ഗെയ്ൽ പൈപ്‌ലൈൻ സാർഥകമായപ്പോൾ അഭിമാനനേട്ടവുമായി ടോണി മാത്യു
Mail This Article
ചങ്ങനാശേരി ∙ കൊച്ചി-മംഗളൂരു വാതക പൈപ്‌ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചപ്പോൾ പ്രോജക്ടിനു ചുക്കാൻ പിടിച്ച ചങ്ങനാശേരി സ്വദേശി ടോണി മാത്യു(54)വിനും അഭിമാനനിമിഷം. ഗെയ്ൽ ജനറൽ മാനേജർ (പ്രോജക്ട്) ആയ ടോണി മാത്യു 2010 മുതൽ കൊച്ചി - മംഗളൂരു പദ്ധതിയുടെ ഭാഗമാണ്. മുംബൈ - നാഗ്പുർ - ജർസുഗുഡു പൈപ്‌ലൈൻ (1400 കിലോമീറ്റർ) പദ്ധതിയുമായി ബന്ധപ്പെട്ട് ഒഡീഷയിലായിരുന്ന ടോണി ഇന്നലെ കൊച്ചിയിൽ നടന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനായി എത്തിയിരുന്നു. ഇന്ന് ഒഡീഷയിലേക്കു മടങ്ങും. ഏറ്റവും കൂടുതൽ പൈപ്‌ലൈൻ പ്രോജക്ടുകളുടെ ഭാഗമായ ഗെയ്ൽ ഉദ്യോഗസ്ഥരിൽ ഒരാൾ കൂടിയാണു ടോണി.
വാഴപ്പള്ളി പുത്തൻപറമ്പിൽ പി.വി.മാത്യുവിന്റെയും മറിയാമ്മയുടെയും മകനായ ടോണി വാഴപ്പള്ളി സെന്റ് തെരേസാസിലും എസ്ബി ഹൈസ്കൂളിലുമായാണു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. എസ്ബി കോളജിൽ നിന്നു പ്രീഡിഗ്രിക്കു ശേഷം കോതമംഗലം എംഎ കോളജിൽ നിന്ന് എൻജിനീയറിങ് പാസായി. തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ആദ്യം ജോലി. തുടർന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ. പോണ്ടിച്ചേരി വിമാനത്താവള നിർമാണത്തിൽ പങ്കാളിയായി. 1992ൽ ഗെയ്‌ലിന്റെ ഭാഗമായി.
ഭാര്യ: മിനി ചങ്ങനാശേരി തൂമ്പങ്കൽ കുടുംബാംഗം. മക്കൾ: ഡോ.ഹാംലിൻ, എമിൽ. മരുമകൻ: ഡോ. ദീപക് ജോർജ്. മകന്റെ പഠന ആവശ്യവുമായി ബന്ധപ്പെട്ട് ടോണിയുടെ കുടുംബം കൊച്ചിയിലാണിപ്പോൾ താമസിക്കുന്നത്.
അഭിമാന പദ്ധതികൾ
ദെഹേജ്-വിജയ്പുർ (2 ഘട്ടങ്ങൾ), ദെഹേജ്-ഉറാൻ, പൻവേൽ-ധാബോൽ, മുംബൈ-പുണെ, മുംബൈ-ആർപിഎഫ്, വിജയ്പുർ-ദാദ്രി, ധാബോൽ-ബംഗളൂരു എന്നീ പൈപ്‌ലൈനുകളുമായി ബന്ധപ്പെട്ട ജോലികളിലും കാവേരി, കൃഷ്ണ–ഗോദാവരി നദീതടങ്ങളിലെ ഗെയ്ൽ പൈപ്‌ലൈനുകളുടെ ജോലികളിലും പങ്കാളിയായി. കൊച്ചി റീജനൽ ഗ്യാസ് മാനേജ്മെന്റ് സെന്റർ നിർമാണത്തിന്റെ എൻജിനീയറിങ് ചാർജ് വഹിച്ചതും ടോണിയാണ്.
‘കോട്ടയത്തും വരും സിറ്റി ഗ്യാസ്’
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ പദ്ധതി നടപ്പാക്കുന്നതിന്റെ ബിഡിങ് നടപടികൾ പുരോഗമിക്കുന്നതായി മനസ്സിലാക്കുന്നു. പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റെഗുലേറ്ററി ബോർഡിന്റെ ചുമതലയിലാണ് ഇതു പുരോഗമിക്കുന്നത്. അധികം വൈകാതെ നമ്മുടെ ജില്ലയിലും സിറ്റി ഗ്യാസ് പദ്ധതി പ്രതീക്ഷിക്കാം.
English Summary: Gail pipeline project: Proud moment for tony mathew