ഓർത്തുവച്ച പിറന്നാളിൽ സ്വന്തം സച്ചി
Mail This Article
തൊടുപുഴ ∙ മരണത്തിനു മണിക്കൂറുകൾക്കു മുൻപും തന്നെ തീരാവേദനയിലേക്കു തള്ളിയിട്ട മറ്റൊരു വേർപാടായിരുന്നു അനിലിന്റെ മനസ്സ് നിറയെ. അയ്യപ്പനും കോശിയുമെന്ന ചിത്രത്തിൽ സിഐ: സതീഷെന്ന ശക്തമായ കഥാപാത്രം തനിക്കു സമ്മാനിച്ച സംവിധായകൻ സച്ചിയുടെ വേർപാടിനെക്കുറിച്ചാണ് അനിൽ അവസാനമായി തന്റെ ഫെയ്സ്ബുക്കിൽ എഴുതിയത്. കഴിഞ്ഞ ജൂൺ 18 നു അന്തരിച്ച സംവിധായകൻ സച്ചിയുടെ 48–ാം ജന്മദിനമായിരുന്നു ക്രിസ്മസ് നാൾ.
‘ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത്... ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ്ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ... ഷൂട്ടിനിടയിൽ ഒരു ദിവസം എന്റേതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കൻഡ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ? ഞാൻ പറഞ്ഞു ആയില്ല ആവാം.
ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം.... സിഐ സതീഷ് എന്ന കഥാപാത്രത്തെ സച്ചിച്ചേട്ടനെ നിരീക്ഷിച്ച് ഞാൻ അവതരിപ്പിച്ചതാണ്. സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോടു പറയാതെ അനുകരിക്കുകയായിരുന്നു’
ക്രിസ്മസ് ദിനത്തിൽ രാവിലെ 10.30 ന് ഈ വരികൾക്കൊപ്പം സച്ചിയുടെ ചിത്രത്തോടെയായിരുന്നു അനിലിന്റെ പോസ്റ്റ്. സച്ചിയുടെ നോവുന്ന ഓർമകളുമായി പങ്കുവച്ച പോസ്റ്റിനു കീഴിൽ അനിലിനും ആദരാഞ്ജലികൾ നിറഞ്ഞത് സമൂഹ മാധ്യമങ്ങളിലെ സങ്കടക്കാഴ്ചയായി.