേശ്വരൻ വിവാഹം ചെയ്തത്. ആറൻമുള പ്രദേശത്തെ ആദ്യ എംഎക്കാരിയായിരുന്ന കാർത്യായനി, ജസ്റ്റിസ് അന്നാചാണ്ടി, ക്യാപ്റ്റൻ ലക്ഷ്മി എന്നിവർക്കൊപ്പമാണു മദ്രാസിൽ പഠിച്ചത്. ഈ ദമ്പതികളുടെ മൂന്നു മക്കളും – ഹൃദയകുമാരി, സുഗതകുമാരി , സുജാതാദേവി അക്ഷരങ്ങളുടെ വഴിയിലൂടെ നടന്നു. അക്ഷരം പഠിക്കുന്നതിനു മുൻപേ കവിത പഠിച്ച ആ കുട്ടികളിൽ സർഗാത്മകതയുടെ പൂക്കൾ വിടരുകയായിരുന്നു.
കലാലയ കാലം
1952–56 കാലയളവിൽ യൂണിവേഴ്സിറ്റി കോളജ് ഫിലോസഫി ഓണേഴ്സ് വിദ്യാർഥിനിയായിരുന്നു സുഗതകുമാരി. സാറാതോമസ് സഹപാഠിയും അടുത്ത സുഹൃത്തുമായിരുന്നു. എഴുത്തുകാരുടെ ഒരു നിര തന്നെ അന്നത്തെ യൂണിവേഴ്സിറ്റി കോളജിലുണ്ടായിരുന്നു. പിൽക്കാലത്തു ഭർത്താവായ വേലായുധൻനായരെ സുഗതകുമാരി പരിചയപ്പെടുന്നത് കോളജിൽ വച്ചാണ്. അദ്ദേഹം അധ്യാപകൻ, സുഗത വിദ്യാർഥിനി. പക്ഷേ, സുഗതകുമാരിയെ പഠിപ്പിച്ചിട്ടില്ല. കോളജിൽവച്ച് പ്രണയമൊന്നുമില്ലായിരുന്നു. ഡൽഹിയിൽ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷന്റെ (എൻസിഇആർടിയുടെ മുൻരൂപം) തലവനായിരുന്ന കാലത്തു കുറേക്കാലം സുഗതയും ഡൽഹിയിയിരുന്നു താമസം. അന്നു ന്യൂഡൽഹിയിലെ ആശുപത്രിയിൽ ചിക്കൻപോക്സ് പിടിപെട്ടു കിടക്കുമ്പോൾ അദ്ദേഹം പകർന്നുനൽകിയ സ്നേഹത്തിന്റെ ഓർമയ്ക്കാണ് ‘അത്രമേൽ സ്നേഹിക്കയാൽ’ എന്ന കവിതയെഴുതിയത്.
അഭയമേകി അഭയ
തിരുവനന്തപുരത്തെ മാനസികാരോഗ്യകേന്ദ്രത്തിൽ സുഗതകുമാരി നടത്തിയ സന്ദർശനമാണ് 1985- ൽ ‘അഭയ’യുടെ പിറവിക്കു കാരണമായത്. സ്ത്രീകളുടെ സെല്ലുകളിൽ കണ്ട കാഴ്ചകൾ കവിമനസ്സിനെ ഉലച്ചു. സന്ദർശനദിനം വൈകുന്നേരം തന്നെ ‘അഭയ’ രൂപീകരിച്ചു. എംഎൽഎ ആയിരുന്ന കെ.വി.സുരേന്ദ്രനാഥായിരുന്നു പ്രസിഡന്റ്. ‘അഭയ വലിയൊരു പ്രസ്ഥാനമായി വളർന്നതോടെ പ്രതിഷേധ ജാഥകളും സമരങ്ങളും പൊതുതാൽപര്യ ഹർജിയുമെല്ലാമായി സുഗതകുമാരി സജീവമായി. മാനസികാരോഗ്യകേന്ദ്രങ്ങളെ മാനവീകരിക്കലായിരുന്നു ആദ്യ പോരാട്ടം. ജസ്റ്റിസ് നരേന്ദ്രൻ കമ്മിഷനിലൂടെ വിപ്ലവകരമായ പരിഷ്കാരങ്ങൾ നടപ്പിലായതും മാനസികാരോഗ്യനയം തന്നെ രൂപപ്പെട്ടതും ആദ്യ ജയം. ടിബറ്റിന്റെ ആത്മീയാചാര്യൻ ദലൈലാമയാണ് അഭയഗ്രാമത്തിനു തറക്കല്ലിട്ടത്. അഭയഗ്രാമം, കർമ, മിത്ര, ശ്രദ്ധാഭവനം, ബോധി, അഭയബാല, പകൽവീട് എന്നിങ്ങനെ പലശാഖകളിലായാണ് അഭയയുടെ പ്രവർത്തനങ്ങൾ.
കാടിന്റെ വിളി കേട്ട്...
ഉറുമ്പിനെ രക്ഷിക്കാൻ നോക്കുന്ന കുട്ടിയെപറ്റി ബാല്യകാലത്ത് ‘ചെറിയകുട്ടി മഴയത്ത്’ എന്ന കവിത എഴുതിയ സുഗതകുമാരിക്ക് ഓർമവച്ചകാലം മുതൽ പ്രകൃതിയോടും പക്ഷികളോടും വൃക്ഷങ്ങളോടും അതിരറ്റ സ്നേഹമായിരുന്നു. എം.കെ.പ്രസാദും കൂട്ടരും സൈലന്റ് വാലി സംരക്ഷണ സമിതി ഉണ്ടാക്കിയപ്പോൾ ആ മുന്നേറ്റത്തിൽ കൈകോർത്ത സുഗതകുമാരി പിന്നീട് സൈലന്റ്‌വാലി സമരത്തിന്റെ കുന്തമുനയായി മാറി. ‘പ്രകൃതി സംരക്ഷണ സമിതി’ എന്ന വലിയ പ്രസ്‌ഥാനത്തിന്റെ തുടക്കവും അവിടെയായിരുന്നു.എഴുത്തുകാർ പിന്തുണയുമായി അണിനിരന്നു അതിശക്‌തമായ എതിർപ്പിനെത്തുടർന്ന് 7 വർഷത്തിനു ശേഷം സൈലന്റ് വാലി പദ്ധതി ഉപേക്ഷിക്കപ്പെട്ടതോടെ ആ പ്രയത്നത്തിനു ഫലംകണ്ടു. പിന്നാലെ കേന്ദ്ര വനസംരക്ഷണ നിയമവും വന്നു. അന്നു പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഇച്ഛാശക്തിയാണ് സൈലന്റ് വാലിയെ രക്ഷിച്ചതെന്നു സുഗതകുമാരി പറഞ്ഞിട്ടുണ്ട്.
English Summary: Sugathakumari Life