ഡിജിപി ആർ. ശ്രീലേഖ വിരമിച്ചു
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ ആദ്യ ഐപിഎസ് ഉദ്യോഗസ്ഥ ആർ.ശ്രീലേഖ 33 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചു. കേരള പൊലീസിൽ ഡിജിപി പദവിയിലെത്തിയ ആദ്യ വനിത കൂടിയായ ശ്രീലേഖ ഫയർ ആൻഡ് റെസ്ക‍്യു സർവീസസ് ഡയറക്ടർ ജനറൽ സ്ഥാനത്തു നിന്നാണു വിരമിച്ചത്.
1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ ശ്രീലേഖ, കോട്ടയത്ത് എഎസ്പിയായിട്ടാണു സർവീസ് ആരംഭിച്ചത്. 1991ൽ കേരളത്തിലെ ആദ്യ വനിതാ എസ്പിയായി തൃശൂരിൽ ചുമതലയേറ്റു. വയനാട്, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽ എസ്പിയായി. പൊലീസ് ആസ്ഥാനത്ത് എഐജി, എറണാകുളം റേഞ്ച് ഡിഐജി, ക്രൈംബ്രാഞ്ച് ഡിഐജി, വിജിലൻസ് ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. സിബിഐ ഡപ്യൂട്ടി പൊലീസ് ഇൻസ്പെക്ടർ ജനറലായിരുന്നു.
ഗതാഗത കമ്മിഷണറായിരിക്കെ ‘സേഫ് കേരള’ പദ്ധതിക്കു തുടക്കമിട്ടു. ജയിൽ മേധാവിയായിരിക്കെ, തടവുകാരുടെ പുനരധിവാസത്തിനും ജയിൽ നവീകരണത്തിനുമായി പദ്ധതികൾ തുടങ്ങി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി രൂപം നൽകിയ ‘നിർഭയ’ പദ്ധതിയുടെ നോഡൽ ഓഫിസറായിരുന്നു. റബർ മാർക്കറ്റിങ് ഫെഡറേഷൻ, കേരള സ്റ്റേറ്റ് കൺസ്ട്രക്‌ഷൻ കോർപറേഷൻ, റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷൻ എന്നീ സ്ഥാപനങ്ങളുടെ എംഡിയായി പ്രവർത്തിച്ചു. വിശിഷ്ട സേവനത്തിനും സ്തുത്യർഹ സേവനത്തിനും രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ ലഭിച്ചു. പത്തിലേറെ പുസ്തകങ്ങൾ എഴുതി. നിലവിൽ ഐപിഎസ് അസോസിയേഷൻ പ്രസിഡന്റ് കൂടിയാണ്.
തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് സർജറി പ്രഫസർ ഡോ. എസ്.സേതുനാഥാണ് ഭർത്താവ്. മകൻ: എസ്. ഗോകുൽനാഥ്.