ആത്മാവിന്റെ നിറങ്ങൾ
Mail This Article
അജയ്യരെന്നു നാം നമ്മെക്കുറിച്ചു തന്നെ ഊറ്റംകൊണ്ടു. ആ അഹന്തയെയാണു കഴിഞ്ഞ വർഷം കോവിഡ് തല്ലിത്തകർത്തത്.
പുതുവർഷത്തിലേക്കു പ്രതീക്ഷയോടെ കടക്കുമ്പോഴും നമ്മുടെ യുദ്ധം അവസാനിച്ചിട്ടില്ല. ഈ യുദ്ധത്തിൽ നമ്മൾ ജയിക്കുമെന്ന കാര്യത്തിൽ സംശയമേ വേണ്ട; പക്ഷേ, എന്ന്, എപ്പോൾ എന്നതെല്ലാം നമ്മുടെ ഊർജം ചോർത്തുന്നുണ്ട്.
വിഷമ ഘട്ടങ്ങളിൽ അഭയവും ശാന്തതയും തേടി ഓരോ മനുഷ്യനും മടങ്ങാവുന്ന ഇടം, അവനവന്റെ തന്നെ ഉള്ളാണ് എന്നാണ് എന്റെ തോന്നലും അനുഭവവും. ആത്മാവിൽനിന്നു കണ്ടെടുക്കാവുന്ന ആഹ്ലാദങ്ങളും ധീരതയും ഏതു പ്രതിസന്ധിയെയും അതിജീവിച്ചു മുന്നോട്ടുപോകാനുള്ള കരുത്തു തരും. അപ്പോൾ, ചുറ്റിലും കാണുന്ന ഏത് ആവിഷ്കാരത്തിലും – പാട്ടാവട്ടെ, ചിത്രമാകട്ടെ, കാഴ്ചകളാകട്ടെ, സിനിമയാകട്ടെ – ആഹ്ലാദം കണ്ടെത്താനാകും.
കോവിഡിന്റെ വിഷാദനാളുകളിലും എത്ര വ്യത്യസ്തമായാണ് നമ്മൾ സ്വയം ആവിഷ്കരിക്കാൻ ശ്രമിച്ചത്; കോറിയിട്ട വരകളിലൂടെ, മൂളിയ പാട്ടുകളിലൂടെ, പകർത്തിയ ദൃശ്യങ്ങളിലൂടെയെല്ലാം നമ്മൾ നമ്മെത്തന്നെ പകർത്തി. അതിജീവനത്തിന്റെ വഴി സ്വയം തെളിച്ചെടുത്തു. നമ്മുടെ കലയിൽ അനുകമ്പയുടെ, സ്നേഹത്തിന്റെ, പ്രതീക്ഷയുടെ വെളിച്ചം നിറഞ്ഞു. ഇരുണ്ട കാലത്തിരുന്ന് നിറമുള്ള ലോകത്തെ അനുഭവിക്കാൻ ശ്രമിച്ചു.
അടച്ചിടപ്പെട്ടപ്പോൾ സാധ്യമായ മാർഗങ്ങളിലൂടെയെല്ലാം നമ്മൾ ലോകത്തോടു മിണ്ടി; അപ്പോൾ തിരിച്ചറിയുന്നു, നമ്മളെല്ലാം സംസാരിക്കുന്നത് പ്രത്യാശയുടെ ഒറ്റ ഭാഷയാണ്. ആ ഭാഷയിൽ പ്രകൃതിയെയും സഹജീവികളെയും അഭിനന്ദിക്കുന്നു, ശ്വാസമെടുക്കാൻ കഴിയുന്നതിനു പോലും നന്ദി പറയുന്നു.
‘യാഥാർഥ്യങ്ങളാൽ തടവിലാക്കപ്പെട്ടു, ഭാവനയാൽ സ്വതന്ത്രനായി’ എന്ന തലക്കെട്ടിലുള്ള ഒരു യുവ കലാകാരന്റെ ചിത്രങ്ങളെക്കുറിച്ചു വായിച്ചത് ഈയിടെയാണ്. ഈ ദുർഘട കാലഘട്ടത്തിൽ കലയെ ഇതിലേറെ ഉചിതമായി സംഗ്രഹിക്കാനാകില്ല.
കോവിഡ് വിട്ടൊഴിഞ്ഞു പോകും. നമ്മൾ സ്വതന്ത്രരാകും. ഈ കാലം കലയിലൂടെ സൃഷ്ടിച്ച അടയാളങ്ങൾ ബാക്കിയുണ്ടാകും. അവ, നമ്മുടെ സഹനത്തിന്റെ, അതിജീവനത്തിന്റെ, ആത്മാവിഷ്കാരത്തിന്റെ സാക്ഷ്യമായി എന്നും നിലനിൽക്കും.
2021ലേക്കുള്ള എന്റെ പ്രതീക്ഷയും അതു തന്നെ– കല, ഒരിക്കൽ കൂടി നമ്മുടെ ആത്മാവിനു ശബ്ദം നൽകട്ടെ.
(ചിത്രകാരിയായ സുറുമി ബെംഗളൂരുവിലാണു താമസം.പിതാവ് നടൻ മമ്മൂട്ടി)